ആലപ്പുഴ: യുഡിഎഫുമായുള്ള പതിനെട്ട് വര്‍ഷത്തെ ബന്ധം ജെഎസ്എസ് അവസാനിപ്പിച്ചു. ഒരു വിഭാഗം നേതാക്കള്‍ക്ക് സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്ത് കോണ്‍ഗ്രസ് നടത്തിയ നീക്കത്തെ തുടര്‍ന്ന് ജെഎസ്എസ് രണ്ടായി പിളര്‍ന്നു. ആലപ്പുഴയില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രമേയം ഏകകണ്ഠേന അംഗീകരിച്ചതോടെയാണ് യുഡിഎഫ് വിടാനുള്ള തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സമ്മേളനത്തില്‍ പാര്‍ട്ടി തീരുമാനം ജനറല്‍ സെക്രട്ടറി ഗൗരിയമ്മ വിശദീകരിച്ചു.
ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസിന് സമയമില്ലെന്നും ജനങ്ങള്‍ക്കുവേണ്ടി ജെഎസ്എസ് വീണ്ടും പ്രവര്‍ത്തിക്കുമെന്നും ഗൗരിയമ്മ പറഞ്ഞു. യുഡിഎഫ് വിട്ടെങ്കിലും മറ്റൊരു മുന്നണിയിലേക്കില്ല. ജെഎസ്എസ് ഒറ്റക്ക് നില്‍ക്കുമെന്നും ഗൗരിയമ്മ അറിയിച്ചു. ഗൗരിയമ്മയെ സിപിഎം പുറത്താക്കിയതിനെ തുടര്‍ന്ന് 1994 മാര്‍ച്ച് 18 മുതല്‍ 20 വരെ ആലപ്പുഴയില്‍ നടന്ന ഗൗരിയമ്മ അനുകൂലികളുടെ സമ്മേളനമാണ് ജെഎസ്എസിന് രൂപം നല്‍കിയത്. 1996ലാണ് ജെഎസ്എസ് യുഡിഎഫിന്റെ ഭാഗമായത്.
എന്നാല്‍ ഗൗരിയമ്മയുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് പ്രസിഡന്റ് രാജന് ബാബുവിന്റെ നേതൃത്വത്തില്‍ പ്രബല വിഭാഗം പാര്‍ട്ടിവിട്ട് ആലപ്പുഴയില്‍ സമാന്തര കണ്വന്ഷന് വിളിച്ചു. യുഡിഎഫില്‍ ഉറച്ചു നില്‍ക്കുമെന്നും ഭൂരിഭാഗം പ്രവര്‍ത്തകരും തങ്ങള്‍ക്കൊപ്പമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് വിമത വിഭാഗം വിളിച്ചുചേര്‍ത്ത കണ്‍വന്‍ഷനില്‍ പങ്കെടുത്തത്. രാജന്‍ബാബു ജനറല്‍ സെക്രട്ടറിയായും മുന്‍ എംഎല്‍എ കെ.കെ ഷാജു പ്രസിഡന്റായും 97 അംഗ സംസ്ഥാന കമ്മറ്റിയും രൂപീകരിച്ചു. വിപുലമായ സംസ്ഥാന കണ്വന്ഷന് മെയ് മാസത്തില്‍ വിളിച്ചുചേര്‍ക്കുമെന്നും അവര്‍ അറിയിച്ചു. തങ്ങളുടേതാണ് യഥാര്‍ത്ഥ ജെഎസ്ഈസ്ന്നും ഗൗരിയമ്മക്ക് വേണമെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാമെന്നും രാജന്‍ബാബു പറഞ്ഞു.
അതേസമയം കോണ്‍ഗ്രസിന്റെ ഇടപെടലുകളാണ് പാര്‍ട്ടിയെ പിളര്ത്തിയതെന്നത് വ്യക്തമായിരിക്കുകയാണ്. നേരത്തെ ജെഎസ്എസ് ആവശ്യപ്പെടും മുന്‍പ് തന്നെ കെ കെ ഷാജുവിനെ കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാനാക്കിയാണ് കോണ്‍ഗ്രസ് ഇതിനുള്ള കരുക്കള്‍ നീക്കിതുടങ്ങിയത്. ഇപ്പോള്‍ ഗൗരിയമ്മയെ തള്ളിപ്പറഞ്ഞ് പുറത്തുപോയ നേതാക്കളെല്ലാം തന്നെ വിവിധ കോര്പ്പറേഷന്, ബോര്‍ഡ് സ്ഥാനങ്ങള്‍ വഹിക്കുന്നവരാണെന്നതും ശ്രദ്ധേയമാണ്. ജെഎസ്എസ് പിളര്‍ത്താന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതായി വളരെ നേരത്തെതന്നെ ഗൗരിയമ്മ വെളിപ്പടുത്തിയിരുന്നു. ഇതു ശരിവെക്കുന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍. ഗൗരിയമ്മയെ പലവട്ടം പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് സിപിഎം വെട്ടിലാക്കിയെങ്കില്, മറ്റു നേതാക്കളെ പ്രലോഭിപ്പിച്ച് കൂടെ നിര്‍ത്തി കോണ്‍ഗ്രസ് പാര്‍ട്ടിയെ തന്നെ പിളര്‍ത്തിയിരിക്കുകയാണ്.സാമൂഹ്യനീതിയെന്ന മുദ്രാവാക്യവുമായി രംഗത്തെത്തിയ ജെഎസ്എസ് ഇരുപതാം വയസ്സില്‍ സ്വന്തം അണികള്‍ക്ക് പോലും നീതി നല്കാനാകാതെ പ്രതിസന്ധിയുടെ ആഴത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: