വൈക്കം: സ്കൂളില്‍ ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതിനിടെ 13 വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. വാര്‍വിന്‍ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ 13 കുട്ടികള്‍ക്കാണ് ഇന്നലെ ഭക്ഷ്യവിഷബാധയേറ്റത്. സിബിഎസ്ഇ പരിഷ്ക്കരിച്ച സിലബസ് പ്രകാരം നിലവില്‍വന്ന ഡ്രാഫ്റ്റ് ക്ലാസില്‍ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉണ്ടാക്കി കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
എട്ടാം ക്ലാസിലെ വിദ്യാര്‍ത്ഥികള്‍ നാല് ഗ്രൂപ്പുകളായിത്തിരിഞ്ഞ് ഷേയ്ക്ക്, പുഡിംഗ് എന്നിവയുണ്ടാക്കി. ഇതില്‍ രണ്ടു ഗ്രൂപ്പുകളുണ്ടാക്കിയ ഷേയ്ക്ക് കഴിച്ച വിദ്യാര്‍ത്ഥികള്‍ക്കാണ് ഭക്ഷ്യവിഷബാധയുണ്ടായത്. ഡ്രാഫ്റ്റ് ക്ലാസില്‍ കുട്ടികള്‍തന്നെ വീട്ടില്‍നിന്നു കൊ ണ്ടുവരുന്ന സാധനങ്ങള്‍ ഉപയോഗിച്ചാണ് ഷേയ്ക്കും പുഡിംഗും ഉണ്ടാക്കിയത്. പാല്, ഐസ്ക്രീം, ഓറിയ പൗഡര്‍, പഞ്ചസാര എന്നിവയുപയോഗിച്ചാണ് ഇത് തയ്യാറാക്കിയത്. രാവിലെ 10.30-ന് തയ്യാറാക്കിയ ഭക്ഷണം ഉച്ചയ്ക്ക് 12-നാണ് വിദ്യാര്‍ത്ഥികള്‍ കഴിച്ചത്. ഇതിനുശേഷം ഒന്‍പതു കുട്ടികള്‍ക്ക് ഛര്‍ദ്ദിലും വയറുവേദനയും ഉണ്ടായി. ഇവരെ ഉടന്‍തന്നെ വൈക്കം താലൂക്കാശുപത്രിയിലാക്കി. ഇതിനുശേഷം നാല് കുട്ടികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും ശാരീരിക ക്ഷീണം അനുവഭപ്പെട്ടു. ഇവരേയും പിന്നീട് താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥികളായ ഉദയനാപുരം നെല്ലിപ്പള്ളില്‍ വിഘ്നേഷ്, വടയാര്‍ നടുവിലേഴത്ത് ഗീതാഞ്ജലി, ചെമ്പ് ലക്ഷ്മി നിവാസില്‍ നിതിന്‍, ചാലപ്പറമ്പ് കുരിയപ്പുറത്ത് അഖില, എറണാകുളത്തുതുറ അതുല്‍രാജ്, തേജസില്‍ ലക്ഷ്മി, ശ്യാമാലയത്തില്‍ അനന്തകൃഷ്ണന്, തൈയില്‍ മിലു ബി. ജോയല്‍, ചെമ്മനത്തുകര മനോജ്മന്ദിരത്തില് രോഹിത്, വെച്ചൂര്‍ അശ്വതിഭവനത്തില്‍ ആതിര, കാരയില്‍ സെയ്ദ് നാസര്‍, വല്ലകം വാഴയില്‍ അലോഷ്, അധ്യാപികമാരായ നിഷ, ജയശ്രീ എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഭക്ഷണം പാകംചെയ്യാന്‍ കുട്ടികളെ തന്നെയേല്പ്പിച്ചതിനേയും ഇതിനുവേണ്ടി പ്രത്യേക മുറിയില്ലാത്തതിനേയും രക്ഷിതാക്കള്‍ പലരും ആശുപത്രിയില്‍ വച്ച് ചോദ്യംചെയ്തു. സ്കൂള്‍ വളപ്പിലെ കിണറിന്റെ അവസ്ഥയും ശോചനീയമാണെന്ന് പലരും ആശുപത്രിയിലെത്തിയ ജനപ്രതിനിധികളോട് പരാതിപ്പെട്ടു. കെ. അജിത്ത് എം.എല്‍.എ ഉള്‍പ്പെടെയുള്ള ജനകള്ക്കെതിരെ രക്ഷിതാക്കളുള്‍പ്പെടെയുള്ളവര്‍ രോഷം പ്രകടിപ്പിച്ചത് ഏറെ നേരത്തേയ്ക്ക് സംഘര്‍ഷത്തിന് കാരണമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: