തിരുവനന്തപുരം: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് നാളെ നടത്താനിരുന്ന സ്വകാര്യ ബസ് സൂചനാ പണിമുടക്ക് പിന്‍വലിച്ചു. ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ബസുടമകളുമായി തിരുവനന്തപുരത്ത് നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ആവശ്യങ്ങള്‍ പഠിക്കുന്നതിനും പ്രശ്നം പരിഹരിക്കുന്നതിനും കൂടുതല്‍ സമയം വേണമെന്ന ഗതാഗത മന്ത്രിയുടെ ആവശ്യം പരിഗണിച്ചാണ് ബസ് ഉടമകള്‍ സമരത്തില്‍ നിന്ന് പിന്മാറിയത്.
ധനമന്ത്രി കെ.എം.മാണി നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റില്‍ ഓട്ടോറിക്ഷകള്‍ക്കും ടാക്സികള്‍ക്കും ഏര്‍പ്പെടുത്തിയ അധിക നികുതി പിന്‍വലിക്കും. ഭരണ പക്ഷത്തു നിന്നുതന്നെ ശക്തമായ എതിര്‍പ്പു വന്നതിനെ തുടര്‍ന്നാണ്. ധനമന്ത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ച് ഓട്ടോ-ടാക്സികള്‍ ഇന്ന് നടത്താനിരുന്ന പണിമുടക്ക് മാറ്റി. ധനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണിത്.
ഭാവി പരിപാടികള്‍ ബസ് ഉടമകളുടെ സംഘടനകളുടെ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗം തീരുമാനിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ബസ് യാത്രാ മിനിമം നിരക്ക് ആറു രൂപയില്‍ നിന്ന് എട്ടുരൂപയാക്കി വര്‍ധിപ്പിക്കുക, വിദ്യാര്‍ഥികളുടെ കണ്സഷന് നിരക്കില്‍ നിലവിലെ 19.8 ശതമാനത്തില്‍ നിന്ന് കാലാനുസൃതമായ മാറ്റം വരുത്തുക, നിലവിലെ കിലോമീറ്റര്‍ ഫെയര്‍ 58 പെസയില്‍ നിന്ന് 70 പൈസയാക്കി വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമാ പ്രതിനിധികള്‍ പ്രധാനമായും ഉന്നയിച്ചത്.
വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക് വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. നിരക്ക് വര്‍ധന ഉള്‍പ്പെടയുള്ള ആവശ്യം ബസ് ഉടമകള്‍ ഉന്നയിച്ചെങ്കിലും നിലവിലെ സാമ്പത്തിക പ്രയാസങ്ങള്‍ അവരെ അറിയിച്ചിട്ടുണ്ടെന്നും ബസ് നിരക്ക് സംബന്ധിച്ച ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാന്‍ കൂടുതല്‍ സമയം വേണമെന്നുമുള്ള ആവശ്യം ബസ് ഉടമകള്‍ സമ്മതിച്ചതായി മന്ത്രി പറഞ്ഞു.
ഡീസല്‍ വിലവര്‍ധന ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ പശ്ചാതലത്തില്‍ ബസ് ഉടമകളുടെ ചില ആവശ്യങ്ങള്‍ ന്യായമാണ്. 2012 നവംബറിലാണ് അവസാനമായി ബസ് നിരക്ക് വര്‍ധിപ്പിച്ചത്. ഇതിന് ശേഷം ഡീസല്‍ വില 6.50 രൂപ വര്‍ധിച്ചതായും മന്ത്രി പറഞ്ഞു. ബസ് ഉടമകളുടെ പ്രശ്നങ്ങളെകുറിച്ച് പഠിച്ച ജസ്റ്റിസ് രാമചന്ദ്രന് കമ്മിറ്റി യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: