കൊച്ചി: ധനകാര്യമന്ത്രി അവതരിപ്പിച്ച കേരള ബജറ്റ് തൊഴില്‍ മേഖലയെ അവഗണിച്ചിരിക്കുകയാണെന്ന് സാമ്പത്തിക വിദഗ്ധന്‍ വി.കെ.പ്രസാദ്. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന തൊഴിലാളി പഠന ഗവേഷണകേന്ദ്രം കേരള ബജറ്റിനെ സംബന്ധിച്ച് സംഘടിപ്പിച്ച ചര്‍ച്ചയില്‍ സംസാരിക്കവെ വ്യവസായ മേഖലകളുടെ സംരക്ഷണത്തിനും വളര്‍ച്ചയ്ക്കും ആവശ്യമായ നടപടികളൊന്നും തന്നെ കേരളാ ബജറ്റില്‍ പ്രതിഫലിക്കുന്നില്ലെന്നും പ്രസാദ് പറഞ്ഞു.
സാമൂഹികമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് അനുഗുണമായ ബജറ്റാണ് ഇത്തവണത്തേതെന്ന് കെ.എം.മാണി സെന്റര്‍ ഫോര്‍ ബജറ്റ് സ്റ്റഡീസിന്റെ കോര്‍ഡിനേറ്റര്‍ ഡോ. സാബു തോമസ് വിലയിരുത്തി. പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള ക്ഷേമപദ്ധതികള്‍ക്ക് വേണ്ടത്ര പ്രാധാന്യം നല്‍കിയിട്ടുണ്ടെന്ന് ഡോ. സാബു തോമസ് അഭിപ്രായപ്പെട്ടു.
എഫ്എസിടി അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങള്‍ തകര്‍ച്ചയെ നേരിടുന്ന ഘട്ടത്തില്‍ പൊതുമേഖലാ വ്യവസായങ്ങളുടെ സംരക്ഷണത്തിനായി വേണ്ടത്ര തുക ബജറ്റില്‍ നീക്കിവച്ചിട്ടില്ലെന്ന് ബിഎംഎസ് സംസ്ഥാന ഖജാന്‍ജി വി.രാധാകൃഷ്ണന് പറഞ്ഞു.
ചര്‍ച്ചയില്‍ കേരള പ്രദേശ് ബാങ്ക് വര്‍ക്കേഴ്സ് ഓര്ഗനൈസേഷന് പ്രസിഡന്റ് വി.ബി.അനന്തനാരായണന്‍ വിഷയാവതരണം നടത്തി. ലേബര്‍ സ്റ്റഡി സെന്റര്‍ കോര്‍ഡിനേറ്റര്‍ അഡ്വ. നഗരേഷ്, ബിഎംഎസ് ജില്ലാ സെക്രട്ടറി ആര്.രഘുരാജ്, കൊച്ചിന് പോര്‍ട്ട് എംപ്ലോയീസ് സംഘ് ജനറല്‍ സെക്രട്ടറി വി.ജി.പത്മജം എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: