കൊച്ചി: നഗരത്തില്‍ കൊതുക് ശല്യം അനുദിനം വര്‍ധിച്ച് വരികയും നഗരസഭ ഇതിനെതിരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ കൊതുകുകളെ തുരത്താന്‍ മുന്നിട്ടിറങ്ങുകയാണ് റസിഡന്റ്സ് അസോസിയേഷന് കോ-ഓര്‍ഡിനേഷന്‍ കൗണ്‍സില്‍(റാക്കോ). ഇതിന്റെ ഭാഗമായി അസോസിയേഷന് തലത്തില്‍ ഇന്ന് ഡ്രൈ ഡേ ദിനമായി ആചരിക്കും.
കൊതുകുകളുടെ ആക്രമണം ചെറുക്കാന്‍ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുവാനും കാനകളില്‍ ഉപ്പ് നിക്ഷേപിക്കുവാനുമാണ് തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന ഓപ്പറേഷന് ഹോട്ട് വാട്ടര്‍ പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യം കണ്ടെത്തി നോട്ടീസ് നല്കിയ ഹോട്ടലുകളുടെ പേര് വെളിപ്പെടുത്തണമെന്നും റാക്കോ ജില്ലാ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി നഗരസഭയ്ക്ക് സര്‍ക്കാര്‍ അടിയന്തര സാമ്പത്തിക സഹായം നല്‍കണമെന്ന ആവശ്യവും റാക്കോ മുന്നോട്ട് വച്ചു.
റാക്കോ ജില്ലാ പ്രസിഡന്റ് എസ്.ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സംസ്ഥാന ചെയര്മാന് അഡ്വ.പി.ആര്.പത്മനാഭന് നായര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി കുരുവിള മാത്യൂസ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ജനറല്‍ സെക്രട്ടറി ഏലൂര്‍ ഗോപിനാഥ്, ബെന്നി ജോസഫ്, കെ.എസ്.ദിലീപ് കുമാര്‍, ടി.ആര്.സദാനന്ദഭട്ട്, ടി.വി.പൗലോസ്, ടി.എന്‍.പ്രതാപന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: