ന്യൂദല്‍ഹി: പൊതു തെരഞ്ഞെടുപ്പിലെ പരാജയ ഭീതിയും കേന്ദ്രസര്‍ക്കാരിനെതിരായ ജനവികാരവും യുപിഎയിലെ സഖ്യകക്ഷികളെ കോണ്‍ഗ്രസില്‍ നിന്ന് അകറ്റുന്നു. നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ടു പോകുന്ന ബിജെപി നയിക്കുന്ന എന്‍ഡിഎ സഖ്യത്തിലേക്കടുക്കാനുള്ള സജീവരാഷ്ട്രീയ നീക്കങ്ങളാണ് വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നടക്കുന്നത്.
യുപിഎയില്‍ അവശേഷിക്കുന്ന പ്രധാന കക്ഷികളായ എന്‍സിപിയും നാഷണല്‍ കോണ്‍ഫറന്‍സും യുപിഎ സര്‍ക്കാരിനെ തള്ളിപ്പറഞ്ഞ് നരേന്ദ്രമോദിയോട് അടുക്കുന്നത് കോണ്‍ഗ്രസ് കേന്ദ്രങ്ങളെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ പ്രധാന സഖ്യകക്ഷിയും ലോക്സഭയില്‍ ഒമ്പതംഗങ്ങളുമുള്ള ശരത് പവാറിന്റെ എന്‍സിപി എന്‍ഡിഎയോട് അടുക്കുന്നതാണ് കോണ്‍ഗ്രസിനെ ഏറ്റവുമധികം വിഷമവൃത്തത്തിലാക്കിയിരിക്കുന്നത്.
ഗുജറാത്ത് കലാപത്തില്‍ മോദിക്ക് പങ്കില്ലെന്ന് കോടതികള്‍ വ്യക്തമാക്കിയതാണെന്ന് കലാപത്തേപ്പറ്റിയുള്ള രാഹുലിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ട് എന്‍സിപി നേതാവും കേന്ദ്രമന്ത്രിയുമായ പ്രഫുല്‍ പട്ടേല്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ശരദ് പവാറിന്റെ പൂര്‍ണ്ണ പിന്തുണയില്ലാതെ പ്രഫുല്‍ പട്ടേല്‍ ഇത്തരത്തില്‍ രാഹുലിനെതിരെ പ്രതികരണം നടത്തില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍സിപി സഖ്യത്തിന് ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വരുമെന്ന സര്‍വ്വേ റിപ്പോര്‍ട്ടുകളാണ് പവാറിന്റെ മനംമാറ്റത്തിനു കാരണം.
ജമ്മു കാശ്മീരില്‍ കോണ്‍ഗ്രസ്- നാഷണല്‍ കോണ്‍ഫറന്‍സ് സഖ്യവും തകര്‍ച്ചയിലേക്കാണ് പോകുന്നത്. ഒമര്‍ അബ്ദുള്ള ഏതു സമയവും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കുമെന്ന് കേന്ദ്രമന്ത്രി ഫാറൂഖ് അബ്ദുള്ള വ്യക്തമാക്കിക്കഴിഞ്ഞു. ഒമറിനു പിന്നാലെ തന്റെ രാജിയും ഉണ്ടായേക്കുമെന്ന സൂചനകളും ഫാറൂഖ് അബ്ദുള്ള നല്കുന്നു. ഇരു പാര്‍ട്ടികളും ഒരുമിച്ചു തെരഞ്ഞെടുപ്പിനെ നേരിടാന്‍ സാധ്യത കുറവാണെന്നാണ് ഫാറൂഖ് അബ്ദുള്ള പറയുന്നത്.
മുഷ്ഠാഖ് ഗനായ് റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായ ഭിന്നതകളുടെ പേരിലാണ് സഖ്യത്തിലെ ഭിന്നിപ്പെങ്കിലും വാജ്പേയി സര്‍ക്കാരില്‍ എന്‍ഡിഎ സഖ്യകക്ഷിയായിരുന്ന നാഷണല്‍ കോണ്‍ഫറന്‍സ് പഴയ സഖ്യത്തിലേക്ക് മടങ്ങിയെത്തുന്നതിനുള്ള സാധ്യതകളും ആരായുന്നുണ്ട്. നരേന്ദ്രമോദിയോടുള്ള നിലപാടുകള്‍ മയപ്പെടുത്തി കുറച്ചു നാളായി ഒമര്‍ അബ്ദുള്ള നടത്തുന്ന പ്രതികരണങ്ങള്‍ ഇതിന്റെ ഭാഗമാണ്.
ഒന്നാം യുപിഎയിലെ സഖ്യകക്ഷിയായിരുന്ന വൈക്കോയുടെ എംഡിഎംകെ ദേശീയ ജനാധിപത്യ സഖ്യത്തിലേക്കെത്തുന്നതിനു മുന്നോടിയായി ബിജെപി ദേശീയ അദ്ധ്യക്ഷന്‍ രാജ്നാഥ്സിങ്ങുമായി വൈക്കോ ഇന്നലെ ചര്‍ച്ച നടത്തി. ഒന്നാം യുപിഎയുടെ ഭാഗമായിരുന്ന പിഎംകെയും കോണ്‍ഗ്രസ് മുന്നണി വിട്ട് ജയലളിതയുടെ എഐഎഡിഎംകെയുടെ ഭാഗമായി മാറുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്.
ഝാര്‍ഖണ്ഡില്‍ ജെഎംഎം എംഎല്‍എമാര്‍ കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്നും വിട്ടുപോകുന്നതിനേപ്പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചതും കോണ്‍ഗ്രസിന് തിരിച്ചടിയാണ്. രാഹുല്‍ഗാന്ധിയുടെ പ്രാപ്തിയില്ലായ്മ കൂടുതല്‍ ബോധ്യമാകുന്നതോടെയാണ് സഖ്യകക്ഷികള്‍ യുപിഎ വിട്ടു പോകാനൊരുങ്ങുന്നതിന്റെ കാരണമെന്ന വിലയിരുത്തലിലാണ് രാഷ്ട്രീയ നിരീക്ഷകര്‍.
എസ്. സന്ദീപ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: