തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ തൊഴിലാളികളുടെ അംഗീകൃത സംഘടനകള്‍ക്ക് ലീഗിന്റെ വിലക്ക്. ലീഗിന്റെ സംഘടനയ്ക്ക് റഫറണ്ടത്തില്‍ അംഗീകാരം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് അംഗീകൃത സംഘടനകളുടെ പ്രവര്‍ത്തനത്തിന് വ്യവസായ വകുപ്പും കെല്‍ട്രോണ്‍ മാനേജ്മെന്റും തടയിടുന്നത്. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അംഗീകൃത സംഘടനകളുടെ യോഗം വിളിച്ചുചേര്ക്കാനാവാത്ത സ്ഥിതി വിശേഷമാണ് കെല്‍ട്രോണില്‍. അംഗീകാരമില്ലാത്ത ലീഗ് അനുകൂല സംഘടനാ പ്രതിനിധികളെ പങ്കെടുപ്പിക്കാതെ ചര്‍ച്ചകള്‍ നടത്താനാവില്ലെന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിക്കുന്നുത്.
മൂന്ന് സംഘടനകള്‍ക്കാണ് കെല്‍ട്രോണില്‍ റഫറണ്ടത്തില്‍ അംഗീകാരം ലഭിച്ചത്. സിഐടിയു നേതൃത്വത്തിലുള്ള കെല്‍ട്രോണ്‍ എംപ്ലോയീസ് അസോസിയേഷന്, ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള കെല്‍ട്രോണ്‍ എംപ്ലോയീസ് യൂണിയന്, സ്വതന്ത്രസംഘടനയായ കെല്‍ട്രോണ്‍ എംപ്ലോയീസ് ഓര്ഗനൈസേഷന് എന്നീ സംഘടനകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ജയരാജന് പ്രസിഡന്റായ സിഐടിയു സംഘടന 45 ശതമാനവും പാലോട് രവി പ്രസിഡന്റായ ഐഎന്‍ടിയുസി സംഘടന 25 ശതമാനവും സി. ദിവാകരന് എംഎല്‍എ പ്രസിഡന്റും പി. സുധാകരന് ജനറല്‍ സെക്രട്ടറിയുമായ സ്വതന്ത്രസംഘടന 21 ശതമാനവും വോട്ട് നേടിയാണ് റഫറണ്ടത്തില്‍ വിജയിച്ചത്. 15 ശതമാനമെങ്കിലും വോട്ടുനേടുന്ന സംഘടനകള്‍ക്കുമാത്രമേ അംഗീകാരം ലഭിക്കൂ. ലീഗ് എംഎല്‍എ അബ്ദുറഹിമാന് രണ്ടത്താണി പ്രസിഡന്റായ കെല്‍ട്രോണ്‍ എംപ്ലോയീസ് യൂണൈറ്റഡ് ഫോറത്തിന് ഒമ്പതു ശതമാനം വോട്ട് മാത്രമേ കിട്ടിയൂള്ളൂ. പി.കെ. കുഞ്ഞാലിക്കുട്ടി വ്യവസായ മന്ത്രിയായ ശേഷമാണ് യുണൈറ്റഡ് ഫോറം നിലവില്‍ വന്നത്. സിഐടിയു സംഘടന ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് റഫറണ്ടം നടത്തിയത്. റഫറണ്ടത്തില്‍ അംഗീകാരം ലഭിക്കാതെ വന്നതോടെ ആദ്യം സംഘടനകള്‍ക്ക് അംഗീകാര സര്‍ട്ടിഫിക്കറ്റ് നല്കാതിരിക്കാന് ശ്രമമുണ്ടായി. ഇത് വിവാദമായതോടെ സംഘടനകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്കി. എന്നാല്‍ പിന്നീട് ചര്‍ച്ചകളില്‍ യുണൈറ്റഡ് ഫോറത്തിന്റെ പ്രതിനിധികളെയും പങ്കെടുപ്പിക്കണമെന്ന ആവശ്യം ലീഗ് മുന്നോട്ടുവച്ചു. മറ്റ് സംഘടനകള്‍ ഇത് നടപ്പില്ലെന്ന് അറിയച്ചതോടെ ചര്‍ച്ചകള്‍ ഉപേക്ഷിക്കുന്ന നിലപാട് മാനേജ്മെന്റ് തുടര്‍ച്ചയായി സ്വീകരിക്കുകയായിരുന്നു.
കെല്‍ട്രോണ്‍ ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണ കാലാവധി 22 മാസം കഴിഞ്ഞിട്ടും ഇതു സംബന്ധിച്ച് യാതൊരു ചര്‍ച്ചകളും നടത്താനായിട്ടില്ല. 35 വര്‍ഷത്തിലേറെ സര്‍വ്വീസുള്ള ജീവനക്കാര്‍ പോലും പ്രൊമോഷന് കിട്ടാതെ വിരമിക്കുന്ന സ്ഥിതി വിശേഷമാണ് കെല്‍ട്രോണില്‍. 80 ശതമാനം കരാര്‍ ജീവനക്കാരാണ് കെല്ട്രോണിലുള്ളത്. പത്തുവര്‍ഷം കഴിഞ്ഞ കാഷ്വല്‍ ജീവനക്കാരനെ സ്ഥിരപ്പെടുത്തണമെന്ന് നിയമം നിലനില്‍ക്കുമ്പോഴും 15 വര്‍ഷത്തിലേറെയായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരെ സ്ഥിരപ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അംഗീകൃത സംഘടനകളുണ്ടായിട്ടുപോലും സാധ്യമല്ലാത്ത സ്ഥിതിവിശേഷമാണ് കെല്ട്രോണിലുള്ളത്. 25 വര്‍ഷത്തിനുശേഷം റഫറണ്ടത്തിലൂടെ സംഘടനകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ പോലും അവസരം നിഷേധിക്കപ്പെടുന്നതില്‍ ജീവനക്കാരുടെയിടയില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: