തിരുവനന്തപുരം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുന്നത് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയശേഷം മാത്രമായിരിക്കും എന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നു കേന്ദ്ര പരിസ്ഥിതി മന്ത്രി വീരപ്പമൊയ്ലി തന്നെ അറിയിച്ചെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മറിച്ചുള്ള എല്ലാ പ്രചാരണങ്ങളും രാഷ്ട്രീയലക്ഷ്യം വച്ചുള്ളതാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
കസ്തൂരി രംഗന് റിപ്പോര്‍ട്ട് പ്രകാരം കേരളത്തില്‍ 123 പരിസ്ഥിതി ലോല ഗ്രാമങ്ങള്‍ നിശ്ചയിച്ച നടപടിയില്‍ മാറ്റമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിനു റിപ്പോര്‍ട്ട് നല്കി എന്ന തെറ്റായ വാര്‍ത്ത പ്രചരിച്ച ഉടനേ താന്‍ വീരപ്പമൊയ്ലിയുമായി ഫോണില്‍ ബന്ധപ്പെട്ടു. കേന്ദ്രനിലപാടില്‍ യാതൊരു മാറ്റവുമില്ലെന്നും 2013 ഡിസം. 20നു പുറപ്പെടുവിച്ച ഓഫീസ് മെമ്മോറാണ്ടം അതേപടി നിലനില്‍ക്കുകയാണെന്നും വീരപ്പമൊയ്ലി വ്യക്തമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് അന്തിമതീരുമാനം എടുക്കുന്നത് സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയശേഷം മാത്രമായിരിക്കും എന്നാണ് ഇതില്‍ പറയുന്നത്.
ഹരിത ട്രൈബ്യൂണലിനു മുന്നില്‍ കേരളവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു കേസില്‍ അഭിഭാഷക നടത്തിയ പരാമര്‍ശങ്ങളെ അങ്ങേയറ്റം വളച്ചൊടിച്ചാണ് ഇപ്പോള്‍ ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നത്. വീരപ്പമൊയ്ലി പരിസ്ഥിതി വകുപ്പിന്റെ ചുമതല കൂടി ഏറ്റെടുത്തശേഷം ഖാനനവും പാറപൊട്ടിക്കലും കൂടുതല്‍ നടക്കുന്നെന്നും മറ്റും ആരോപിച്ച് ഗോവ ഫൗണ്ടേഷന് ഹരിത ട്രൈബ്യുണലില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇവ നിരോധിച്ചുകൊണ്ടുള്ള 2013 നവം. 13ലെ ഉത്തരവ് നിലനില്ക്കുന്നുണ്ടെന്നു മാത്രമാണ് ഈ പരാതി ട്രൈബ്യുണല്‍ പരിഗണിച്ചപ്പോള്‍ അഭിഭാഷക കോടതിയെ അറിയിച്ചത്.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെടുത്തി ജനങ്ങളില്‍ വീണ്ടും ഭയാശങ്ക സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണു നടക്കുന്നതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കര്‍ഷകരുടെ താത്പര്യങ്ങള്‍ക്കു വിരുദ്ധമായി ഒന്നും നടക്കില്ല. അവരെ ചൂഷണം ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ജനങ്ങള്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയണമെന്നും തെറ്റായ പ്രചാരണങ്ങളില്‍ വീഴരുതെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: