ന്യൂദല്‍ഹി: യുപിഎ ഗവണ്മെന്റിന്റെ കാലത്ത് നശിപ്പിക്കപ്പെട്ടത് 2.43 ലക്ഷം ഹെക്ടര്‍ വനം. വ്യവസായങ്ങള്‍ തുടങ്ങുന്നതിനും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിയാണ് ഇത്രയേറെ വനം നശിപ്പിക്കപ്പെട്ടത്.
2004 മുതല്‍ 2013 വരെയുള്ള കാലഘട്ടത്തിനിടയിലാണ് 2.43 ലക്ഷം ഹെക്ടര്‍ വനം നശിപ്പിക്കപ്പെട്ടത്. എണ്ണ, ധാതു ഖാനനങ്ങള്ക്കായി 1.64 ലക്ഷം ഹെക്ടര്‍ വനമാണ് നശിപ്പിക്കപ്പെട്ടത്. വിവിധ പദ്ധതികളുടെ അനുമതി ലഭിച്ചാല്‍ 3.30 ലക്ഷം ഹെക്ടര്‍ വനം നശിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കേന്ദ്ര ഗവണ്മെന്റും സംസ്ഥാന ഗവണ്മെന്റുകളും വിവിധ പദ്ധതികളുടെ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങള്‍ നടത്തിവരുകയാണ്. ഇങ്ങനെ സംഭവിച്ചാല്‍ യുപിഎ ഗവണ്മെന്റിന്റെ കാലത്ത് മൊത്തം നശിപ്പിക്കപ്പെട്ട വനത്തിന്റെ വിസ്തീര്‍ണ്ണം 7.36 ലക്ഷം ഹെക്ടര്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. 40 ഹെക്ടറിലധികം വനം നശിപ്പിക്കപ്പെടുന്ന വ്യവസായങ്ങള്‍ക്കും മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമുണ്ട്.
വനം, പരിസ്ഥിതി വകുപ്പുകളുടെ പരിശോധനകള്‍ക്ക് ശേഷമാണ് അന്തിമാനുമതി ലഭിക്കുന്നത്. 2013ല്‍ മാത്രം 346 പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചത്. 18,345 ഹെക്ടര്‍ വനമാണ് ഈ പദ്ധതികള്‍ക്കായി വിട്ടുകൊടുത്തത്. വളരെ അപൂര്‍വ്വം പദ്ധതികള്‍ മാത്രമാണ് നിരസിക്കപ്പെട്ടിട്ടുള്ളത്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് 10,294 പദ്ധതികള്‍ക്കാണ് അനുമതി ലഭിച്ചത്. 331 പദ്ധതികള്‍ നിരസിക്കപ്പെട്ടു. സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനമെടുക്കേണ്ട നിരവധി പദ്ധതികള്‍ തീരുമാനമെടുക്കാതെ മാറ്റിവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: