ആലുവ: ആന്ധ്രയില്‍ കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് നിരവധി മലയാളികള്‍ ജയിലില്‍ കഴിയുന്നു. മാവോയിസ്റ്റുകള്‍ക്ക് സ്വാധീനമുള്ള വനമേഖലയില്‍നിന്നും കഞ്ചാവ് കേരളത്തിലേക്ക് കടത്താന്‍ ശ്രമിക്കുന്നതിനിടെ ആന്ധ്ര അതിര്‍ത്തിയില്‍ പിടിയിലായവരാണ് ഇവരെല്ലാം. അടുത്തിടെ രാജാക്കാട് നൂറ് കിലോയിലേറെ കഞ്ചാവ് പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് കേരള പോലീസ് ആന്ധ്രയില്‍ എത്തിയപ്പോഴാണ് അവിടത്തെ ജയിലുകളില്‍ കഞ്ചാവ് കേസില്‍ പ്രതികളായി മലയാളികളുണ്ടെന്ന് വെളിപ്പെട്ടത്. ജയിലില്‍ കഴിയുന്നവരില്‍ വളരെയേറെ പേര് ഇടുക്കി സ്വദേശികളാണെന്ന് വ്യക്തമായിട്ടുണ്ട്. ഇവരെ സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തുവാനാണ് തീരുമാനം.
ഇടുക്കിയില്‍നിന്നും കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതിന് ബൈക്കുകള്വരെ ഉപയോഗിക്കുന്നുണ്ട്. അതുപോലെ ആന്ധ്രയില്‍നിന്നും പച്ചക്കറികളും മറ്റ് ഉല്‍പ്പന്നങ്ങളും കൊണ്ടുവരുന്ന വാഹനങ്ങളിലും രഹസ്യമായി കഞ്ചാവ് ഒളിപ്പിക്കുന്നുണ്ട്. ഇതിനായി പല വാഹനങ്ങളിലും പ്രത്യേക അറകളുണ്ട്. ആന്ധ്രയിലെ ചില സ്ഥലങ്ങളില്‍ കൃഷഭൂമി ഏറ്റെടുത്ത് ഇത് മറയാക്കി രഹസ്യമായി കഞ്ചാവ് കൃഷിയും നടത്തുന്നുണ്ട്. ആന്ധ്രയില്‍നിന്നും കൊണ്ടുവരുന്ന കഞ്ചാവ് ഇടുക്കിയിലെ കഞ്ചാവുമായി കൂട്ടിക്കലര്‍ത്തിയാണ് വില്‍പ്പന നടത്തുന്നത്. എന്നിട്ട് ഇത് സംസ്കരിച്ച് ഹഷീഷാക്കി വിദേശത്തേക്ക് കയറ്റിയയ്ക്കുകയാണ് ചെയ്യുന്നതെന്ന് പറയുന്നു. ഇടുക്കിയില്‍ കഞ്ചാവ് വില്പന സംഘങ്ങളില്‍ സ്ത്രീകളും കുട്ടികളും വരെയുണ്ട്. ഇവിടുത്തെ ചില വനാതിര്‍ത്തിയിലുള്ള പെട്ടിക്കടകളിലും കഞ്ചാവ് സുലഭമാണ്.
പ്രത്യേക പേര് നല്കിയാല് മാത്രമേ ഇത് നല്‍കുകയുള്ളൂ. പല സ്ഥലങ്ങളില്‍നിന്നും കഞ്ചാവ് വാങ്ങുന്നതിനുവേണ്ടി യുവാക്കള്‍ ഇവിടേക്ക് എത്തുകയും ചെയ്യുന്നുണ്ട്. ഇടുക്കിയിലെ കഞ്ചാവ് മാഫിയയെ അമര്‍ച്ച ചെയ്യുന്നതിന് വേണ്ടി എക്സൈസിന്റെ പ്രത്യേക സംഘം ഇപ്പോള്‍ ഇടുക്കിയില്‍ രംഗത്തുണ്ട്.
ഇടുക്കിയില്നിന്നുമാണ് കുട്ടികള്‍ക്കുവേണ്ടി കഞ്ചാവ് നിറച്ച ബീഡികള്‍ സുലഭമായി എത്തുന്നതെന്നും കണ്ടെത്തിയിരുന്നു. കഞ്ചാവ് കേസുകളില്‍ പിടിയിലാകുന്നവരുടെ കുടുംബത്തിന് കഞ്ചാവ് ലോബി കേസ് നടത്തിപ്പിനുള്‍പ്പെടെ സഹായങ്ങള്‍ ചെയ്തുകൊടുക്കാറുണ്ട്. അതുകൊണ്ടുതന്നെ ജയിലില്‍നിന്നും പുറത്തിറങ്ങിയാല്‍ തന്നെയും ഇവരിലേറെപേരും ഏതെങ്കിലും വിധത്തില്‍ കഞ്ചാവ് സംഘത്തിന്റെ സഹായികളുമായി തുടര്‍ന്നും പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. അതുപോലെ കേസില്‍ പിടിക്കപ്പെട്ട് ജാമ്യത്തില്‍ കഴിയുന്നവരുടെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: