കാസര്‍കോട്: സിഐ ഉള്‍പ്പെടെയുള്ളവരെ അക്രമിച്ച് പരിക്കേല്‍പ്പിച്ചവര്‍ക്കെതിരെ ഭരണകക്ഷി സമ്മര്‍ദ്ദത്തിനുവഴങ്ങി നടപടിയെടുക്കാന്‍ പോലുമാകാത്ത നിസഹായാവസ്ഥയില്‍ പോലീസിനുള്ളില്‍ അമര്‍ഷം പുകയുന്നു. മുസ്ളിംലീഗിണ്റ്റെ താത്പര്യത്തിനുവഴങ്ങിയാണ് ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്. ഇതിനെതിരെ സംസ്ഥാന ആഭ്യന്തരവകുപ്പിന് പരാതി നല്‍കുന്നതിനുള്ള തയ്യാറെടുപ്പും ചിലര്‍ നടത്തിവരുന്നുണ്ട്. നബിദിനാഘോഷവുമായി ബന്ധപ്പെട്ട് രണ്ടിടങ്ങളിലാണ് പോലീസിനുനേരെ ആക്രമണമുണ്ടായത്. അതിനുമുമ്പ് കുമ്പളയിലും പോലീസ് അക്രമിക്കപ്പെട്ടു. ബുധനാഴ്ച രാത്രി ആറങ്ങാടിയിലുണ്ടായ അക്രമത്തില്‍ വെള്ളരിക്കുണ്ട് സിഐ എം.വി.അനില്‍കുമാര്‍, ഹൊസ്ദുര്‍ഗ്ഗ് അഡീഷണല്‍ എസ്ഐ സുരേന്ദ്രന് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. പട്ടാളവേഷത്തെ ചൊല്ലിയുണ്ടായ സംഘര്‍ഷം നിയന്ത്രിക്കാനെത്തിയപ്പോഴായിരുന്നു പോലീസ് അക്രമിക്കപ്പെട്ടത്. വെള്ളിയാഴ്ച അണങ്കൂരിലുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാനഗര്‍ അഡീഷണല്‍ എസ്ഐ ഇ.രവീന്ദ്രനാണ് പരിക്കേറ്റത്. അണങ്കൂരില്‍ പോലീസിനെ അക്രമിച്ചവരില്‍ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ഇവരെ വിട്ടയക്കേണ്ടതായും വന്നു. ‘മുകളില്‍ നിന്നും വിളി വന്നു’വെന്നാണ് ഇതേക്കുറിച്ച് പോലീസുദ്യോഗസ്ഥര്‍ പ്രതികരിച്ചത്. ലീഗ് എംഎല്‍എമാരുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥന് ഇടപെട്ടാണ് പ്രതികളെ വിട്ടയച്ചത്. ഇത് പോലീസുകാരില്‍ കടുത്ത അമര്‍ഷത്തിനിടയാക്കിയിട്ടുണ്ട്. അക്രമത്തില്‍ ഇരയായ പോലീസുകാരനേക്കാള്‍ പ്രതികളോടാണ് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് താത്പര്യമെന്ന് ഇവര്‍ ആക്ഷേപിക്കുന്നു. സംഭവത്തില്‍ പത്ത് പേര്‍ക്കെതിരെ കേസെടുത്തെങ്കിലും ഒരാളെപ്പോലും പിടികൂടാന്‍ ഇതുവരെ സാധിച്ചിട്ടില്ല. നടപടി പോലീസിലെ തന്നെ ചിലര്‍ നേരിട്ട് തടസ്സപ്പെടുത്തുന്നുവെന്നാണ് പരാതി. ആറങ്ങാടിയിലെ അക്രമത്തില്‍ ഹൊസ്ദുര്‍ഗ്ഗ് പോലീസ് ൫൦ പേര്‍ക്കെതിരെയാണ് കേസെടുത്തത്. ദിവസങ്ങള്‍ പിന്നിടുമ്പോഴും ഒരാളെ മാത്രമാണ് അറസ്റ്റ് ചെയ്യാനായതും. കൃത്യനിര്‍വ്വഹണത്തിനിടെ നിരന്തരമായി പോലീസുകാര്‍ അക്രമിക്കപ്പെടുകയും നടപടിയുണ്ടാകാതിരിക്കുകയും ചെയ്യുന്നത് പോലീസ് സേനയുടെ ആത്മവിശ്വാസം ചോര്‍ത്തുകയാണ്. പോലീസിണ്റ്റെ ഭാഗത്തുനിന്നും യാതൊരുവിധ പ്രകോപനങ്ങളുമുണ്ടായിരുന്നില്ല. ആസൂത്രിതമായിരുന്നു അക്രമങ്ങള്‍. സംഘര് ഷം തടയാനെത്തിയ പോലീസുകാരെയാണ് ആറങ്ങാടിയില്‍ അക്രമിച്ചതെങ്കില്‍ റോഡ് ഉപരോധം നീക്കാനെത്തിയപ്പോ ഴാണ് അണങ്കൂരില്‍ അക്രമത്തിനിരയായത്. പൊതുസ്ഥലങ്ങളില്‍ നിന്നും ആഘോഷങ്ങള്‍ക്കുശേഷം കൊടിതോരണങ്ങള്‍ നീക്കം ചെയ്യണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവുണ്ട്. സംഘര്‍ഷസാധ്യത പരിഗണിച്ചാണിത്. സമാധാന യോഗത്തിലും ഇതേ തീരുമാനം കൈക്കൊണ്ടിരുന്നു. ഇത് നടപ്പിലാക്കാന്‍ ശ്രമിക്കുകമാത്രമാണ് അണങ്കൂരില്‍ പോലീസ് ചെയ്തത്. എന്നാല്‍ ഇതിനെതിരെ പരസ്യമായി ലീഗ് എംഎല്‍എ എന്‍.എ.നെല്ലിക്കുന്ന് രംഗത്തെത്തുകയും അക്രമികളെ പിന്തുണയ്ക്കുകയും ചെയ്തു. എംഎല്എയ്ക്കുപുറമെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇതേ നിലപാട് കൈക്കൊണ്ടതോടെ മറ്റുപോലീസുകാര്‍ വെട്ടിലായി. പോലീസെടുക്കുന്ന തീരുമാനം ഭരണകക്ഷിക്കാരെ പ്രീതിപ്പെടുത്തുന്നതിന് പോലീസിലെ തന്നെ ചിലര്‍ അട്ടിമറിക്കുകയാണ്. മതതീവ്രവാദ സംഘങ്ങള്‍ക്കുവേണ്ടി മുസ്ളിംലീഗ് സമ്മര്‍ദ്ദം ചെലുത്തുന്നത് മുമ്പെങ്ങുമില്ലാത്ത വിധം വര്‍ദ്ധിക്കുകയാണെന്ന് പോലീസുകാര്‍ പറയുന്നു. ഇത് ചൂണ്ടിക്കാട്ടി ജില്ലയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ തെളിവ് സഹിതം ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കാനിരിക്കുകയാണ് ഒരു വിഭാഗം. പോലീസിണ്റ്റെ ആത്മവീര്യം തകര്‍ക്കുന്ന നടപടികള്‍ ജില്ലയുടെ ക്രമസമാധാനത്തിന് കനത്ത തിരിച്ചടിയാകുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. പട്ടാളവേഷക്കേസില് അന്വേഷണം ഇഴയുന്നതും പോലീസിനെതിരെ ആരോപണമുയരുന്നു. ഇതില്‍ നിസാരവകുപ്പിന് കേസെടുത്തതിലും ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: