ന്യൂദല്‍ഹി: മുസ്ലീംക്ഷേമത്തിനായി പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുന്ന കേന്ദ്രസര്‍ക്കാരിനെതിരെ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ പ്രസംഗം തടസ്സപ്പെടുത്തി ന്യൂനപക്ഷ നേതാവിന്റെ പ്രതിഷേധം. ദേശീയ വഖഫ് ബോര്‍ഡ് കോര്പ്പറേഷന് യോഗത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് മുസ്ലീം സാമൂഹ്യ പ്രവര്‍ത്തകനായ ഫഹീം ബയിഗ് പ്രതിഷേധിച്ചത്. യുപിഎ സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുകയാണെന്നും ന്യൂനപക്ഷങ്ങള്‍ക്കായി യാതൊന്നും ചെയ്യുന്നില്ലെന്നുമായിരുന്നു ഫഹീമിന്റെ ആക്ഷേപം.
ബഹളത്തെ തുടര്‍ന്ന് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് പ്രസംഗം അല്പ്പനേരത്തേക്ക് നിര്‍ത്തിവെച്ചു. പ്രതിഷേധിച്ച ഫഹീമിനെ സുരക്ഷാ ഉദ്യോഗസ്ഥരെത്തി യോഗസ്ഥലത്തുനിന്നും പുറത്താക്കിയ ശേഷമാണ് പ്രധാനമന്ത്രി പ്രസംഗം തുടര്‍ന്നത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തിലാണ് കേന്ദ്രസര്‍ക്കാരിനും കോണ്‍ഗ്രസിനും നാണക്കേടായ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. ന്യൂനപക്ഷങ്ങള്‍ക്കായി കേന്ദ്രസക്കാര്‍ യാതൊന്നും ചെയ്തില്ലെന്നും പ്രതിഷേധക്കാരന് വിളിച്ചു പറയുന്നുണ്ടായിരുന്നു.
കേന്ദ്രസര്‍ക്കാര്‍ ന്യൂനപക്ഷങ്ങള്‍ക്കായി പ്രഖ്യാപിച്ച ശേഷം നടപ്പാക്കാത്ത പദ്ധതികള്‍ ഉറക്കെ വിളിച്ചുപറഞ്ഞായിരുന്നു പ്രതിഷേധം. വടക്കു കിഴക്കന്‍ ദല്‍ഹിയിലെ ജഫ്രബാദ് ജില്ലക്കാരനായ ഫഹീം വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 150 കത്തുകളാണ് പ്രധാനമന്ത്രിക്കയച്ചത്. കത്തു ലഭിച്ചിട്ടുണ്ടെന്ന മറുപടിയല്ലാതെ യാതൊരു നടപടികളും പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് ഫഹീം പിന്നീട് വ്യക്തമാക്കി. നിരവധി തവണ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിട്ടും മറുപടിയുണ്ടായില്ല. വിവിധ രീതിയില്‍ മുസ്ലീം സമൂഹത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനു മുന്നിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിക്കാതിരുന്നതോടെയാണ് ഇത്തരത്തില്‍ പ്രതിഷേധിക്കേണ്ടി വന്നതെന്നും ഫഹീം മാധ്യമങ്ങളോട് വ്യക്തമാക്കി.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: