എരുമേലി: സര്ക്കാര്തലങ്ങളുടെ മറ്റുപദ്ധതികള്‍ ചെയ്യേണ്ടിവരുന്ന അമിതജോലിയില് പ്രതിഷേധിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ സമരത്തിനൊരുങ്ങുന്നു. ഫെബ്രുവരി 1 ന് സൂചനാപണിമുടക്കും, 2 മുതല്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കുന്നതിനുമാണ് ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്.
ജനകീയാസൂത്രണ പദ്ധതികള്‍ വന്നതിനുശേഷം വെറ്ററിനറി ഡോക്ടര്‍മാരുടെ ജോലിഭാരവും വര്‍ദ്ധിച്ചുവെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ പദ്ധതികള്‍ കൂടാതെ ജനകീയാസൂത്രണ നിര്‍വ്വഹണ ഉദ്യോഗസ്ഥനെന്ന നിലയില്‍ തദ്ദേശ സ്ഥാപനങ്ങളുടെ മൃഗസംരക്ഷണ പദ്ധതികള്‍, കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള ആര്‍കെവിവൈ, കുട്ടനാട് പാക്കേജ്, വിദര്‍ഭാ മോഡല്‍ പാക്കേജ്, ഇടുക്കി പാക്കേജ്, പശ്ചിമഘട്ട പാക്കേജ് എന്നിവയും മറ്റു വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന ആത്മ പോലുള്ള പദ്ധതികളും സമയബന്ധിതമായി നടപ്പാക്കേണ്ട ഉത്തരവാദിത്വം വെറ്ററിനറി ഡോക്ടര്‍മാര്‍ക്കാണ്.
പദ്ധതികള്‍ നടപ്പാക്കാന്‍ സഹായിക്കാന്‍ ഒരു ക്ലര്‍ക്ക് പോലുമില്ലാതെ ഡോക്ടര്‍മാരും ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍, അറ്റന്‍ഡര്‍, താത്കാലിക തൂപ്പുകാര്‍ എന്നിവര്‍ പദ്ധതികള്‍ നടത്താന്‍ നെട്ടോട്ടമോടുകയാണെന്നും സമരപ്രഖ്യാപനത്തില്‍ ചൂണ്ടിക്കാട്ടുന്നു. മൃഗചികിത്സ, പദ്ധതിനിര്‍വ്വഹണം എന്നിവ പ്രത്യേക വിഭാഗങ്ങളായി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് 2012ല്‍ വെറ്ററിനറി ഡോക്ടര്‍മാരുടെ സംഘടനകള്‍ സര്‍ക്കാരിന് മാര്‍ഗ്ഗരേഖ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍തന്നെ നിയോഗിച്ച റിട്ട.അണ്ടര്‍സെക്രട്ടറി ഗീതപോറ്റി കമ്മീഷനായി തെളിവെടുപ്പ് നടത്തി റിപ്പോര്‍ട്ടും നല്കി. ഇതനുസരിച്ച് പുറത്തിറക്കിയ ആശ്വാസകരമായ ഉത്തരവ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ രഹസ്യനീക്കങ്ങളാരംഭിച്ചതായും അസോസിയേഷന് ആരോപിക്കുന്നു.
ആത്മ പദ്ധതിയില്‍ ഡയറക്ടര്‍മാരായ പതിനാലോളം പേരെ നിയമിച്ചപ്പോള്‍ ആനുപാതികമായി മൃഗസംരക്ഷണ വകുപ്പില്‍ തസ്തിക നികത്താന്‍ തയ്യാറായിട്ടില്ല. സൂചനാപണിമുടക്ക് നടത്തുന്ന ഫെബ്രുവരി 1, 2 ദിവസങ്ങളില്‍ ഡോക്ടര്‍മാരുടെ പ്രാഥമിക ജോലിയായ മൃഗചികിത്സ നടത്തും. എന്നാല്‍ മറ്റ് ജോലികളില്‍ നിന്നും വിട്ടു നില്‍ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: