ചെന്നൈ: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ കേന്ദ്രമന്ത്രിയും ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധിയുടെ മകനുമായ എം.കെ. അഴഗിരിയെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. കരുണാനിധിയുടെ മൂത്ത മകനാണ് 62 കാരനായ അഴഗിരി. പാര്‍ട്ടിയുടെ നിയന്ത്രണത്തിന് അഴഗിരിയുടെ സഹോദരനും മറ്റൊരു ഡിഎംകെ നേതാവുമായ എം.കെ. സ്റ്റാലിനും തമ്മില്‍ നീണ്ട കാലമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ടായിരുന്നു. അഴഗിരിയുടെ പുറത്താക്കലിലൂടെ 89 കാരനായ തന്റെ പിന്‍ഗാമിയായി സ്റ്റാലിനെ അവരോധിച്ചിരിക്കുകയാണ് കരുണാനിധി.
2010ല്‍ അഴഗിരി ഒരു പ്രഖ്യാപനം നടത്തിയതിലൂടെയാണ് കരുണാനിധിയുടെ കണ്ണില്‍ കരടായത്. തന്റെ പിതാവ് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനത്തു നിന്ന് പടിയിറങ്ങിയാല്‍ മുതിര്‍ന്ന സ്ഥാനങ്ങളിലേക്ക് ഡിഎംകെ തെരഞ്ഞെടുപ്പ് നടത്തുമെന്നായിരുന്നു അത്. ഇതെ തുടര്‍ന്ന് സ്ഥാനമൊഴിയാനുള്ള നീക്കത്തില്‍ നിന്ന് കരുണാനിധി പിന്മാറുകയുണ്ടായി. മറ്റൊരു പ്രാദേശിക പാര്‍ട്ടിയായ, നടന് വിജയകാന്ത് നേതൃത്വം നല്കുന്ന ഡിഎംഡികെയുമായി സഖ്യത്തിന് ഡിഎംകെ നീങ്ങുന്നതറിഞ്ഞ അഴഗിരി ഇതിനെതിരെ രൂക്ഷ വിമര്ശമുയര്ത്തിയതാണ് അദ്ദേഹത്തിനെതിരെ പെട്ടെന്നുള്ള ഈ നടപടിക്ക് കാരണമെന്ന് പറയപ്പെടുന്നു.
തമിഴ്നാട്ടിലെ മധുരാജ് ഭാഗത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ ഏറെ സമ്മതനാണ് അഴഗിരി. ഈ മേഖലയില്‍ വിജയകാന്തിന് ജനപ്രീതി ഏറി വരുന്നതില്‍ അഴഗിരി ആശങ്കപ്പെട്ടിരുന്നതായും ചില വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ജനുവരി ആദ്യം അഴഗിരിയുടെ അഞ്ച് അനുയായികളെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു. മധുരയിലെ വിവാദ പോസ്റ്ററിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെന്ന് ആരോപിച്ചാണ് സസ്പെന്‍ഡ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: