റിയാദ്: സൗദിയില്‍ ഗതാഗത നിയമലംഘനം കുറയ്ക്കാന്‍ ബാഷര്‍ പദ്ധതി വരുന്നു. പദ്ധതി പ്രകാരം ഗതാഗത നിയമം ലംഘിക്കുന്നവര്‍ക്ക് ഉടനടി മൊബൈല്‍ സന്ദേശം വഴി വിവരങ്ങള്‍ നല്‍കും.
ഗതാഗത രംഗത്തു പരിഷ്കാരങ്ങള്‍ നടത്തുന്നതിന്റ ഭാഗമായാണ് ഈ നടപടി. നേരത്തേ തുടങ്ങി വച്ച ഒട്ടേറെ പദ്ധതികളിലൂടെ അപകട നിരക്കുകള്‍ കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി അപകട നിരക്ക് ഇനിയും കുറയ്ക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
നേരത്തേ സാഹര്‍ ക്യാമറയില്‍ കുടുങ്ങുന്നവര്‍ക്കു മാത്രമാണ് എസ്എംഎസ് സന്ദേശം നല്‍കിയിരുന്നത്. വേഗത നിയന്ത്രിക്കുന്ന ക്യാമറകള്‍ക്കു പിന്നാലെ ബാഷര്‍ പദ്ധതി വരുന്നത് അപകടങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അധികാരികള്‍ കരുതുന്നത്.
നിലവില്‍ നിരീക്ഷണ ക്യാമറകള്‍ ഇല്ലാത്ത ഇടങ്ങളില്‍ ക്യാമറകള്‍ സ്ഥാപിക്കാനും പെട്രോളിങ് വാഹനങ്ങളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ പിഴ ഒടുക്കാനുള്ള നിലവിലെ രീതികള്‍ മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. പിഴ കൊടുക്കാത്തവരുടെ മന്ത്രാലയ സേവനങ്ങള്‍ നിര്‍ത്തി വയ്ക്കുമെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: