ആലുവ: ഇറിഗേഷന്‍ ഇലക്ട്രിക്കല്‍ വിഭാഗം തകരാറായതുമൂലം പമ്പുകളുടെ പ്രവര്‍ത്തനം നിലച്ചു. ജില്ലയിലെ ഒമ്പത് നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന ആലുവ ഇറിഗേഷന്‍ ഇലക്ട്രിക്കല്‍ സബ്ഡിവിഷന്റെ കീഴില്‍ 139 ലിഫ്റ്റ് ഇറിഗേഷന്‍ പമ്പുകളുണ്ട്. ഇതില്‍ പലതിന്റെയും പ്രവര്‍ത്തനം മോട്ടോര്‍ തകരാറിന്റെയും മറ്റും പേരില്‍ നിലച്ചിരിക്കുകയാണ്.
കഴിഞ്ഞ നവംബറില്‍ ഇറിഗേഷന്‍ പമ്പുകളുടെ പ്രവര്‍ത്തനം തുടങ്ങേണ്ടതായിരുന്നു. തകരാറിലായവ അറ്റകുറ്റപ്പണി നടത്തിയെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അവകാശപ്പെടുന്നത്. പണം ചെലവഴിച്ചതല്ലാതെ മോട്ടോറുകളുടെ തകരാര്‍ ഇതുവരെ പരിഹരിച്ചിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച പുതിയ മോട്ടോറുകളില്‍ ഇതുവരെ കമ്മീഷന് ചെയ്യാത്തവയുമുണ്ട്. മുട്ടം, കളമശ്ശേരി, കാലടി തുടങ്ങിയ പല സ്ഥലങ്ങളിലും പുതിയ മോട്ടോറുകള്‍ നോക്കുകുത്തിയായിരിക്കുകയാണ്. മോട്ടോര്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട 440 വാട്ട്സ് വൈദ്യുതിയില്ലാത്തതാണ് കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
കഴിഞ്ഞ വെള്ളപ്പൊക്ക സമയത്ത് വെള്ളം കയറി തകരാറിലായ മോട്ടോറുകള്‍ അറ്റകുറ്റപ്പണി നടത്തിയെങ്കിലും ഇപ്പോഴും പ്രവര്‍ത്തനസജ്ജമല്ല. വോള്‍ട്ടേജ് ക്ഷാമം മൂലം വളരെ കുറച്ച് സമയം മാത്രമേ പമ്പിംഗ് നടത്തുവാന്‍ സാധിക്കുന്നുള്ളൂ. ട്രാന്‍സ്ഫോര്‍മര്‍ മാറ്റിവച്ചാല്‍ മാത്രമേ കീഴ്മാട് കുട്ടമശ്ശേരിയിലെ ലിഫ്റ്റ് ഇറിഗേഷന്‍ പ്രവര്‍ത്തിക്കുകയുള്ളൂ. കയന്റിക്കരയിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയുടെ മോട്ടോര്‍ കത്തിയിട്ട് നാളുകളായി. ഇതുവരെയും നന്നാക്കിയിട്ടില്ല. ഏലൂക്കര പംഫൗസിലെ മോട്ടോര്‍ കഴിഞ്ഞ വെള്ളപ്പൊക്കത്തിന് നിശ്ചലമായതാണ്. പിന്നെ പ്രവര്‍ത്തിച്ചിട്ടില്ല. മുപ്പത്തട്ടം, ചെങ്ങമനാട്, ദേശം, കോയിക്കല്കടവ് എന്നീ പമ്പ് ഹൗസുകളുടെ സ്ഥിതിയും വ്യത്യസ്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: