തിരുവനന്തപുരം: അന്നാഹസാരെ ഇന്ന് ജീവിച്ചിരിക്കുന്ന ഗാന്ധിജിയാണെന്ന് ആര്‍ട്ട് ഓഫ് ലീവിംഗ് ആചാര്യന് ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. ഗാന്ധിജിയുടെ പാരമ്പര്യം സംരക്ഷിക്കുന്നതിനും അനീതിക്കുമെതിരെ സത്യഗ്രഹവും ഉപവാസവും അനുഷ്ടിച്ച് 25 വര്‍ഷത്തിലധികം പോരാടുന്ന മഹാനാണ് അന്നാഹസാരെ എന്ന് അദ്ദേഹം പറഞ്ഞു.
മീഡിയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഗാന്ധിദര്‍ശന്‍ പുരസ്കാര സമര്‍പ്പണവും ഗ്ലോബല്‍ ഗാന്ധിസം കാമ്പയിന് ഉദ്ഘാടനവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു ശ്രീ ശ്രീ രവിശങ്കര്‍. നമ്മുടെ പ്രവര്ത്തിശുദ്ധമായാല് മനസ്സ് ശുദ്ധമാകും. പ്രവര്‍ത്തിയില്‍ വേഗതയുണ്ടാകും. നമ്മള് സുവര്‍ണ മനസുള്ളവരാകണം. പ്രകൃതി വിഭവങ്ങളുടെ കലവറയാണ് കേരളം. പക്ഷേ ആ വിഭവങ്ങള്‍ കേരളീയര്‍ വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ല. യുവാക്കള്‍ അവരുടെ മാനവവിഭവശേഷി രാഷ്ട്രപുരോഗതിക്കായി പ്രജോയനപ്പെടുത്തണം.
ഗാന്ധിജി ഒരിക്കല്‍ ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ ട്രെയിനിന്റെ ഒരു ബോഗി ഇളകിമാറി അപകടാവസ്ഥയിലായിരുന്നപ്പോഴും അദ്ദേഹം ശാന്തനായിരുന്നു. മറ്റുള്ളവര്‍ പരിഭ്രാന്തരായപ്പോള്‍ അദ്ദേഹം പറഞ്ഞത് എന്തായാലും നമ്മള് മരിക്കും. പക്ഷേ അതിനിടയിലെ സമയം നഷ്ടപ്പെടുത്തരുത് എന്നായിരുന്നു. അദ്ദേഹത്തെപ്പോലെ കര്മ്മയോഗികളായിരിക്കണം നമ്മള്. എന്നാല്‍ നമ്മെ ഒരു ദുരന്തവും സ്വാധീനിക്കില്ല. പുരസ്കാരങ്ങള്‍ ലഭിക്കുമ്പോള്‍ നാം രാഷ്ട്രത്തോടു കൂടുതല്‍ വിധേയരാകണം. ഐക്യത്തിനും ആത്മീയതയ്ക്കുംവേണ്ടി ഗാന്ധിജിയെപ്പോലെ പോരാടണം. യുവാക്കള്‍ രാഷ്ട്രത്തിനുവേണ്ടി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും രവിശങ്കര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: