മരട്: മന്ത്രിമാര്‍ക്ക് വഴിയൊരുക്കാനായി പോലീസ് നടത്തിയ പരിധിവിട്ടുള്ള ഗതാഗത നിയന്ത്രണങ്ങളില്‍ വന്‍ പ്രതിഷേധം. വിവിഐപി യാത്രകളുടെ പേരില്‍ തിരക്കേറിയ കുണ്ടന്നൂര്‍ ജംഗ്ഷനിലാണ് സിഗ്നല്‍ ലൈറ്റുകള്‍ അണച്ച് വാഹനങ്ങള്‍ നിയന്ത്രിച്ചത്. ഇതോടെ ഇന്നലെ രാവിലെ മുതല്‍ 8 മണിക്കൂറോളം ഗതാഗതക്കുരുക്കില്‍പ്പെട്ട് പൊതുജനം നട്ടംതിരിഞ്ഞു.
കുണ്ടന്നൂര്‍-പേട്ട റോഡില്‍ പൈപ്പ് സ്ഥാപിക്കുന്നതിനായി ഒരുഭാഗം വെട്ടിപ്പൊളിക്കുന്ന ജോലി രാവിലെ ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഗതാഗതം നിയന്ത്രിച്ചതിനെത്തുടര്‍ന്ന് നെട്ടൂര്‍, തേവര, പേട്ട ഭാഗങ്ങളിലേക്ക് വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. പൈപ്പിടുന്ന ജോലികള്‍ പതിനൊന്ന് മണിയോടെ പൂര്‍ത്തിയായി. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെയാണ് മന്ത്രിമാരുടെ വാഹനങ്ങള്‍ ഒന്നിന് പിന്നാലെ ഒന്നായി ബൈപ്പാസ് വഴിവന്നത്.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചേര്‍ത്തലയില്‍നിന്നും തിരിച്ചുവെന്ന് വയര്ലെസ്സില് വിവരം ലഭിച്ചയുടന്‍ കുണ്ടന്നൂര്‍ ജംഗ്ഷനിലെ സിഗ്നലുകള്‍ അണച്ച് പോലീസ് ഗതാഗതനിയന്ത്രണം ഏറ്റെടുത്തു. ഇതോടെ പേട്ട, അരൂര്‍ ഭാഗങ്ങളിലേക്ക് വാഹനങ്ങളുടെ നീണ്ടനിര പ്രത്യക്ഷപ്പെട്ടു. രോഗികളുമായി എത്തിയ ആംബുലന്‍സുകള്‍ വരെ ഗതാഗതക്കുരുക്കിലകപ്പെട്ടു. ഇരുചക്രവാഹന യാത്രികരും മറ്റും പൊരിവെയിലില്‍ ഏറെ ബുദ്ധിമുട്ടി നിരത്തില്‍ ഊഴം കാത്തുകിടന്നു. നിയന്ത്രണം തുടങ്ങി അരമണിക്കൂറിനുശേഷമാണ് മന്ത്രി തിരുവഞ്ചൂര്‍ പനങ്ങാട് സ്റ്റേഷനിലെ ജീപ്പിന്റെ അകമ്പടിയോടെ കുണ്ടന്നൂര്‍ വഴി വൈറ്റിലയിലേക്ക് കടന്നുപോയത്.
പിന്നീട് അല്‍പ്പനേരം സിഗ്നല്‍ലൈറ്റുകള്‍ പ്രവര്‍ത്തിച്ചെങ്കിലും അരമണിക്കൂറിനുശേഷം വീണ്ടും സിഗ്നല്‍ലൈറ്റുകള്‍ അണച്ചു. ഇതോടെ വീണ്ടും കുരുക്ക് മുറുകി. ഈ കുരുക്ക് വൈകിട്ട് മൂന്നുവരെ ബൈപ്പാസിലെ കുണ്ടന്നൂരില്‍ യാത്രക്കാരെ വലച്ചു. വിവിഐപി സന്ദര്‍ശനത്തിന്റെ പേരില്‍ മൂന്നുമാസം മുമ്പ് ഇതേ രീതിയില്‍ കുണ്ടന്നൂര്‍ ജംഗ്ഷനില്‍ സിഗ്നല്‍ ലൈറ്റ് ഇല്ലാതെ ഗതാഗതം നിയന്ത്രിച്ചിരുന്നു. ഇതേത്തുടര്‍ന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. മന്ത്രിമാരും മറ്റും കടന്നുപോകുന്ന സമയങ്ങളില്‍ സിഗ്നല്‍ ഒഴിവാക്കി ഗതാഗതനിയന്ത്രണം പോലീസ് ഏറ്റെടുക്കുന്നത് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശവുമുണ്ടായി.
അത്യാവശ്യഘട്ടത്തില്‍ മാത്രം ഇത്തരത്തില്‍ ഗതാഗതം നിയന്ത്രിച്ചാല്‍ മതിയെന്നായിരുന്നു തീരുമാനം. എന്നാല്‍ ഇതിന് വിരുദ്ധമായി ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പോലീസുകാര്‍ തന്നിഷ്ടം കാട്ടുന്നതായാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: