ന്യൂദല്‍ഹി: പോയതുപോലെതന്നെ പെട്ടെന്നാണ്സുനന്ദ പുഷ്കര്‍ വന്നതും. മൂന്നുവര്‍ഷം മുമ്പുവരെ ഇങ്ങനെയൊരു പേരു കേട്ടിരുന്നില്ല. പെട്ടെന്ന് ദല്‍ഹിയിലെ സമ്പന്നരുടെ പാര്‍ട്ടികളില്‍ സുനന്ദതാരമാവുകയായിരുന്നു. അങ്ങനെയിരിക്കെ ലളിത് മോദിയുടെ ഐപിഎല്‍ മാമാങ്കത്തില്‍ കൊച്ചിഐപിഎല് ടീമായ കൊച്ചിന് ടസ്കേഴ്സിനു വേണ്ടി രംഗത്തെത്തിയതോടെയാണ് ആരാണീ സുനന്ദയെന്ന ചോദ്യം ആദ്യമായുയര്‍ന്നത്. പക്ഷേ അതിനകം ശശിതരൂരിന്റെ മാത്രമല്ല, കണ്ടുമുട്ടിയവരുടെയെല്ലാം കൂട്ടുകാരിയായി മാറിയിരുന്നു സുനന്ദ.
മന്ത്രിമാര്‍ മുതല്‍ ബോളിവുഡ് താരങ്ങള്‍ വരെ സുനന്ദയുടെ ചങ്ങാതിക്കൂട്ടത്തിലുണ്ടായിരുന്നു. ജമ്മുവില്‍നിന്നുള്ള ഈ സുന്ദരിയുടെ അച്ഛന് പഴയ സൈനികനായിരുന്നു. ശശി തരൂരിനെ വിവാഹം ചെയ്തപ്പോള്‍ അതു സുനന്ദയുടെയും മൂന്നാം വിവാഹമായിരുന്നു. രണ്ടാം ഭര്‍ത്താവ് സുജിത് മേനോന് ഒരു അപകടത്തിലാണ് കൊല്ലപ്പെട്ടത്.
ആദ്യഭര്‍ത്താവ് സഞ്ജയ് റെയ്നയുടെ അടുത്ത സുഹൃത്തായിരുന്നു സുജിത്. സഞ്ജയും സുനന്ദയും തമ്മില്‍ പിരിഞ്ഞശേഷം സഞ്ജയ് ആത്മഹത്യചെയ്യുകയായിരുന്നുവെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
2010 ഏപ്രില്‍: ഐപിഎല്‍ വിവാദകാലം. സുനന്ദ റൊണ്ദേവുസ് സ്പോര്‍ട്സ് വേള്‍ഡിന്റെ ഉടമകളില്‍ ഒരാളായിരുന്നു. കൊച്ചി ഐപിഎല്‍ ടീമിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഈ സംവിധാനത്തില്‍ ശശി തരൂര്‍ മുടക്കിയെന്നു പറയപ്പെട്ടിരുന്ന 70 കോടി രൂപയുടെ ഉറവിടം പ്രശ്നമായപ്പോള്‍ അവിടെ തരൂരിന്റെ രക്ഷക്കെത്തിയതു സുനന്ദയായിരുന്നു. ഐപിഎല്‍ ടീം സ്വന്തമാക്കാന്‍ കൊച്ചി ഫ്രാഞ്ചൈസിയെ സഹായിച്ച തരൂര്‍ സുനന്ദയെ മുന്‍നിര്‍ത്തി ഉടമകളില്‍ നിന്ന് 70 കോടി രൂപ വാങ്ങിയെന്നായിരുന്നു ആരോപണം. ഒടുവില്‍ വിയര്‍പ്പ് ഓഹരിയെന്ന് വിലയിരുത്തപ്പെട്ട പണം വേണ്ടെന്നുവച്ച സുനന്ദ ഈ രംഗത്തുനിന്ന് പിന്മാറുകയും തരൂരിന്റെ മുഖം രക്ഷിക്കുകയും ചെയ്തു. തരൂരുമായുള്ള ബന്ധത്തിലുണ്ടായ അപസ്വരങ്ങള്‍ക്കിടയില്‍ ഐപിഎല്‍ വിവാദത്തില്‍ തരൂരിനെ രക്ഷിച്ചതു താനാണെന്ന് സുനന്ദ വിളിച്ചു പറയുകയുമുണ്ടായി.
2010 ആഗസ്റ്റ്: ഈ വിവാദങ്ങള്‍ കൊടുമ്പിരിക്കൊണ്ടിരിക്കെ സുനന്ദയെ തരൂര്‍ വിവാഹം ചെയ്തു. തെരഞ്ഞെടുപ്പില്‍ തരൂരിനു വേണ്ടി സുനന്ദ പ്രചാരണം നടത്തുമെന്നും വാര്‍ത്തകള്‍ വന്നു.
2012 ഒക്ടോബര്‍: തരൂരുമൊത്ത് തിരുവനന്തപുരത്ത് വിമാനത്താവളത്തില്‍ വന്നിറങ്ങിയ സുനന്ദ അവിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തരൂരിനൊരുക്കിയ സ്വീകരണത്തിനിടെ ഒരു പ്രവര്‍ത്തകനെ തല്ലി. തന്നോട് അപമര്യാദയായി പെരുമാറിയെന്നായിരുന്നു കാരണം പറഞ്ഞത്. ടെലിവിഷന്‍ ചാനലുകള്‍ ഇതിന്റെ ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു.
2012 ഒക്ടോബര്‍: സുനന്ദ വീണ്ടും വാര്‍ത്തകളിലെത്തിയത് ഗുജറാത്ത് മുഖ്യമന്ത്രി തരൂരിനെതിരേ നടത്തിയ ചില പരാമര്‍ശങ്ങളെ തുടര്‍ന്നാണ്. തരൂരിന്റെ ഭാര്യ 50 കോടി രൂപ വിലയുള്ള കാമുകിയായിരുന്നുവെന്ന് മോദി പറഞ്ഞു. ട്വിറ്ററിലൂടെ ഇതിനെച്ചൊല്ലി വാദവിവാദങ്ങളുണ്ടായി. അന്ന് സുനന്ദയെക്കുറിച്ച് തരൂര്‍ പറഞ്ഞത് അവര്‍ വില നിശ്ചയിക്കാനാവാത്ത സ്വത്താണെന്നാണ്.
2013 മെയ്: ഇരുവരുടെയും ദാമ്പത്യ ജീവിതത്തില്‍ അപസ്വരങ്ങളുണ്ടായെന്ന് വാര്‍ത്തകള്‍ വന്നു. അക്കാലത്ത് ഇരുവരും വെവ്വേറേയാണ് പാര്‍ട്ടികളിലും മറ്റും പങ്കെടുത്തിരുന്നത്. അതു തരൂരിന്റെ മന്ത്രിജോലിത്തിരക്കുകൊണ്ടായിരുന്നുവെന്നാണ് സുനന്ദ വിശദീകരിച്ചിരുന്നത്.
2014 ജനുവരി: വീണ്ടും ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് സുഖകരമല്ലാത്ത വാര്‍ത്തകള്‍ വന്നു. സുനന്ദ ഭര്‍ത്താവ് തരൂരിനെതിരേ ഏറെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതായി വാര്‍ത്തകള്‍ വന്നു. ഒടുവില്‍ ജനുവരി 17-ന് രാത്രി ദുരൂഹതകള്‍ ഏറെ ഉയര്‍ത്തിക്കൊണ്ട് സുനന്ദയെ ദല്‍ഹിയില്‍ ഹോട്ടല്‍ ലീലാ പാലസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: