കാസര്‍കോട്: കേന്ദ്രത്തില്‍ പരസ്പരം വാരിപ്പുണരുന്ന സിപിഎമ്മിന്റേയും കോണ്‍ഗ്രസിന്റേയും പോര് കേരളത്തിലെ മാത്രം കൊടുങ്കാറ്റാണെന്ന് ബിജെപി മുന്‍ ദേശീയ അധ്യക്ഷന്‍ വെങ്കയ്യനായിഡു പറഞ്ഞു. ബിജെപി കാസര്‍കോട് ലോക്സഭാ മണ്ഡലം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിജെപി അധികാരത്തില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നാണ് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറയുന്നത്. ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്തും ഇടതുപക്ഷത്തിന്റെ ഈ ഇരട്ടത്താപ്പ് നാം കണ്ടതാണ്. കേരളത്തില്‍ പരസ്പരം പോരടിച്ച് കേന്ദ്രത്തില്‍ ഒന്നിക്കുന്ന ഇടത് വലത് മുന്നണികളുടെ അവസരവാദ നയം ജനാധിപത്യ വഞ്ചനയാണ്. സിപിഎമ്മിന് വോട്ടുചെയ്താല്‍ കോണ്‍ഗ്രസിനും, കോണ്‍ഗ്രസിന് വോട്ട് ചെയ്താല്‍ സിപിഎമ്മിനും വോട്ട് നല്‍കുന്നതിന് തുല്യമാണ്. ഈ വഞ്ചന ഇനിയും കേരളത്തിലെ ജനങ്ങള്‍ അനുവദിക്കരുത്.
രാജ്യം വില്‍ക്കുന്നവരേക്കാള്‍ നല്ലത് ചായ വിറ്റയാള്‍ പ്രധാനമന്ത്രിയാകുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യര്‍ മോദിക്കെതിരായി നടത്തിയ വിമര്‍ശനത്തെ പരാമര്‍ശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ഒരു പിന്നോക്കക്കാരന് പ്രധാനമന്ത്രിയാകുന്നത് കോണ്‍ഗ്രസിലെ ഗാന്ധികുടുംബത്തിലെ നേതാക്കള്‍ക്ക് സഹിക്കുന്നില്ല. മോദി ചെറുപ്പത്തില്‍ റെയില്‍വേ സ്റ്റേഷനില്‍ ചായ വിറ്റിരുന്ന ആളാണ്. മോദിയുടെ അമ്മ അടുത്ത വീടുകളില്‍ ജോലി ചെയ്തിരുന്നു.
ഇത്തരത്തിലുള്ള ഒരാള്‍ പ്രധാനമന്ത്രിയാകുമ്പോള്‍ നമ്മളിലൊരാള്‍ ആ സ്ഥാനത്തെത്തുന്നതിന് തുല്യമാണ്. എന്നാല്‍ പാവപ്പെട്ടവരിലൊരാള് പ്രധാനമന്ത്രിയാകുന്നത് കോണ്‍ഗ്രസ് അപമാനമായി കരുതുകയാണ്.
ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന കുടുംബാധിപത്യമാണ് കോണ്‍ഗ്രസിന്റെ മുഖമുദ്ര. പട്ടേലും സുഭാഷ്ചന്ദ്രബോസും ഉള്‍പ്പെടെയുള്ള ദേശസ്നേഹികള്‍ അവഗണിക്കപ്പെട്ടത് ഈ കുടുംബാധിപത്യം കാരണമാണ്. രാജ്യം കോണ്‍ഗ്രസിന്റെ കുടുംബ സ്വത്തല്ലെന്ന് നെഹ്റു കുടുംബം താമസിയാതെ മനസിലാക്കും. അതിന്റെ അലയൊലികളാണ് രാജ്യമെങ്ങും മുഴങ്ങുന്നത്. നരേന്ദ്രമോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ജനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞിരിക്കുന്നു. മോദിയെ വെല്ലാന്‍ പ്രാപ്തിയുള്ള നേതാക്കള്‍ പോലും ഇന്ന് കോണ്‍ഗ്രസിലില്ല. പരാജയഭീതി കാരണമാണ് കോണ്‍ഗ്രസ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തത്.
ആകാശത്തും (കോപ്ടര്‍ ഇടപാട്) അന്തരീക്ഷത്തിലും (ടുജി അഴിമതി), ഭൂമിതുരന്നും (കല്‍ക്കരി അഴിമതി) അഴിമതി നടത്താമെന്ന് തെളിയിച്ച കോണ്‍ഗ്രസ് സര്‍ക്കാരിനെ പുറത്താക്കി സദ്ഭരണവും വികസനവും മുന്നോട്ട് വയ്ക്കുന്ന ബിജെപിയെ അധികാരമേല്‍പ്പിക്കാന്‍ പ്രയത്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി.സുരേഷ്കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്, സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള.സി.നായ്ക്, ദേശീയ സമിതി അംഗം എം.സഞ്ജീവഷെട്ടി, സംസ്ഥാന സമിതി അംഗം പി.രമേശ്, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് കെ.രഞ്ജിത്ത്, കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരന്, മംഗലാപുരം മുന്‍ എംഎല്‍എ കുമ്പള സുന്ദര റാവു, യുവമോര്‍ച്ച അഖിലേന്ത്യാ സെക്രട്ടറി വികാസ്റായ് എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.കെ.ശ്രീകാന്ത് സ്വാഗതവും ജില്ലാ സെക്രട്ടറി എസ്.കുമാര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: