റായ്പൂര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ ആയുധമെടുക്കാന്‍ കൂടുതല്‍ ഗ്രാമീണര്‍ സാല്വ ജുദുമില്‍ ഒത്ത് ചേര്‍ന്നു. റായ്പൂരിലെ വിവിധ ഗ്രാമങ്ങളിലെ യുവാക്കളാണ് മാവോയിസ്റ്റുകള്‍ക്കെതിരായി ആയുധമെടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നത്. ബിജെപി ഭരിക്കുന്ന ഛത്തീസ്ഗഢ്, മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്ന സംസ്ഥാനമാണ്. രമണ്‍സിംഗ് സര്‍ക്കാരിന്റെ പിന്തുണയോടെയാണ് മാവോയിസ്റ്റുകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന സാല്വ ജുദുമിന്റെ നേതൃത്വത്തില്‍ ആയുധമെടുക്കുന്നത്.
തുട്ട്യാമ്പ മേഖലയില്‍നിന്ന് 1500 പേരും ഔര്പാനിയില്നിന്ന് 25 പേരും സംഘത്തില്‍ ചേര്‍ന്നതായാണ് വിവരം. കത്തി, വാള്, അമ്പുകള്‍, ശൂലം തുടങ്ങിയ ആയുധങ്ങള്‍ ഉള്‍പ്പെടെയാണ് മാവോയിസ്റ്റുകള്‍ക്കെതിരെ പൊരുതാന്‍ തയ്യാറെടുക്കുന്നത്. ഏത് സമയത്തും വീട്ടില്‍ കടന്നുവന്ന് ഭക്ഷണവും പണം ആവശ്യപ്പെടുന്ന മാവോയിസ്റ്റുകള്‍ ഗ്രാമീണരുടെ സമാധാനം നിറഞ്ഞ ജീവിതം നശിപ്പിക്കുന്നതിനും, ആക്രമണത്തിലും പ്രതിഷേധിച്ചാണ് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സേന രൂപീകരിച്ചതെന്ന് പ്രദേശത്തെ ഗ്രാമീണനായ റാംപാല്കൂറെ പറയുന്നു. ഗ്രാമങ്ങളില്‍ കടന്നുവന്ന് കുട്ടികളോട് തങ്ങളുടെ സംഘത്തില്‍ ചേരാന്‍ നിര്‍ബന്ധിക്കുക, സ്കൂളുകളില്‍ പോകാന്‍ അനുവദിക്കാതിരിക്കുക, സ്ത്രീകളെ ഉപദ്രവിക്കുക ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഗ്രാമീണര്‍ സാല്വ ജുദുവിന് രൂപം നല്‍കിയത്.
ഛത്തീസ്ഗഢിലേയും ജാര്‍ഖണ്ഡിലേയും ഗ്രാമങ്ങളില്‍ നൂറുകണക്കിന് സ്ത്രീകളും കുട്ടികളും സംഘത്തില്‍ ചേര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പ് ആദിവാസി ഗ്രാമത്തിലെത്തിയ മാവോയിസ്റ്റുകള്‍ സ്ത്രീകളെയും കുട്ടികളെയും ആക്രമിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിരോധം ശക്തമാക്കാന്‍ സാല്വ ജുദും തീരുമാനിച്ചത്. മാവോയിസ്റ്റുകളെ നേരിടാന്‍ പോലീസിന് കാട്ടിനുള്ളിലെ കേന്ദ്രത്തില്‍ കടന്നുചെല്ലാന്‍ സാധിക്കാത്ത സ്ഥിതിയിലാണ് ഗ്രാമീണരെ സംഘടിപ്പിച്ച് സര്‍ക്കാര്‍ സ്വയം പ്രതിരോധസേന രൂപികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: