ആലുവ: പീഡനത്തിനിരയായ ഒഡീഷ യുവതിയും ഭര്‍ത്താവും പൊലീസിന് നല്കിയ മൊഴിയിലെ വൈരുദ്ധ്യം അന്വേഷണത്തിന് തടസമാകുന്നു. പ്രതികളെത്തിയെന്ന് സംശയിക്കുന്ന കാര്‍ ഏത് തരത്തിലുള്ളതെന്നും സംഭവം നടന്ന സമയത്തെക്കുറിച്ചുമെല്ലാം യുവതിയ്ക്കും ഭര്‍ത്താവിനും വ്യത്യസ്ഥ അഭിപ്രായമാണുള്ളത്.
ഒരു മണിക്കാണ് സംഭവം നടന്നതെന്ന് യുവതിയുടെ ഭര്‍ത്താവ് മൊഴി നല്കിയപ്പോള് മൂന്നരയോടെയാണ് സംഭവമെന്നാണ് സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന ആര്.പി.എഫുകര്‍ മൊഴി നല്‍കിയിട്ടുള്ളത്. രാത്രി ഒരു മണിക്കും നാലിനും ഇടയില്‍ ആലുവ റെയില്‍വേ സ്റ്റേഷന് പരിസരത്ത് മൊബെയില്‍ ഫോണ്‍ ഉപയോഗിച്ചവരുടെ വിവരം ശേഖരിക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി എല്ലാ മൊബെയില്‍ ഫോണ്‍ കമ്പനികള്‍ക്കും കോള്‍ ലിസ്റ്റ് നല്‍കാനാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്കി.
റെയില്‍വേ സ്റ്റേഷന് പരിസരത്തെ സ്ഥാപനങ്ങളിലെ രഹസ്യ ക്യാമറകള്‍ പരിശോധിക്കാനുള്ള പോലീസിന്റെ തീരുമാനവും വേണ്ടത്ര ഗുണം ലഭിച്ചിട്ടില്ല. ഈ ഭാഗത്ത് ഒരു സ്ഥാപനത്തില്‍ മാത്രമാണ് കാമറയുള്ളത്. ഇത് ഇന്ന് ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. റെയില്‍വേ സ്റ്റേഷന് സ്ക്വയറിലെ ഒരു ബാങ്കിന്റെ എ.ടി.എം കൗണ്ടറിലും രഹസ്യ കാമറയുണ്ട്. ഇത് ലഭ്യമാക്കാനും നടപടിയെടുത്തിട്ടുണ്ട്. റെയില്‍വേ ഗുഡ്ഷെഡ് പരിസരത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ വാഗണര്‍ കാറിന്റെ ഉടമയായ കടുങ്ങല്ലൂര്‍ സ്വദേശിയോടും ഇന്ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, പീഡനത്തിനിരയായ യുവതി ഇന്നലെ ആശുപത്രി വിട്ടതിനെ തുടര്‍ന്ന് ചമ്പക്കര മഹിളാ മണ്ഡലിലേക്ക് മാറ്റി. യുവതിയുടെ പ്രായപൂര്‍ത്തിയാകാത്ത അനുജത്തിയ ചെയില്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കിയ ശേഷം കാക്കനാട് ചെയില്‍ഡ് ഹോമിലേക്കും മാറ്റിയിട്ടുണ്ട്. ഈ പെണ്‍കുട്ടിയെ ഇന്ന് വൈദ്യ പരിശോധനക്ക് വിധേയമാക്കും. ആശുപത്രി വിട്ട സാഹചര്യത്തില്‍ മക്കളുമായി നാട്ടിലേക്ക് മടങ്ങണമെന്ന് യുവതിയുടെ പിതാവ് പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും കേസുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്കായി കുറച്ചു ദിവസം കൂടി തങ്ങാന്‍ പോലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: