ഹരിപ്പാട്: പാചകവാതകം കയറ്റിവന്ന ടാങ്കര്‍ ലോറി ദേശീയ പാതയില്‍ ഹരിപ്പാട്ട് ആര്‍കെ ജങ്ങ്ഷനു സമീപം മറിഞ്ഞു. ടാങ്കില്‍ നിന്നും ഗ്യാസ് ചോരാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. അപകടം നടന്ന് 24 മണിക്കൂറിന് ശേഷവും പാചകവാതകം മറ്റു ടാങ്കറുകളിലേക്ക് മാറ്റാത്തതിനാല്‍ ഹരിപ്പാട് പൂര്‍ണമായും ഒറ്റപ്പെട്ടു. വൈദ്യുതിബന്ധവും പുനസ്ഥാപിച്ചിട്ടില്ല.
അപകടത്തില്‍ ഡ്രൈവര്‍ തൂത്തുക്കുടി പണ്ടാരംപുറം വില്ലേജില്‍ ശാസ്താം കുളംവീട്ടില്‍ മണികണ്ഠന് (24), ക്ലീനര്‍ തൂത്തുകുടി എട്ടിയാംപുറത്ത് ഈശ്വരന് (27) എന്നിവര്‍ക്ക് പരിക്കേറ്റു. ഇന്നലെ പുലര്‍ച്ചെ മൂന്നോടെയാണ് അപകടം. ടാങ്കര്‍ മറിഞ്ഞെന്ന വാര്‍ത്ത പ്രചരിച്ചതോടെ നാട് പരിഭ്രാന്തിയിലായി. രാത്രി വൈകിയതോടെ പാചകവാതകം മറ്റ് ടാങ്കറുകളിലേക്ക് പകരുന്നത് നിര്‍ത്തിവച്ചു. ഇന്ന് വീണ്ടും പുനരാരംഭിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയാണ് പാചകവാതകം മറ്റു ടാങ്കറുകളിലേക്ക് പകരാന്‍ രണ്ടുദിവസം വേണ്ടിവന്നതെന്ന് ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
സംഭവം അറിഞ്ഞ ഉടന്‍ തന്നെ പോലീസും അഗ്നിശമനസേനയും എത്തി സുരക്ഷാനടപടികള്‍ ആരംഭിക്കുകയും കായംകുളം, ഹരിപ്പാട് ഗവ. ആശുപത്രികള്‍ക്ക് ജാഗ്രതാനിര്‍ദ്ദേശം നല്‍കുകയും അടിയന്തരസാഹചര്യം നേരിടാന്‍ സൗകര്യം ഒരുക്കുകയും ചെയ്തു.
ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് മുതല്‍ നങ്ങ്യാര്കുളങ്ങരവരെയുള്ള രണ്ടു കിലോമീറ്ററില്‍ വാഹനം മറ്റു വഴികളിലൂടെ തിരിച്ചുവിട്ടു. ഈ ഭാഗത്തെ വൈദ്യുതി ബന്ധം വിഛേദിക്കുകയും അരകിലോമീറ്റര്‍ ചുറ്റളവില്‍ ജനങ്ങളെ വീടുകളില്‍ നിന്നും മാറ്റി. പ്രദേശത്തെ അഞ്ചു സ്കൂളുകള്‍ക്ക് ഇന്നലെ അവധി നല്‍കുകയും ചെയ്തു.
തൂത്തുക്കുടി സൂപ്പര്‍ ഗ്യാസ് ഏജന്‍സിയില്‍ നിന്നും ഈരാറ്റുപേട്ട സൂര്യ ഗ്യാസ് പ്ലാന്റിലേക്ക് പാചകവാതകവുമായി പോയ ടാങ്കറാണ് അപകടത്തില്‍പ്പെട്ടത്. ഹരിപ്പാട് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിന് തെക്ക് ആര്‍കെ ജങ്ങ്ഷന് സമീപം ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
ദേശീയപാതയുടെ പഴയ റോഡിലേക്കാണ് ലോറി മറിഞ്ഞത്. പുതിയ റോഡില്‍ നിന്നും എട്ടടിയോളം താഴ്ചയുണ്ടായിരുന്നു. പ്രധാന റോഡിന്റെ വശത്തുണ്ടായിരുന്ന എട്ട് കോണ്‍ക്രീറ്റ് തൂണുകള്‍ തകര്‍ത്താണ് മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ ടാങ്കര്‍ ലോറിയില്‍ 17,500 ടണ്‍ പാചക വാതകം ഉണ്ടെന്നാണ് ക്ലീനര്‍ പറഞ്ഞത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ ടാങ്കര്‍ മറിഞ്ഞതാണെന്നാണ് ക്ലീനറും ഡ്രൈവറും പറയുന്നത്.
ഇന്നലെ രാവിലെ പത്തരയോടെ കൊച്ചിന് റിഫൈനറില്‍ നിന്നുമെത്തിയ വിദഗ്ധസംഘമാണ് ടാങ്കറിലെ ഗ്യാസ് മറ്റു ടാങ്കറുകളിലേക്ക് പകര്‍ന്നത്. കരീലക്കുളങ്ങര പോലീസ് സ്റ്റേഷനില്‍ കിടന്നിരുന്ന ടാങ്കറിലേക്കാണ് ആദ്യം ഗ്യാസ് പകരാന്‍ തുടങ്ങിയത്.
കളക്ടര്‍ പത്മകുമാര്‍, എഡിഎം: കെ.പി.തമ്പി, ആര്‍ഡിഒ: റ്റി.ആര്.ആസാദ്, കായംകുളം ഡിവൈഎസ്പി: ദേവമനോഹര്‍, ഹരിപ്പാട്, കായംകുളം സിഐമാരായ രാജപ്പന് റാവുത്തര്‍, ഉദയഭാനു എന്നിവരുടെ നേതൃത്വത്തില്‍ വന്‍പോലീസ് സന്നാഹം നിലയുറപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: