കോട്ടയം: തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ ഏക്കര്‍ കണക്കിന് ഭൂമി കയ്യേറിയത് തിരിച്ചുപിടിക്കാനുള്ള നടപടികള്‍ വൈകുന്നതിന് പിന്നില്‍ ഭൂമാഫിയ സംഘങ്ങളാണെന്ന ആക്ഷേപം ശക്തമാകുന്നു.
മേജര്‍ ക്ഷേത്രങ്ങളിലുള്‍പ്പെടെ ദേവസ്വം ബോര്‍ഡിന്റെ ഭൂമിയില്‍ വര്‍ഷങ്ങളായി വ്യാപക കയ്യേറ്റങ്ങള്‍ നടന്നിട്ടും ശക്തമായ നടപടികള്‍ കൈക്കൊള്ളാത്ത ബോര്‍ഡിന്റെ അനങ്ങാപ്പാറ നയമാണ് ഭൂമാഫിയകള്‍ക്ക് സംരക്ഷണമായിരിക്കുന്നത്. ഇതുമൂലം ഏക്കര്‍ കണക്കിന് ദേവസ്വം ഭൂമി അന്യാധീനപ്പെട്ട നിലയിലാണ്. ദേവസ്വം ബോര്‍ഡിലെ ഭൂസംരക്ഷണ സ്പെഷ്യല്‍ തഹസീല്‍ദാറുടെ കണക്കുപ്രകാരം പത്തുവര്‍ഷത്തിനിടെ അഞ്ഞൂറ് ഏക്കറോളമാണ് കയ്യേറ്റം ചെയ്യപ്പെട്ടിരിക്കുന്നത്.
കൊട്ടാരക്കര, തിരുവല്ല, ചങ്ങനാശ്ശേരി, വൈക്കം, പുനലൂര്‍, മാവേലിക്കര, വര്‍ക്കല, അമ്പലപ്പുഴ എന്നീ ദേവസ്വം ഗ്രൂപ്പിന്റെ കൈവശമുള്ള ഭൂമിയിലാണ് കയ്യേറ്റങ്ങള്‍ ഏറിയ പങ്കും. ഇതുകൂടാതെ തിരുവാഭരണ പാതകളിലും ശബരിമല പൂങ്കാവനം ഉള്‍പ്പെടുന്ന നിലയ്ക്കല്‍ ക്ഷേത്രത്തിന് സമീപവും ഭൂമി കയ്യേറിയിട്ടുണ്ട്. നിലയ്ക്കലെ കയ്യേറ്റം ഒരു മതപരിവര്‍ത്തന ക്രൈസ്തവ സംഘടനയുടെ മറവിലാണ്. ഇതു കൂടാതെ ദേവസ്വത്തിന്റെ കീഴിലുള്ള എസ്റ്റേറ്റുകളിലും ഭൂമി കയ്യേറ്റം നടന്നിട്ടുണ്ട്. തിരുവിതാംകൂര്‍ ഗ്രൂപ്പുകളുടെ കൈവശമുള്ള ഭൂമികള്‍ ഏറിയപങ്കും കയ്യേറിയിരിക്കുന്നത് സ്വകാര്യ വ്യക്തികളാണ്. ഇവരെ സഹായിക്കുന്നത് ബോര്‍ഡിനുള്ളില്‍ തന്നെയുള്ളവരാണെന്നും ആക്ഷേപമുണ്ട്.
ദേവസ്വം ബോര്‍ഡ് തിരിച്ച് എടുക്കേണ്ട ഭൂമികളില്‍ പലതും വ്യക്തമായ തെളിവുകളും റിപ്പോര്‍ട്ടുകളും നല്കാത്തതിനാല് കേസുകളില്‍ പലതും ദേവസ്വംവക ഭൂമി സ്വകാര്യവ്യക്തികള്‍ക്ക് ലഭിക്കാന്‍ സാധ്യത ഏറുന്നു. മാറി മാറി വന്ന ബോര്‍ഡ് പ്രസിഡന്റുമാരോ ഭരണസമിതി അംഗങ്ങളോ ഇവ തിരിച്ചുപിടിക്കാന്‍ യാതൊരു ശ്രമങ്ങളും നടത്തിയിട്ടില്ല. പുതിയ ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരായ പി.കെ കുമാരനും, സുഭാഷ് വാസുവും ദേവസ്വംബോര്‍ഡ് കമ്മീഷണര്‍ പി. വേണുഗോപാല്‍ ഉള്‍പ്പെടുന്ന മറ്റ് ഉന്നതര്‍ കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് ഏറെ വീറോടെ പറഞ്ഞതാണ് ദേവസ്വം ഭൂമിതിരിച്ച് പിടിക്കുമെന്ന്. ഇതുവരെ യാതൊന്നും നടന്നിട്ടില്ല.
2008 ഒക്ടോബര്‍ 15 നാണ് ദേവസ്വം ബോര്‍ഡിന്റെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിക്കാനായി പ്രത്യേക ഉത്തരവിലൂടെ ഭൂസംരക്ഷണ തഹസീല്‍ദാറെ നിയമിച്ചത്. ഇവര്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കയ്യേറ്റം കണ്ടെത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമി തിരിച്ച് പിടിക്കാന്‍ സത്വര നടപടികള്‍ കൈക്കൊള്ളുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞതല്ലാതെ ഒന്നും നടന്നിട്ടില്ല. വില്ലേജ് ഓഫീസിലെ സെറ്റില്‍മെന്റ് രജിസ്റ്ററും അടിസ്ഥാന ടാക്സ് രജിസ്റ്ററും ഉപയോഗിച്ചാണ് ദേവസ്വം ബോര്‍ഡ് ഭൂമിയുടെ അളവ് ആദ്യം തിട്ടപ്പെടുത്തിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഭൂമി തിരിച്ചു പിടിക്കാനോ ഒഴിഞ്ഞുപോകാനുള്ള നോട്ടീസ് നല്‍കാനോ ഭൂമാഫിയ-രാഷ്ട്രീയ-ബോര്‍ഡിലെ ചില ഉന്നതരുടെ ഇടപെടലുകള്‍ കാരണം ഭൂസംരക്ഷണ വിഭാഗത്തിന് കഴിഞ്ഞിട്ടില്ല . ഇത് ഭാവിയില്‍ ദേവസ്വംബോര്‍ഡിന് ഏക്കര്‍ കണക്കിന് ഭൂമി അന്യാധീനപ്പെടാന്‍ കാരണമാകുമെന്ന് ദേവസ്വം ജീവനക്കാര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു.
രൂപേഷ് അടൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: