കലയെ സ്നേഹിക്കുന്ന ഒരു ഗുരുവിനുള്ള ശിഷ്യയുടെ ദക്ഷിണയാണിത്… കലാമണ്ഡലം ഷര്‍മ്മിളയ്ക്ക് ഇതിലും വലിയ ദക്ഷിണ ഗുരുവിന് നല്കാനില്ല. കുട്ടിക്കാലം മുതല്‍ നൃത്തം അഭ്യസിച്ചിരുന്നെങ്കിലും ഓട്ടന്തുള്ളല് പഠിക്കാനായി കലാമണ്ഡലത്തില്‍ എത്തിയത് വെറുമൊരു ആഗ്രഹത്തിന്റെ പുറത്താണ്. 1998 മുതല്‍ 2005 വരെ കലാമണ്ഡലം ഗീതാനന്ദന്റെ കീഴില്‍ തുള്ളല്‍ അഭ്യസിച്ചു. പഠനം പൂര്‍ത്തിയായപ്പോള്‍ ഗുരു ശിഷ്യരോട് പറഞ്ഞതിങ്ങനെ.’എന്റെ ശിഷ്യരെല്ലാം പെണ്‍കുട്ടികളാണ്. പഠനം പൂര്‍ത്തിയാക്കിയാല്‍ എല്ലാവരും അവരുടെ വഴിക്ക് പോകും. തുള്ളലിനെ പ്രോത്സാഹിപ്പിക്കാനും ഈ രംഗത്ത് തുടരാനും ആരും തന്നെ ഉണ്ടാകില്ല. ഇതാണ് ഓട്ടന്‍തുള്ളലിന്റെ വിധി’. പഠനം പൂര്‍ത്തിയാക്കി വീട്ടിലേക്ക് മടങ്ങാനിരുന്ന ഷര്‍മ്മിള അന്നു തീരുമാനമെടുത്തു. ജീവിത യാത്രയില്‍ ഇനിമുതല്‍ ഓട്ടന്തുള്ളല് ഉണ്ടാകുമെന്ന്. ഗുരുവിനോടുള്ള ആദരവ് ഒന്നുകൊണ്ടുമാത്രമാണ് ഈ കലാകാരി അങ്ങനെയൊരു തീരുമാനമെടുത്തത്. അത് ഒരു തരത്തില്‍ ഗുരുദക്ഷിണ തന്നെയായിരുന്നു.
2000-ത്തില്‍ അരങ്ങേറ്റം കഴിഞ്ഞ അന്നു മുതല്‍ സ്റ്റേജ് പ്രോഗ്രാമുകള്‍ ചെയ്തു തുടങ്ങിയ ഷര്‍മ്മിള ഈ രംഗത്ത് 14 വര്‍ഷം പിന്നിടുകയാണ്. പാലക്കാട് ഷൊര്‍ണൂര്‍ സ്വദേശിയായ ഷര്‍മ്മിള ഇന്ന് പട്ടാമ്പിയുടെ മരുമകളാണ്. തുള്ളല്‍ പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള വലിയ പരിശ്രമത്തിലാണ് ഈ കലാകാരി. ക്ഷേത്ര ചടങ്ങുകള്‍ക്കു പുറമെ പല വേദികളിലും തുള്ളല്‍ അവതരിപ്പിക്കന്നുണ്ട്. സ്ത്രീകള്‍ അധികം കടന്നുവരാത്ത ഈ മേഖലയില്‍ തിരക്കേറിയ കലാകാരിയാണ് ഷര്‍മ്മിള. കേരളത്തിനകത്തും പുറത്തുമായി പരിപാടികള്‍ അവതരിപ്പിക്കുന്നതിനോടൊപ്പം 21 ശിഷ്യരേയും ഇവര്‍ തുള്ളല്‍ അഭ്യസിപ്പിക്കുന്നു. തുള്ളല്‍ പ്രസ്ഥാനത്തിന്റെ പ്രചാരം ലക്ഷ്യമിട്ടാണ്് സ്വന്തം അറിവ് കുട്ടികളിലേക്കും പകരുന്നത്.
വെറുമൊരു മത്സരത്തിന് മാത്രം പങ്കെടുക്കാനായി തുള്ളല്‍ പഠിപ്പിക്കുന്നതിനോട് താല്‍പ്പര്യമില്ലെന്ന് ഷര്‍മ്മിള പറയുന്നു.’രണ്ട് വര്‍ഷത്തെ തുടര്‍ച്ചയായ പഠനത്തിനുശേഷമാണ് തുള്ളല്‍ പഠനം പൂര്‍ത്തിയാകുന്നത്. അടവുകളും, കഥയും ഒക്കെ പഠിക്കണമെങ്കല്‍ ഇത്രയും കാലം വേണ്ടിവരും. എന്നാല്‍ കുട്ടികള്‍ വരുന്നത് മത്സരത്തില്‍ പങ്കെടുക്കാന്‍ മാത്രമാണ്. എന്നാല്‍ അവരെ നിരുത്സാഹപ്പെടുത്താറുമില്ല’- ഷര്‍മ്മിള പറഞ്ഞു.
മെയ് വഴക്കം ഏറെ വേണ്ട കലാരൂപമാണ് തുള്ളല്‍. ഇതിനു പുറമെ ചുവടുകള്‍ക്കൊപ്പം ശ്വാസമെടുത്ത് സ്വയം പാടിക്കളിക്കണം. നന്നേ ബുദ്ധിമുട്ടുണ്ടെങ്കിലും കലയോടുള്ള സ്നേഹം എല്ലാ പ്രതിസന്ധികളും തരണംചെയ്യാന്‍ ഈ കലാകാരിക്ക് കഴിയുന്നു. ഈ രംഗത്തേക്ക് സ്ത്രീകള്‍ കടന്നുവരാത്തത് വേദനാജനകമാണെങ്കിലും സ്വന്തം ശിഷ്യരില്‍ അധികവും പെണ്‍കുട്ടികളാണെന്ന് ഷര്‍മ്മിള അഭിമാനത്തോടെ പറയുന്നു.’ഗ്ലാമര്‍ ഇനങ്ങളായ ഭരതനാട്യം, കുച്ചുപ്പുടി, എന്നിവയൊക്കെ പഠിക്കാനും അത് മുന്നോട്ടുകൊണ്ടുപോകുവാനുമാണ് സ്ത്രീകള്‍ക്ക് ഏറെ ഇഷ്ടം. ഭാവിയില്‍ നല്ല വരുമാനം ലഭിക്കില്ല എന്നതുകൊണ്ടാണ് പലരും തുള്ളല്‍ രംഗത്ത് തുടരാത്തത്. രക്ഷിതാക്കള്‍ നിര്‍ബന്ധിച്ച് പഠിക്കാന്‍ ചേര്‍ക്കും, എന്നാല്‍ പഠിച്ചുകഴിഞ്ഞാല്‍ അവര്‍ മറ്റ് മേഖലകള്‍ തിരഞ്ഞെടുക്കും.’
പെണ്ണായതുകൊണ്ട് തന്റെ പ്രകടനങ്ങളെ ആരും തഴയാറില്ല. എല്ലാവര്ക്കും പരിപാടി കാണാന്‍ താല്‍പ്പര്യമാണെന്നും ഷര്‍മ്മിള പറയുന്നു. ഉപാസന എന്ന സ്വന്തം കലാസമിതിയുടെ കീഴിലാണ് ഇവര്‍ പരിപാടികള്‍ക്കു പോകുന്നത്. 22,000-ത്തോളം രൂപയാണ് ഒരു പരിപാടിക്ക് ചെലവായി വരുന്നത്. ഇത്തരം പല പ്രതിസന്ധികള്‍ക്കുമൊടുവിലാണ് ഈ കലാകാരി അരങ്ങിലെത്തുന്നത്. മൂന്നരവയസുള്ള മകന് ദേവദത്തനേയും പരിപാടികള്‍ക്ക് ഒപ്പം കൂട്ടാറുണ്ട്.
തുള്ളലിനോടുള്ള അടങ്ങാത്ത ആവേശം ഈ കലാകാരിയെ പല പരീക്ഷണങ്ങളിലും എത്തിച്ചു. തുള്ളലിന്റെ തനത് ശൈലി കൈവിടാതെ വ്യത്യസ്തമായൊരു പരീക്ഷണമായിരുന്നു അത്. ഓട്ടന്‍ തുള്ളലിന്റെ ഐതിഹ്യം അരങ്ങിലെത്തിച്ചായിരുന്നു ആ ചുവടുവെയ്പ്പ്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഇടപ്പള്ളി ചങ്ങമ്പുഴ പാര്‍ക്കില്‍വെച്ച് നടന്ന പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചാക്യാര്‍- നമ്പ്യാര്‍ സമുദായങ്ങളെക്കുറിച്ച് വിശദമായി പഠിച്ചായിരുന്നു പരിപാടി അരങ്ങിലെത്തിച്ചത്. പാട്ടും, കഥയും ഒക്കെ എഴുതി ചിട്ടപ്പെടുത്തിയത് ഷര്‍മ്മിള തന്നെയായിരുന്നു. ഇതതെല്ലാം ഒരു നിമിത്തമാണെന്ന് ഷര്‍മ്മിള പറയുമ്പോഴും തുള്ളലിന്റെ ഉല്‍പ്പത്തിയെ ആസ്വാദകരില്‍ എത്തിക്കുക എന്നതായിരുന്നു പരിപാടിയുടെ ഉദ്ദേശ്യം. ഒമ്പത് മാസംകൊണ്ടാണ് ഇതെല്ലാം ചിട്ടപ്പൈടുത്തിയെടുത്തത്. തുള്ളല്‍ അവതരണവും, പഠനവുമൊക്കെ ജീവിതചര്യയായി മുന്നോട്ടു കൊണ്ടുപോകുന്നതിനിടയിലും തുള്ളല്‍ പ്രസ്ഥാനത്തിന്റെ പ്രചാരത്തിനായി ഉപാസന സെന്റര്‍ ഫോര്‍ തുള്ളല്‍ സ്റ്റഡീസ് എന്ന സ്ഥാപനവും ഷര്‍മ്മിളയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2003-മുതല്‍ പ്രവര്‍ത്തനം ആരംഭിച്ച സെന്ററിന്റെ ആസ്ഥാനം പാലക്കാടാണെങ്കിലും എല്ലായിടത്തും വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് ഈ കലാകാരി. തുള്ളലുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും, ക്ലാസുകളും ഒക്കെ ഇവിടെ നിന്ന് ലഭിക്കും.
‘എത്രയൊക്കെ തിരക്കിലായാലും, ഓട്ടന്‍ തുള്ളലിനെ ഉപേക്ഷിക്കില്ല. പാരമ്പര്യകലയെ സംരക്ഷിക്കാന്‍ ഇന്ന് ആരും ഇല്ല. ഇനിയുള്ള കാലം ഈ കലയെ പ്രോത്സാഹിപ്പിക്കും. മറ്റ് കലാരൂപങ്ങളെപ്പോലെ ഈ രംഗത്ത് വ്യത്യാസങ്ങളോ, പഠനങ്ങളോ വന്നിട്ടില്ല. കൃതികളില്‍ വ്യത്യാസം വരാന്‍ സാധ്യതയില്ലെങ്കിലും പുതിയ പരീക്ഷണങ്ങള്‍ നടത്താനുള്ള ഒരുക്കത്തിലാണ്. പല ഭാഗത്തും പല തരത്തിലുള്ള തുള്ളലുകളാണ്, എന്നിരുന്നാലും പാരമ്പര്യകലാരംഗത്ത് നിലനില്‍ക്കുന്ന എല്ലാവരും ഒന്നിച്ച് പൊതുവായ ഒരു ശൈലി കൊണ്ടുവരണം. കലാമണ്ഡലത്തിന്റെ ശൈലി പ്രചരിപ്പിക്കണമെന്നാണ് ആഗ്രഹം- ഷര്‍മ്മിള പറഞ്ഞു. കലാപരമായി യാതൊരു പാരമ്പര്യവും ഇല്ലാത്ത ഒരു കുടുംബത്തിലേക്കാണ് ഷര്‍മ്മിള കടന്നുചെന്നതെങ്കിലും ഭര്‍ത്താവ് ഷൈജുവും ബന്ധുക്കളും പൂര്‍ണപിന്തുണയുമായി ഒപ്പമുണ്ട്. 14 വര്‍ഷത്തെ കലാസപര്യക്കുള്ള അംഗീകാരവും അടുത്തിടെ ഇവരെ തേടിയെത്തി. ഗുരുവായൂര്‍ ക്ഷേത്രസംരക്ഷണ സമിതിയുടെ പി.എം.ആര്.നാരായണന് മാസ്റ്റര്‍ പുരസ്കാരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഈ കലാകാരി….
പ്രതികരിക്കാൻ ഇവിടെ എഴുതുക: