ന്യൂദല്‍ഹി: കാശ്മീരി പണ്ഡിറ്റുകള്‍ സ്വത്തുക്കളും സമ്പാദ്യവും ഉപേക്ഷിച്ച് ജീവനെങ്കിലും രക്ഷിക്കാന്‍ സ്വന്തം ജന്മഭൂമിയില്‍നിന്നു കൂട്ടപ്പലായനം ചെയ്തിട്ടു കാല് നൂററാണ്ടു തികഞ്ഞു. എന്നെങ്കിലും അവര്‍ക്കു മടങ്ങിപ്പോകാനാകുമെന്ന പ്രതീക്ഷയാണ് അവരെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നത്.
അവരുടെ കൂട്ട പലായനത്തിന്റെ 25-ാം വര്‍ഷത്തില്‍ ന്യൂദല്‍ഹിയില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോദിക്ക് 2004 ജനുവരി 19-ന് ഒരു നിവേദനം സമര്‍പ്പിച്ചു. അതില്‍ അവര്‍ പറയുന്നു, മോദിയില്‍ അവര്‍ കാണുന്നത് ഇന്ത്യയുടെ മധ്യ യുഗത്തില്‍ ഔറംഗസീബിന്റ ദുര്‍ഭരണത്തെ ചെറുക്കാന്‍ തയ്യാറായ ഗുരു തേജ്ബഹാദൂര്‍ സിംഗിനെയാണെന്ന്. 19-ാം നൂറ്റാണ്ടില്‍ അഫ്ഗാന് ഭരണത്തിനെതിരേ പോരാട്ടത്തിനു മുന്നിട്ടിറങ്ങിയ മഹാരാജ് രഞ്ജിത് സിംഗിനെയാണെന്ന്. നിവേദനം ഇങ്ങനെ തുടരുന്നു:-“ഇന്ത്യന്‍ സംസ്ഥാനമെന്ന നിലയില്‍ കാശ്മീര്‍ പല പല വെല്ലുവിളികള്‍ നേരിടുകയാണ്. കാശ്മീരിലെ മതന്യൂനപക്ഷമായ ഹിന്ദുക്കളുടെ കൂട്ടപ്പലായനം അതിന്റെ പ്രകടമായ ഒരുദാഹരണമാണ്. ഈ മതപരമായ വിവേചനം മുമ്പും ഉണ്ടായിട്ടുണ്ട്, എന്നാല്‍ 1990-ലെ കൂട്ടപ്പലായനമാണ് മതേതര ജനാധിപത്യ ഇന്ത്യയില്‍ സംഭവിച്ച ഏറ്റവും ഭീതിദമായത്.
ഹിന്ദു ന്യൂനപക്ഷ വിഭാഗത്തെ ലക്ഷ്യമിട്ടു നടത്തിയ കൂട്ടക്കൊലപാതകങ്ങളാണ് കൂട്ടപ്പലായനത്തിനിടയാക്കിയത്, അത് പ്രദേശത്തെ ജനസംഖ്യാപരമായ സംതുലനം തകര്‍ത്തു. ഇത് സൂറിച്ച് ആസ്ഥാനമായ അന്താരാഷ്ട നീതിജ്ഞരുടെ സംഘടനയും ആഭ്യന്തരവകുപ്പിന്റെ പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയും ദേശീയ മനുഷ്യാവകാശ കമ്മീഷനും സ്വീകരിച്ചിട്ടുള്ള യാഥാര്‍ത്ഥ്യമാണ്.
എന്നാല്‍ ഇതു സംബന്ധിച്ച് ഒരു കമ്മീഷനും രൂപീകരിക്കപ്പെട്ടിട്ടില്ല, അന്വേഷണത്തിനുത്തരവുണ്ടായിട്ടുമില്ല. കാശ്മീരിലെ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചു വരികയുമാണ്. സത്യം കണ്ടെത്താന്‍ ഒരു സമിതിയുണ്ടാക്കണമെന്ന ആവശ്യം പോലും നടപ്പായിട്ടില്ല. കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ പലായനം ചെയ്യാന്‍ നിര്‍ബന്ധിതരായ കാശ്മീരികളെ തിരികെ പാര്‍പ്പിക്കാന്‍ പദ്ധതി അവതരിപ്പിച്ചിട്ടില്ല. പ്രധാനമന്ത്രിയുടെ കാശ്മീര്‍ പാക്കേജില്‍ പുനരധിവാസത്തെക്കുറിച്ച് ഒരു വാക്കുപോലുമില്ല.
ഇതിനൊപ്പമാണ് കാശ്മീരിന്റെ നാഗരിക ചരിത്രത്തില്‍ നിന്നുതന്നെ അവരെ തുടച്ചു നീക്കാനുള്ള ആസൂത്രിത പദ്ധതി. കാശ്മീരിലെ ശങ്കരാചാര്യ ഹില്‍, ഹരിപ്രഭാത് തുടങ്ങിയ ഔദ്യോഗിക പേരുകള്‍ ചട്ടവിരുദ്ധമായി മാറ്റിക്കഴിഞ്ഞു. അവിടത്തെ ക്ഷേത്രങ്ങളുടെയും മഠങ്ങളുടെയും സ്വത്തുക്കള്‍ സ്വകാര്യ വ്യക്തികള്‍ മാത്രമല്ല, സംസ്ഥാന സര്‍ക്കാര്‍തന്നെ പൊതു ആവശ്യത്തിന്റെ പേരുപറഞ്ഞ് കൈവശപ്പെടുത്തിക്കഴിഞ്ഞു.
എന്നാല്‍ മതേതരത്വം പറയുന്ന എല്ലാ രാഷ്ട്രീയ-സാമൂഹ്യ-പൗരസമിതികളും ഇക്കാര്യത്തില്‍ കനത്ത മൗനം ദീക്ഷിക്കുന്നുവെന്നതാണ് വലിയദുരന്തം. പലായനം ചെയ്യപ്പെട്ടവരെ സുരക്ഷിതരായി പുനരധിവസിപ്പിക്കാന്‍ ഒരു ശ്രമവും നടത്തുന്നില്ലെന്നതാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഇക്കാര്യത്തിലെ ഒത്തുകളി.
മധ്യകാലഘട്ടത്തില്‍ 1674-ല്‍ സമാനമായ അസഹിഷ്ണുതകള്‍ പ്രശ്നമുണ്ടാക്കിയ ഔറംഗസീബിന്റെ ഭരണകാലത്ത് പണ്ഡിറ്റ് കൃപാറാം ദത്തയുടെ നേതൃത്വത്തില്‍ ഗുരു തേജ് ബഹാദൂര്‍ജി മഹാരാജിനെ കണ്ട് ഇക്കാര്യത്തില്‍ അവര്‍ക്കു വേണ്ടി ഇടപെടണമെന്ന് പണ്ഡിറ്റുകള്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
മറ്റൊരിക്കല്‍ 19-ാം നൂറ്റാണ്ടില്‍, അഫ്ഗാന് ഭരണത്തിനെതിരേ ബീര്‍ബല്‍ ധാര്‍ എന്ന കാശ്മീരി പണ്ഡിറ്റ് നേതാവിനെ മുന്‍ നിര്‍ത്തി 1819-ല്‍ മഹാരാജാ രഞ്ജിത് സിംഗിനെ കണ്ട് കാശ്മീര്‍ വിമോചനം ആവശ്യപ്പെട്ടതിന്റെ ഫലമാണ് അഫ്ഗാന് ഭരണത്തിന്റെ അവസാനത്തിനു കാരണമായത്.
ആ ശ്രമത്തിന്റെ ഭാഗമായാണ്, രാജ്യത്തെ വലിയൊരു ജനവിഭാഗം, നാടിനെ അഴിമതിയില്‍നിന്നും അരാജകരാഷ്ട്രീയത്തില്നിന്നും മോചിപ്പിക്കാന്‍ ശക്തനായ ആളെന്ന നിലയില്‍ കാണുന്ന താങ്കളെ ഞങ്ങള്‍ സന്ദര്‍ശിക്കുന്നത്. അങ്ങയുടെ പരിശ്രമത്തിന് ഞങ്ങളെന്താണു ചെയ്യേണ്ടതെന്നു നിശ്ചയിച്ചാല്‍ അതു ചെയ്യാന്‍ ഒരുക്കമാണ്.
കാശ്മീരിനെ പുരാതന സംസ്കാരികതയിലൂന്നിയ ആധുനിക രാജ്യത്തിന്റെ ഭാഗമായി മാറ്റുന്ന, അഭിമാന പ്രതീകമാക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് അങ്ങയുടെ ശ്രദ്ധ പതിയുമെന്ന വിശ്വാസത്തോടെ.”
കാശ്മീരി പണ്ഡിറ്റു സമൂഹത്തിനു വേണ്ടി,
ഡോ. കെ. എന്‍. പണ്ഡിത
പ്രതികരിക്കാൻ ഇവിടെ എഴുതുക: