സിഡ്നി: ഇംഗ്ലണ്ടിനെതിരായ ഏകദിനപരമ്പരയും ഓസ്ട്രേലിയക്ക്. അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പരയിലെ മൂന്നാം ഏകദിനത്തില്‍ 7 വിക്കറ്റിന് വിജയിച്ചാണ് കംഗാരുക്കള്‍ പരമ്പര സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 10 ഓവര്‍ ബാക്കിനില്‍ക്കേ മുന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 244 റണ്‍സെടുത്താണ് വിജയവും പരമ്പരയും സ്വന്തമാക്കിയത്. പുറത്താകാതെ 71 റണ്‍സ്നേടിയ ഷോണ്‍ മാര്‍ഷും 71 റണ്‍സ് നേടിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെയും മികച്ച ബാറ്റിംഗാണ് ഓസ്ട്രേലിയക്ക് തകര്‍പ്പന്‍ വിജയം സമ്മാനിച്ചത്. 54 റണ്‍സെടുത്ത മോര്‍ഗനാണ് ഇംഗ്ലീഷ് നിരയിലെ ടോപ് സ്കോറര്‍.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ കുക്കും ബെല്ലും ചേര്‍ന്ന് 50റണ്‍സെടുത്തു. 35 റണ്‍സെടുത്ത കുക്ക് പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് അവസാനിച്ചത്. സ്കോര്‍ 70 റണ്‍സിലെത്തിയപ്പോള്‍ 29 റണ്‍സെടുത്ത ഇയാന്‍ ബെല്‍ റണ്ണൗട്ടായി. സ്റ്റോക്ക് 15ഉം ബല്ലാന്‍സ് 26ഉം റണ്‍സെടുത്ത് പുറത്തായതോടെ ഇംഗ്ലണ്ട് നാലിന് 121 എന്ന നിലയിലായി. പിന്നീട് രവി ബൊപ്പാറയും ഇയോണ്‍ മോര്‍ഗനും ചേര്‍ന്ന് സ്കോര്‍ 177 റണ്‍സിലെത്തിച്ചു. 21 റണ്‍സെടുത്ത ബൊപ്പാറയും 54റണ്‍സെടുത്ത മോര്‍ഗനും പുറത്തായതോടെ ഇംഗ്ലണ്ട് 6ന് 186 എന്നനിലയിലായി. പിന്നീട് അവസാന ഓവറുകളില്‍ അടിച്ചുതകര്‍ത്ത ടിം ബ്രസ്നനാണ് ഇംഗ്ലണ്ട് സ്കോര്‍ 243-ല്‍ എത്തിച്ചത്. 29 പന്തുകളില്‍ നിന്ന് മൂന്ന് ബൗണ്ടറികളും രണ്ട് സിക്സറുമടക്കം ബ്രസ്നന് 41 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഓസീസിന് വേണ്ടി കള്ട്ടര്നെയില് മൂന്നും ജയിംസ് ഫോക്നര്‍, ഡാനിയല്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ രണ്ടും വിക്കറ്റ് വീതമെടുത്തു.
മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയക്ക് സ്കോര്‍ 43-ല്‍ നില്‍ക്കേ 22 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ വാര്‍ണറും ഷോണ്‍ മാര്‍ഷും ഒത്തുചേര്‍ന്നതോടെ ഓസ്ട്രേലിയ പിടിമുറുക്കി. 70 പന്തില്‍ 7 ബൗണ്ടറികളും രണ്ട് കൂറ്റന്‍ സിക്സറുകളും ഉള്‍പ്പെടെ 71 റണ്‍സെടുത്ത വാര്‍ണര്‍ പുറത്തായതോടെയാണ് 78 റണ്‍സിന്റെ കൂട്ടുകെട്ട് പിരിഞ്ഞത്. പിന്നീടെത്തിയ ക്യാപ്റ്റന്‍ മൈക്കല്‍ ക്ലാര്‍ക്ക് 28 പന്തുകളില്‍ നിന്ന് 34റണ്‍സെടുത്ത് മടങ്ങി. പിന്നീട് ഷോണ്‍ മാര്‍ഷും ബ്രാഡ് ഹാഡിനും (35 നോട്ടൗട്ട്) ചേര്‍ന്ന് കംഗാരുക്കളെ വിജയത്തിലേക്ക് നയിച്ചു. ഡേവിഡ് വാര്‍ണറാണ് മാന്‍ ഓഫ് ദ മാച്ച്. പരമ്പരയിലെ നാലാം ഏകദിനം 24-ന് പെര്‍ത്തില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: