തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ അടുത്തിടെ നടന്ന അയിത്താചരണത്തിനെതിരേ ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഹിന്ദു സംഘടനാ നേതാക്കളും സന്യാസിമാരും ഉപവാസ സമരം നടത്തും. ഫെബ്രുവരി ഏഴിന് കാലത്തു പത്തുമുതല്‍ അഞ്ചുവരെയാണ് സമരം. താഴ്ന്ന ജാതിക്കാരനാണെന്ന കാരണത്താല്‍ കല്ലൂര്‍ ബാബു എന്ന കലാകാരനെ വാദ്യനിരയില്‍ നിന്ന് ഒഴിവാക്കിയ സംഭവം അപലപനീയമാണെന്ന് ഐക്യവേദി അഭിപ്രായപ്പെട്ടു.
ഗുരുവായൂര്‍ ദേവസ്വത്തിലെ അയിത്താചരണ സംഭവത്തിനെതിരെ ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിലുള്ള സാമൂഹ്യനീതി കര്‍മ്മസമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹിന്ദു സംഘടനാ നേതാക്കളും സന്യാസിമാരും രംഗത്ത് വരികയാണ്. കാലഘട്ടത്തിന് യോജിക്കാത്തതായിപ്പോയി നിര്‍ഭാഗ്യകരമായ നടപടിയെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു പത്രസമ്മേളനത്തില്‍ പറഞ്ഞു.
ഹിന്ദു സമൂഹത്തിന് അപമാനകരമായ അയിത്താചരണ സംഭവത്തിന് ഉത്തരവാദികളായവരെ സംരക്ഷിക്കുന്ന നടപടിയാണ് ദേവസ്വം ഭരണകര്‍ത്താക്കള്‍ സ്വീകരിച്ചുവരുന്നതെന്ന് ബാബു കുറ്റപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാതെ ദേവസ്വം ഭരണസമിതിയിലുള്ളവര് പ്രശ്നം നീട്ടിക്കൊണ്ടുപോയി നീതി നിഷേധിക്കുകയാണ്. ജുഡീഷ്യല്‍ അന്വേഷണം വെറും പ്രസഹനമായിരിക്കും. പട്ടികജാതി സംരക്ഷണ നിയമമനുസരിച്ച് പോലീസും മനുഷ്യാവകാശ കമ്മീഷനും കേസെടുത്ത് പ്രതികളെ ഉടനെ അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അതേ സമയം താഴ്ന്ന ജാതിക്കാരനായ കല്ലൂര്‍ ബാബു പഞ്ചവാദ്യത്തില്‍ പങ്കെടുക്കുന്നത് സംബന്ധിച്ച് പരാതി ഉന്നയിച്ചത് സിപിഎമ്മുകാരനായ കണ്ണനെന്ന ക്ഷേത്രം ജീവനക്കാരനാണെന്ന്ബാബു ചൂണ്ടിക്കാട്ടി. ഇയാള്‍ ക്ഷേത്രം അടിയന്തര പ്രവര്ത്തിക്കാരനും കൊമ്പ് വാദ്യക്കാരനുമാണ്. സിപിഎമ്മിന്റെ ഗുരുവായൂര്‍ ബ്രാഞ്ച് സെക്രട്ടറിയും പ്രസിഡണ്ടുമൊക്കെയായിരുന്ന ഇയാള്‍ ഗുരുവായൂര്‍ ദേവസ്വം എംപ്ലോയീസ് ഓര്ഗനൈസേഷന് അംഗവുമാണ്. ജാതിവികാരം ഇളക്കിവിട്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുവാനുള്ള ശ്രമം ഉപേക്ഷിച്ച് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍, സിപിഎം ഇയാള്‍ക്കെതിരെ നടപടിയെടുക്കാന്‍ തയ്യാറാകണം ബാബുപറഞ്ഞു.
ഇത് ഹിന്ദു സമൂഹത്തിന്റെ ആഭ്യന്തര പ്രശ്നമാണ് അത് പരിഹരിക്കാന്‍ ഹൈന്ദവ സംഘടനാനേതാക്കളും ആദ്ധ്യാത്മിക ആചാര്യന്മാരും ഇവിടെ ഉണ്ട്. ജാതിവിവേചനം പോലെ എതിര്‍ക്കപ്പെടേണ്ടതാണ് ലിംഗവിവേചനവുമെന്നിരിക്കെ പള്ളികളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്ന മുസ്ലം സ്ത്രീകള്‍ക്കുവേണ്ടി സമരത്തിന് നേതൃത്വം കൊടുക്കുമോ എന്ന് പാര്‍ട്ടി വ്യക്തമാക്കണം. പട്ടികജാതിക്കാരെ ഗുരുതരമായി ബാധിക്കുന്ന രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് വാദിക്കുന്നവര്‍ പട്ടികജാതി ക്ഷേമസമിതിയെ ഉപയോഗിച്ച് ഗുരുവായൂരില്‍ നടത്തുന്നത് കപട നാടകം മാത്രമാണെന്നും ബാബു പറഞ്ഞു. പത്രസമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ അദ്ധ്യക്ഷന്‍ ബാലന് പണിക്കശ്ശേരി, ജില്ലാജനറല്‍ സെക്രട്ടറി പി.സുധാകരന്, സെക്രട്ടറിമാരായ പ്രസാദ് കാക്കശ്ശേരി, വി.ബാബു, ഗുരുവായൂര്‍ താലൂക്ക് അദ്ധ്യക്ഷന്‍ വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: