തിരുവനന്തപുരം: നായര്‍-ഈഴവ ഐക്യമല്ല, നായാടി മുതല്‍ നമ്പൂതിരിവരെയുള്ള ഹൈന്ദവരുടെ ഐക്യമാണ് തന്റെ ലക്ഷ്യമെന്ന് വെള്ളാപ്പള്ളി നടേശന്. തിരുവിാതംകൂര്‍ ഈഴവ മഹാ സംഗമത്തില്‍ ശംഖുമുഖം കടല്‍ത്തീരത്ത് തടിച്ചുകൂടിയ ജനസാഗരത്തെ സാക്ഷിയാക്കി ഹൈന്ദവ ഐക്യത്തെക്കുറിച്ച് വിശദീകരിക്കുകയായിരുന്നു വെള്ളാപ്പള്ളി.
സംഘടിക്കുന്നത് ആരുടെയും സഹതാപത്തിനും കാരുണ്യത്തിനും വേണ്ടിയല്ല. പകരം അധികാരി വര്‍ഗ്ഗങ്ങള്‍ ഹൈന്ദവ സമൂഹത്തിന് മുന്നില്‍ അടച്ചിരിക്കുന്ന കണ്ണുകളും കാതുകളും തുറപ്പിക്കുവാനാണ്. സംഘടിക്കുന്നവര്ക്കാണ് ഇന്ന് അധികാരം ലഭിക്കുന്നത്. വളരെ കുറഞ്ഞ ശതമാനമേ ഉള്ളുവെങ്കിലും സംഘടിച്ചതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ അധികാരങ്ങളും അവകാശങ്ങളും കൈക്കലാക്കിയിരിക്കുന്നത്. നായര്‍ നശിച്ചാല്‍ കമ്യൂണിസ്റ്റാകും, ക്രിസ്ത്യാനി പിഴച്ചാല്‍ കമ്യൂണിസ്റ്റാകും, ഈഴവര്‍ ജന്മനാല് കമ്യൂണിസ്റ്റാണ് എന്നിട്ടും പോളിറ്റ്ബ്യൂറോ നേതാക്കള്‍ ഹൈന്ദവരെ തഴഞ്ഞ് പള്ളീലച്ചന്മാരുടെ കൈ ചുംബിച്ച് വോട്ടിനുവേണ്ടി നടക്കുന്നു. ഇടതു വലതു രാഷ്ട്രീയ പാര്‍ട്ടികളുടെ ലക്ഷ്മണരേഖ മറികടക്കുവാന്‍ സമുദായ അംഗങ്ങള്‍ക്കു കഴിയണം. ഇനി അവര്‍ക്കുവേണ്ടി വെട്ടാനും കൊല്ലാനും ഈഴവരടങ്ങുന്ന ഹൈന്ദവരെ കിട്ടില്ല. കേരളം ഭരിച്ച രാഷ്ട്രീയ നേതൃത്വങ്ങളാണ് നക്സലൈറ്റുകളെയും മാവോയിസ്റ്റുകളെയും സൃഷ്ടിക്കുന്നത്.
ഉള്ളവനും ഇല്ലാത്തവനും എന്ന അന്തരം സമൂഹത്തില്‍ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരിക്കുന്നു. ജീവിക്കുവാനുള്ള ഒരുതുണ്ട് ഭൂമിക്കുവേണ്ടി പിന്നാക്കക്കാര്‍ ജീവന്മരണ സമരം നടത്തുമ്പോള്‍ ആയിരക്കണക്കിനേക്കര്‍ മലയോര ഭൂമി ന്യൂനപക്ഷങ്ങള്‍ തീറെഴുതി എടുക്കുന്നു. ഇതില്‍ അസന്തുഷ്ടരായ ജനതയാണ് ആയുധം എടുക്കുന്നത്.
കേരളത്തിലെ ഭരണകര്‍ത്താക്കള്‍ ഈഴവസമൂഹത്തോട് കാട്ടിയ അവഗണന മറക്കുവാനും പൊറുക്കുവാനും കഴിയില്ല. ഇനിയും ഇവരുടെ കൊടിക്കീഴില്‍ നില്‍ക്കില്ല തങ്ങളുടെ രാഷ്ട്രീയ രാഷ്ട്രീയ അധികാരം ഉറപ്പിക്കുവാന്‍ ഏതറ്റംവരെ പോകുവാന്‍ എസ്എന്‍ഡിപി സജ്ജമാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ജാതിവിവേചനത്തിന്റെ പേരില്‍ നീതിനഷ്ടമായപ്പോള് രൂപംകൊണ്ട സംഘടനയാണ് എസ്എന്‍ഡിപി. അതുകൊണ്ട് ഈഴവര്‍ ജാതി പറയുന്നതില്‍ തെറ്റില്ല. ഇന്ത്യന്‍ ഭരണഘടന തന്നെ ജാതിവ്യവസ്ഥ അംഗീകരിച്ചുകൊണ്ടുള്ളതാണ്. ജാതിപറയരുതെന്ന് പറയുന്നവര്‍ ഈഴവര്‍ സംഘടിക്കരുതെന്ന് ഉദ്ദേശമുള്ളതുകൊണ്ടാണ്.
ഈഴവ-നായര്‍ ഐക്യത്തിന് വിള്ളല്‍വീഴുന്നത് തന്റെ കുറ്റംകൊണ്ടല്ല ദേവസ്വം ബില്ലിന്റെ കാര്യത്തില്‍ മുന്നോക്കക്കാരിലെ പിന്നാക്കക്കാര്‍ക്ക് കൂടുതല്‍ സംവരണം വേണമെന്ന എന്‍എസ്എസിന്റെ വാശി പിന്നാക്കക്കാരില്‍ അസംതൃപ്തി പടര്‍ത്തിയിട്ടുണ്ട്. തന്നോട് ചര്‍ച്ചചെയ്യാതെയാണ് ബില്ല് അംഗീകരിച്ചത്.
പിഎസ്സി നിയമനങ്ങളില്‍ പോലും ഈഴവര്‍ക്ക് വിവേചനമുണ്ട്. അതുകൊണ്ടാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ജാതിതിരിച്ചുള്ള ലിസ്റ്റുപ്രസിദ്ധീകരിക്കണമെന്ന് എസ്എന്‍ഡിപി കാലങ്ങളായി ആവശ്യപ്പെടുന്നത്. വേണ്ടിവന്നാല്‍ രണ്ടാം ഈഴവമെമ്മോറിയല്‍ കൊണ്ടുവരാനും തയ്യാറാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: