കോട്ടയം: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ജാതിയുടെ പേരില്‍ വിലക്ക് ഏര്‍പ്പെടുത്തുകയും അക്കാരണത്താല്‍ കലാകാരനെ വാദ്യവൃത്തിയില്നിന്ന് ഇറക്കിവിടുകയും ചെയ്ത നടപടി അധിക്ഷേപാര്‍ഹവും അപമാനകരവുമാണെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന് പറഞ്ഞു.
ബാബു എന്ന ഇലത്താള വിദഗ്ദ്ധനെ ജനുവരി 5-ന് ഗുരുവായൂര്‍ എഴുന്നെള്ളിപ്പ് മേളത്തില്നിന്നും ജാതീയമായ കാരണങ്ങളാല്‍ വിലക്കിയത് ക്ഷേത്രാചാരത്തിനോ ഹിന്ദു ധര്‍മ്മത്തിനോ ഒട്ടും നിരക്കുന്നതല്ല. ഇതിന്റെ ധാര്‍മ്മിക ഉത്തരവാദിത്തമേറ്റെടുത്ത് ഗുരുവായൂര്‍ ദേവസ്വം മാനേജിംഗ് കമ്മറ്റി രാജിവെക്കണം.
കലാകാരന്റെ പ്രവര്‍ത്തന സ്വാതന്ത്ര്യം ധ്വംസിച്ച ഉദ്യോഗസ്ഥനെ ജോലിയില്‍നിന്നും പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനുഷ്യാവകാശ ധ്വംസനവും പട്ടികജാതി ദ്രോഹവും അയിത്താചരണവുമാകയാല് കുറ്റക്കാര്‍ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മനുഷ്യാവകാശ കമ്മീഷനും ദേശീയ പട്ടികജാതി കമ്മീഷനും ഇക്കാര്യത്തില്‍ ഇടപെട്ട് കലാകാരന്റെ ഭരണഘടനാദത്തമായ സ്വാതന്ത്ര്യം ഉറപ്പാക്കണം.
ഹിന്ദു സമൂഹത്തില്‍ ശൈഥില്യം ഉണ്ടാക്കാനും വിദ്വേഷം ജനിപ്പിച്ച് ഹിന്ദുക്കളെ ഭിന്നിപ്പിക്കാനും ചില ശക്തികള്‍ നടത്തുന്ന ഗൂഢാലോചനയ്ക്കെതിരെ ജാഗ്രത പാലിക്കണം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് അധികൃതര്‍ തയ്യാറാകണം. കഴിവും പ്രാവീണ്യവുമുള്ളവര്‍ക്ക് അര്‍ഹമായ ജോലികള്‍ ചെയ്യുന്നതിന് ജാതി തടസ്സമായിക്കൂടാ. സാമൂഹ്യസമത്വവും സമദര്ശനവുമാണ് ഹിന്ദു സംസ്കാരത്തിന്റെ കാതല്‍. അതിന് കോട്ടമുണ്ടാക്കുന്ന ഒരു നടപടിയും ക്ഷേത്ര അധികൃതരില്‍ നിന്നും ഉണ്ടാവരുതെന്നും കുമ്മനം രാജശേഖരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: