ന്യൂയോര്‍ക്ക്: അമേരിക്കന്‍ ബ്രോഡ്കാസ്റ്റിങ് കോര്പ്പറേഷന്, സി.ബി.എസ്., നാഷണല്‍ ബ്രോഡ് കാസ്റ്റിങ് കമ്പനി അമേരിക്കയിലെ ടെലിവിഷന്‍രംഗം നിയന്ത്രിക്കുന്ന ഭീമന് കമ്പനികള്‍. ഒരു കുഞ്ഞന്‍ ആന്റിനയിലൂടെ വന്‍കിടക്കാരെ വെല്ലുവിളിക്കുകയാണ് ഒരു ഇന്ത്യക്കാരന്. പേര് ചേത് കനോജിയ. കേബിളും ടി.വി.യും ഇല്ലാതെ ടെലിവിഷന്‍ പരിപാടികള്‍ കണ്മുന്നിലെത്തിക്കുന്ന ആന്ിന. അതാണ് അമേരിക്കന്‍ ടി.വി. വ്യവസായത്തെ പിടിച്ചുലയ്ക്കുന്ന ചേത് കനോജിയ കണ്ടുപിടിത്തം.
വായുവിലൂടെ പോകുന്ന ഏത് ചാനല്‍ പരിപാടികളും ഈ ആന്റിന പിടിച്ചെടുക്കും. ടി.വി. ഉണ്ടെങ്കില്‍ അതിലൂടെ കാണാം. കമ്പ്യൂട്ടര്‍, സ്മാര്‍ട്ട്ഫോണ്‍, ഐപോഡ്, ഐപാഡ് എന്നിവയില്‍ ഏതെങ്കിലും മതി. ചാനല്‍ പരിപാടികള്‍ ലൈവ് ആയി കാണാം. റെക്കോര്‍ഡ് ചെയ്ത് സൂക്ഷിക്കാം. പ്രതിമാസം എട്ടുഡോളറില് മാത്രം തുടങ്ങുന്ന വരിസംഖ്യ.
രണ്ടുവര്‍ഷം മുന്‍പ് ‘എരിയോ’ എന്ന പേരില്‍ ന്യൂയോര്‍ക്കിലാണ് കനോജിയ കമ്പനി തുടങ്ങിയത്. അമേരിക്കയിലെ 20 നഗരങ്ങളില്‍ ഇപ്പോള്‍ എരിയോയുടെ സേവനം ലഭ്യമാണ്. അമേരിക്കയെ ഞെട്ടിച്ച കണ്ടുപിടിത്തിലൂടെയല്ല കനോജിയയുടെ കുഞ്ഞന്‍ ആന്റിനയും എരിയോയും ഇപ്പോള്‍ വാര്‍ത്തയാകുന്നത്. പകര്പ്പവകാശമില്ലാതെയുള്ള എരിയോയുടെ പ്രവര്‍ത്തനം തടയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുകയാണ് അമേരിക്കയിലെ വന്‍കിട ടെലിവിഷന്‍ കമ്പനികളും കേബിള്‍ ഉടമകളും. ഏപ്രില്‍ ഒന്നിന് യു.എസ്. സുപ്രീംകോടതി വാദം കേള്‍ക്കും. വായുവിലൂടെ പോകുന്ന തരംഗങ്ങള്‍ ആര്‍ക്കും സ്വന്തമല്ലെന്നാണ് കനോജിയയുടെ വാദം. ടെലിവിഷന്‍ വ്യവസായത്തെ ജനകീയമാക്കുന്നതാണ് തന്റെ കണ്ടുപിടിത്തമെന്നും അദ്ദേഹം പറയുന്നു.
അമേരിക്കയില്‍ ഇപ്പോഴും 5.5 കോടി ജനങ്ങള്‍ ആന്റിന ഉപയോഗിച്ചാണ് ടി.വി. പരിപാടികള്‍ കാണുന്നത്. ഇവരെ തടയാന്‍ ആര്‍ക്കും അവകാശമില്ലാത്തതുപോലെ തന്നെയാണ് എരിയോയുടെ കാര്യവുമെന്ന് കനോജിയ പറയുന്നു. ഭോപ്പാലിലെ ഒരു ഇടത്തരം കുടുംബത്തിലാണ് കനോജിയ ജനിച്ചത്.
മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയശേഷം അമേരിക്കയിലെ നോര്‍ത്ത് ഈസ്റ്റേണ്‍ സര്‍വകലാശാലയില്‍നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടി. നാവിക് സിസ്റ്റം എന്ന കമ്പനി ആദ്യം രൂപവത്കരിച്ചെങ്കിലും 2008ല്‍ 2.5 കോടി ഡോളറിന് മൈക്രോസോഫ്റ്റിന് വിറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: