കൊച്ചി: അധോലോക സംഘാംഗം മഹാരാഷ്ട്ര മന്ത്രിക്കൊപ്പം വിഐപിയായി തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയത് വിവാദമാകുന്നു. മഹാരാഷ്ട്ര ഭവനമന്ത്രി സച്ചിന് അഹിറിനൊപ്പം വൈകുണ്ഠ ഏകാദശി നാളിലാണ് ഛോട്ടാ ഷക്കീല്‍ സംഘാംഗമായ മുംബൈയിലെ അജയ് നവന്ദര്‍ തിരുപ്പതി ദേവദര്‍ശനം നടത്തിയത്.
ഇന്ത്യന്‍ ഭരണകൂടം തേടുന്ന അധോലോക നായകന് ദാവൂദ് ഇബ്രാഹിമിന്റെ വലംകൈയാണ് മുംബൈയിലെ ഛോട്ടാഷക്കീല്‍. വൈകുണ്ഠ ഏകാദശി നാളില്‍ (ജനുവരി 11) രാവിലെ നാലിനാണ് അജയ് നവന്ദര്‍ ക്ഷേത്രദര്‍ശനം നടത്തിയതെന്ന് ടിഡിപി എംഎല്‍എ മുഡ്ഡു കൃഷ്ണമ്മ നായിഡു പരാതി ഉന്നയിച്ചിരുന്നു. മൂന്നു ദിവസം തിരുമലയില്‍ താമസിച്ച അജയ് നവന്ദര്‍ രണ്ടുപ്രാവശ്യം ക്ഷേത്രദര്‍ശനം നടത്തിയതായാണ് പറയുന്നത്.
നവന്ദറിന്റെ വിഐപി പരിഗണനയിലുള്ള ക്ഷേത്രദര്‍ശനം വിവാദമായതോടെ ക്ഷേത്ര ഭരണാധികാരികള്‍ വിശദീകരണവുമായി രംഗത്തിറങ്ങുകയും ചെയ്തു. അജയ് നവന്ദര്‍ അധോലോക സംഘാംഗമാണെന്ന് തങ്ങള്‍ക്കറിയില്ലെന്നും സാധാരണഗതിയില്‍ മന്ത്രിക്കൊപ്പമെത്തിയയാള്ക്ക് വിഐപി പരിഗണന നല്‍കുക മാത്രമാണ് ചെയ്തതെന്നും ടിടിഡി ചെയര്മാന് കണ്ണുമുറൈ ബാപ്പിരാജു അറിയിച്ചു.
ഒരു ലക്ഷത്തോളം തീര്‍ത്ഥാടകരാണ് വൈകുണ്ഠ ഏകാദശി നാളില്‍ തിരുപ്പതി ക്ഷേത്രദര്‍ശനം നടത്തിയത്. ആയിരത്തിലേറെപ്പേര്‍ക്ക് വിഐപി ദര്ശനപാസ് നല്‍കുകയും ചെയ്തതായി ക്ഷേത്ര ഭരണാധികാരികള്‍ പറഞ്ഞു. അധോലോക സംഘാംഗം വിഐപി പരിഗണനയില്‍ ക്ഷേത്രദര്‍ശനം നടത്തിയതിനെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ടിഡിപി എംഎല്‍എ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ താന്‍ അധോലോക സംഘാംഗമല്ലെന്നും തനിക്കെതിരെ കേസണ്‍നും ഇല്ലെന്നും ആരോപണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അജയ് നവന്ദര്‍ പറഞ്ഞു.
അജയ് നവന്ദറിന്റെ ക്ഷേത്രസന്ദര്‍ശനം വിവാദമായതോടെ ക്ഷേത്രസുരക്ഷാ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. തിരുപ്പതി ദേവദര്ശനത്തിന്റെ സവിശേഷ ദിനമാണ് വൈകുണ്ഠ ഏകാദശി ദര്‍ശനം. രത്നകിരീടവും സ്വര്‍ണാഭരണങ്ങളും വിശേഷ ആഭരണങ്ങളുമായി തിരുമല വെങ്കടാചലപതി ദേവനെ അലങ്കരിച്ച് കൊണ്ടുള്ളതാണ്. ദേവദര്‍ശനം, ഒപ്പം വൈകുണ്ഠ ദ്വാരപ്രവേശനവും ഏകാദശി-ദ്വാദശി നാളുകളില്‍ മാത്രമുള്ള സവിശേഷതയാണ്. 20 മണിക്കൂര്‍ മുതല്‍ 32 മണിക്കൂര്‍ വരെ കാത്തുനിന്നാണ് ഭക്തര്‍ ഈ നാളുകളില്‍ ദര്‍ശനം നടത്തുക. രാവിലെ നിശ്ചിത സമയത്താണ് വിവിഐപി-വിഐപി ദര്‍ശന സൗകര്യം ലഭിക്കുക. ഈ സമയത്ത് സാധാരണ ഭക്തജനദര്‍ശനം നിര്‍ത്തിവെക്കുകയാണ് ചെയ്യുക.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: