കൊച്ചി: മെട്രോ ഒന്നാംഘട്ട പദ്ധതിയിലുള്‍പ്പെടുത്തി റയില്‍ നിര്‍മാണം തൃപ്പൂണിത്തുറ വരെ നീട്ടുന്നതിന് ഡി.എം.ആര്.സി മുന്‍കൂട്ടി ആവശ്യപ്പെട്ടിരുന്നതാണെന്ന് ഡി.എം.ആര്.സി പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ഇ.ശ്രീധരന്.
കെ.എം.ആര്.എല്‍ ഡയറക്ടര്‍ ബോര്‍ഡുയോഗം അനുമതി നല്‍കിയെങ്കിലും കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളുടെ അനുമതിക്കായി ഇനിയും കാത്തിരിക്കുമ്പോഴുണ്ടാകുന്ന കാലതാമസം പദ്ധതിയുടെ സമയബന്ധിതമായ പൂര്‍ത്തീകരണത്തെയാണ് ബാധിക്കുന്നത്. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി 323 കോടിരൂപയുടെ അധിക ചെലവാണ് കണക്കാക്കുന്നത്. രണ്ടു സ്റ്റേഷനുകളാണ് തൃപ്പൂണിത്തുറക്ക് അനുവദിച്ചിരിക്കുന്നത്.
എസ്.എന്‍ ജംഗ്ഷനും, അലയന്‍സ് ജംഗ്ഷനുമാണ് ഇവ. കാസ്റ്റിംഗ് യാര്‍ഡില്‍ നിത്യേനയെന്നോണം ഉണ്ടായിക്കൊണ്ടിരിക്കുന്ന തൊഴിലാളി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ശ്രീധരന് പറഞ്ഞു. മെട്രോയുമായി ബന്ധപ്പെട്ട തൊഴില്‍ തര്‍ക്കങ്ങളെല്ലാം ഉടന്‍ പരിഹരിക്കുമെന്നും കാസ്റ്റിംഗ് യാര്‍ഡിലെ പ്രശ്നപരിഹാരത്തിനായി ജില്ലാ കളക്ടര്‍ ഷേക് പരീതിന്റെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുണ്ടെന്നും കൊച്ചി മെട്രോ റയില്‍ മാനേജിംഗ് ഡയറക്ടര്‍ ഏലിയാസ് ജോര്‍ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
യൂണിയനിലുള്ള തൊഴിലാളികളെ കൂടുതലായി ജോലിക്കെടുക്കണമെന്നാവശ്യപ്പെട്ട് ഏലൂര്‍ ഫാക്ട് മെട്രോ കാസ്റ്റിംഗ് യാര്‍ഡിലെ കരാര്‍ തൊഴിലാളികള്‍ തിങ്കളാഴ്ച പണിമുടക്കിയിരുന്നു. കാസ്റ്റിംഗ് യാര്‍ഡുകളില്‍ പണികള്‍ നടക്കുന്നുണ്ടെങ്കിലും തൂടര്‍ച്ചയായി വരുന്ന തൊഴില്‍ പ്രശ്നങ്ങള്‍ നിമിത്തം പദ്ധതി സമയത്തു പൂര്‍ത്തീകരിക്കാന്‍ കഴിയാതെ വരും. ഇത് ബഡ്ജറ്റിനെക്കാള്‍ അധികബാധ്യതയുണ്ടാക്കുമെന്നും ശ്രീധരന് പറഞ്ഞു. സാധാരണ നിലയില്‍ ഒരു ദിവസം പണി നടക്കാതെ വന്നാല്‍ ഉണ്ടാകുന്ന നഷ്ടം 40ലക്ഷത്തോളം രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: