ആലപ്പുഴ: കുടുംബശ്രീക്ക് ബദലായി രൂപീകരിച്ച ജനശ്രീ അംഗങ്ങളുടെ സംഗമം ചെയര്മാന് എം.എം.ഹസന് തെരഞ്ഞെടുപ്പില്‍ സീറ്റ് ഉറപ്പിക്കാനുള്ള തന്ത്രത്തിന്റെ ഭാഗമെന്ന് കോണ്‍ഗ്രസില്‍ നിന്നുതന്നെ ആക്ഷേപം ഉയരുന്നു. നാളെ ആലപ്പുഴ ബീച്ചിലാണ് ജനശ്രീ മഹാസംഗമം. ജനശ്രീ കോണ്‍ഗ്രസിന്റെ പോഷകസംഘടനയല്ലെന്ന് പൊതുവേദികളില്‍ പ്രഖ്യാപിക്കുന്ന ഹസന് സ്വന്തം പോക്കറ്റ് സംഘടനയായി ഇതിനെ മാറ്റിയിരിക്കുകയാണെന്നും ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന് മുന്നില്‍ തന്റെ പിന്നിലെ ആള്‍ക്കൂട്ടത്തെ ബോധ്യപ്പെടുത്താനാണത്രെ ജനശ്രീയെ കരുവാക്കി സംഗമം നടത്തുന്നത്.
ഇതിന്റെ ഭാഗമായാണ് കേരളത്തിന്റെ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്കിനെ പരിപാടിയുടെ ഉദ്ഘാടകനായി നിശ്ചയിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പരിപാടിയുടെ ഉദ്ഘാടകനായി സര്‍ക്കാരിന്റെ ഔദ്യോഗിക ചുമതലകള്‍ ഒന്നും വഹിക്കാത്ത പാര്‍ട്ടിനേതാവിനെ നിശ്ചയിച്ചതും വിവാദമായിട്ടുണ്ട്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ മന്ത്രിസ്ഥാനം ഉറപ്പായിട്ടും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ ഹസന് പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു. നിയമസഭാ സീറ്റുകളുടെ കാര്യത്തില്‍ ദേശാടനപക്ഷിയെന്നാണ് ഹസന് കോണ്‍ഗ്രസില്‍ അറിയപ്പെടുന്നത്. ഒരു മണ്ഡലത്തില്‍ നിന്നും ഹസന് ജയിച്ചു കഴിഞ്ഞാല്‍ പിന്നീട് ആ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ജയിക്കില്ല. ഇത്തരത്തിലാണ് ഹസന്റെ പ്രവര്‍ത്തനമെന്നാണ് കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പുകളിലും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം തന്നെ തഴഞ്ഞാല്‍ കേന്ദ്രനേതൃത്വത്തിന്റെ പിന്തുണ ഉറപ്പിക്കാന്‍ പാവപ്പെട്ട ജനശ്രീ അംഗങ്ങളെ കെപിസിസി വൈസ് പ്രസിഡന്റു കൂടിയായ ഹസന് വെയിലുകൊള്ളിക്കുകയാണെന്ന് കോണ്‍ഗ്രസുകാര്‍തന്നെ ആക്ഷേപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: