കോട്ടയം: കുമരകത്തു നിന്ന് വൃദ്ധയെ കാറില്‍ കയറ്റിക്കൊണ്ടു പോയി ഒന്നരപ്പവന്റെ സ്വര്‍ണ്ണമാലയും 2200 രൂപയും കവര്‍ന്ന ശേഷം വഴിയില്‍ തള്ളിയ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് സ്ത്രീകളുള്‍പ്പെടെ നാലു പേര് അറസ്റ്റിലായി.
കൊല്ലം ജില്ലയിലെ പുത്തൂര്‍ സ്വദേശികളായ കാരിക്കല്‍ പുഷ്പമംഗലത്ത് വീട്ടില്‍ ദില്‍ജിത്ത്(കണ്ണന്-24), കൊഴുവന്‍പാറ പടിഞ്ഞാറ്റില്‍ രഘു മകന് ജ്യോതിസ് (21), മള്ളൂശ്ശേരി പുല്ലരിക്കുന്ന് പുത്തന്‍പറമ്പില്‍ ഇന്ദു(38), കുമ്മനം അരങ്ങത്തുമാലി ഗീത(33) എന്നിവരെയാണ് കോട്ടയം വെസ്റ്റ് സിഐയുടെ നേതൃത്വത്തിലുള്ള ഷാഡോ പൊലിസ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ 22നാണ് കുമരകം നാഷ്ണാന്ത്ര പെണ്ണമ്മ (75)യെ അക്രമിച്ച് പണവും സ്വര്‍ണ്ണവും തട്ടിയെടുത്തത്. കര്‍ഷകത്തൊഴിലാളി പെന്ഷന് വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന പെണ്ണമയെ കുമരകം പള്ളിച്ചന്തയ്ക്ക് സമീപം വച്ചാണ് പ്രതികള്‍ സഞ്ചരിച്ചിരുന്ന കാറില്‍ കയറ്റിക്കൊണ്ടുപോയി പണവും സ്വര്‍ണ്ണവും കവര്‍ന്നത്.
വൃദ്ധയുടെ കൈവശമുണ്ടായിരുന്ന സ്വര്‍ണ്ണമാല, വള, കമ്മല്‍, പണം എന്നിവ ബലമായി പിടിച്ചുവാങ്ങിയശേഷം ചെങ്ങളത്തിന് സമീപം എത്തിയപ്പോള്‍ വഴിയില്‍ ഉപേക്ഷിച്ച് പ്രതികള്‍ കാറില്‍ രക്ഷപ്പെടുകയായിരുന്നു. പിടിയിലായിരിക്കുന്ന ഗീതയും ഇന്ദുവും എട്ടോളം ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. ഇവരുടെ നേതൃത്വത്തില്‍ ക്വട്ടേഷന്‍ സംഘവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു. ഇവര്‍ സഞ്ചരിച്ചിരുന്ന ഇന്‍ഡിക്ക കാര്‍ തിരുവനന്തപുരം സ്വദേശിയുടേതാണ്. ഈ കാര്‍ മോഷ്ടിച്ചതാണെന്നാണ് പൊലിസിന് ലഭിച്ചിരിക്കുന്ന വിവരം.
പുരുഷന്മാരെ ലോഡ്ജുകളില്‍ വിളിച്ചു വരുത്തി ഒപ്പം നിന്ന് ഫോട്ടോയെടുത്തശേഷം ബ്ലാക്ക്മെയില്‍ ചെയ്ത് ഇന്ദുവും ഗീതയും ലക്ഷങ്ങള്‍ സമ്പാദിച്ചതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: