കൊല്‍ക്കത്ത: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ബോളിവുഡ് നടന് മിഥുന് ചക്രവര്‍ത്തിയെ നിര്‍ദ്ദേശിച്ചു.
പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത്. സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റായ ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. പ്രശസ്ത ചലച്ചിത്ര നടനായ മിഥുന് ചക്രവര്‍ത്തി അദ്ദേഹത്തിന്റെ ജീവിതം നിരവധി സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തനങ്ങളിലൂടെയാണ് വലിയ വിജയമാക്കിയത്. അദ്ദേഹം പശ്ചിമബംഗാളിന്റെ മാത്രം സ്വത്തല്ല.
രാജ്യത്തിന്റെ മുഴുവനുമാണ്. മിഥുന് ചക്രവര്‍ത്തിയെ നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ അഭിമാനമുണ്ടെന്നും മമത അഭിപ്രായപ്പെട്ടു. ഫെബ്രുവരി ഏഴിനാണ് രാജ്യസഭാ തെരഞ്ഞെടുപ്പ്. അഞ്ച് രാജ്യസഭാ സീറ്റുകളുള്ള ബംഗാളില്‍ ഇനിയും നാമനിര്‍ദ്ദേശം പൂര്‍ത്തിയായിട്ടില്ല.
മമതയുമായി ഏറ്റവും അടുത്ത ബന്ധമുള്ള ചക്രവര്‍ത്തി കൊല്‍ക്കത്ത അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ കഴിഞ്ഞ രണ്ട് എഡിഷനിലും പങ്കെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: