ആലപ്പുഴ: കൊച്ചി മെട്രോയിലെ വന്‍കിട നിര്‍മ്മാണ കമ്പനികള്‍ക്ക് സംസ്ഥാന ബജറ്റില്‍ 250 കോടിയുടെ വര്‍ക്ക്സ് കോണ്‍ട്രാക്ട് ടാക്സ് ഇളവു നല്‍കുന്നത് അഴിമതിയാണെന്ന് കേരളാ ഗവണ്മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി ആരോപിച്ചു.
മെട്രോയുടെ പണിപൂര്‍ത്തിയാകുമ്പോള്‍ കുറഞ്ഞത് 500 കോടി രൂപയുടെ നികുതി നഷ്ടം ഉണ്ടാകും. നിയമവിരുദ്ധമായ ഇളവുകള്‍ പിന്‍വലിച്ചില്ലെങ്കില്‍ അസോസിയേഷന് ഹൈക്കോടതിയെ സമീപിക്കും. വിപണി നിരക്കുകളേക്കാള്‍ ഉയര്‍ന്ന കരാര്‍ നിരക്കും, ബില്‍തുക വൈകുന്ന ഓരോ ദിവസത്തിനും പലിശയും നിര്‍മാണ ചിലവിനുണ്ടാകുന്ന വര്‍ധനവിന് പ്രത്യേക നഷ്ടപരിഹാരവും നല്കുന്ന സാഹചര്യത്തിലാണ് വീണ്ടും നികുതി ഇളവു നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചെറുകിട കരാറുകാര്‍ക്കുള്ള 2000 കോടി രൂപയുടെ കുടിശിക തീര്‍ക്കാന്‍ ബജറ്റില്‍ ഒരു രൂപ പോലും വകയിരുത്തിയിട്ടില്ല. ഈ സാമ്പത്തിക വര്‍ഷാവസാനം കുടിശിക 2500 കോടിയാകുമെന്നും അദ്ദേഹം പറഞ്ഞു. ക്വാറി, ക്രഷറുകളുടെ നികുതി നിരക്കുകള്‍ ഗണ്യമായി വര്‍ധിപ്പിച്ചത് പാറ, മെറ്റല്‍, എം സാന്റ്, എന്നിവയുടെ വിലവര്‍ധനവിനും അനധികൃത ഖാനനം വ്യാപകമാകുന്നതിനും കാരണമാകുമെന്നും കണ്ണമ്പള്ളി പറഞ്ഞു. മുഹമ്മദ് ഇസ്മയില്‍, എം.എസ് നൗഷാദ് അലി, കെ.കെ ശിവന്, ജോസ് പുല്പത്തറ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: