പറവൂര്‍: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള പറവൂര്‍ സബ് ഗ്രൂപ്പില്‍ പെട്ട കണ്ണന്‍കുളങ്ങര ദേവസ്വത്തിന്റെ സ്ഥലവും രണ്ട് കൊട്ടാരങ്ങളും ടൂറിസം ഡിപ്പാര്‍ട്ടുമെന്റിന് പാട്ടത്തിന് കൈമാറാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്ന് ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു. മുസിരിസ് പൈതൃക പദ്ധതിക്കുവേണ്ടിയാണ് ക്ഷേത്രം വക സ്ഥലവും കൊട്ടാരങ്ങളും ടൂറിസം വകുപ്പിന് നല്‍കിക്കൊണ്ടുള്ള ധാരണാപത്രത്തില്‍ ദേവസ്വം ബോര്‍ഡ് ഒപ്പുവെച്ചിട്ടുള്ളത്. ക്ഷേത്രാചാരങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും ഭംഗം വരുത്തിക്കൊണ്ട് ടൂറിസം വകുപ്പിന് ക്ഷേത്രം തുറന്നിട്ടുകൊടുക്കാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ ഹിന്ദുഐക്യവേദി വിവിധ സംഘടനകളുമായി ചേര്‍ന്ന് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പറവൂരില്‍ ചേര്‍ന്ന ഹിന്ദു ഐക്യവേദി യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു പറഞ്ഞു. ഈ തീരുമാനം ഭാവിയില്‍ ക്ഷേത്രം വക സ്വത്തുക്കള്‍ അന്യാധീനപ്പെടാന്‍ ഇടയാക്കുന്നതാണ് മുന്‍കാലങ്ങളില്‍ ദേവസ്വം ബോര്‍ഡ് എടുത്ത ഇത്തരം തീരുമാനങ്ങള്‍ കൊണ്ട് നഷ്ടപ്പെട്ട ഭൂമിയും സ്വത്തു വകകളും തിരിച്ചുപിടിക്കാന്‍ ഹിന്ദു സംഘടനകള്‍ നിരവധി പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കേണ്ടിവന്ന കാര്യം ബാബു ചൂണ്ടിക്കാട്ടി. ക്ഷേത്രം വക സ്വത്തുക്കള്‍ ടൂറിസം വകുപ്പിന് കൈമാറി മാസങ്ങള്‍ കഴിഞ്ഞിട്ടും ഇക്കാര്യത്തെ സംബന്ധിച്ച് വസ്തുതകള്‍ പരസ്യപ്പെടുത്താതെ പൊതുജനങ്ങളില്‍നിന്നും മറച്ചുവെച്ച ദേവസ്വം ഭരണാധികാരികളുടെ ഉദ്ദേശശുദ്ധി സംശയിക്കത്തക്കതാണെന്നും ബാബു പറഞ്ഞു. യോഗത്തില്‍ ഹിന്ദുഐക്യവേദി താലൂക്ക് അധ്യക്ഷന്‍ കെ.ജി.മധു അധ്യക്ഷത വഹിച്ചു. ഭാവിപരിപാടികള്‍ ഫെബ്രുവരി 3 ന് വൈകിട്ട് 6 മണിക്ക് പറവൂര്‍ പിവിഎസ് ഹാളില്‍ ചേരുന്ന വിവിധ ഹിന്ദു സംഘടനകളുടെ യോഗം ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: