ന്യൂദല്‍ഹി: ദല്‍ഹി നിയമന്ത്രി സോംനാഥ് ഭാരതിയുടെ നിര്‍ദ്ദേശം അവഗണിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ ഓഫീസിന് മുന്നില്‍ ജനങ്ങള്‍ക്കൊപ്പം തിങ്കളാഴ്ച മുതല്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മുന്നറിയിപ്പ്.
പോലീസുകാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് താന്‍ ഷിന്ഡെയെയുമായി കൂടിക്കാഴ്ച നടത്തിയെന്നും കെജ്രിവാള് ഫെയ്സ്ബുക്കിലൂടെ വ്യക്തമാക്കി. പോലീസിനെ ദല്‍ഹി സര്‍ക്കാരിന്റെ കീഴിലാക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ടെന്നും കെജ്രിവാള് വ്യക്തമാക്കി. തന്റെ സമരത്തിനൊപ്പം ചേരാന്‍ ദല്‍ഹി നിവാസികളോട് കെജ്രിവാള് ആഹ്വാനം ചെയ്തിട്ടുണ്ട്.
പോലീസ് തങ്ങളുടെ ഉത്തരവാദിത്വം മനസ്സിലാക്കണം. അതിനാണ് നടപടി ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ നടപടിയായില്ലെങ്കില്‍ ദല്‍ഹിയിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പു വരുത്തിന്നതിനായി തങ്ങള്‍ നടപടികള്‍ സ്വീകരിക്കുമെന്നും ദല്‍ഹി മുഖ്യമന്ത്രി വ്യക്തമാക്കി. ദല്‍ഹിയില്‍ കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ ജനങ്ങള്‍ ചോദ്യമുന്നയിക്കുന്നതു സര്‍ക്കാരിനോടാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തോടല്ലെന്നും കെജ്രിവാള് പറഞ്ഞു.
നിലവില്‍ കേന്ദ്ര ആഭ്യന്ത്ര വകുപ്പിന്റെ കീഴിലാണ് ദല്‍ഹി പോലീസ് പ്രവര്‍ത്തിക്കുന്നത്. ദല്‍ഹിയില്‍ ഒരു കെട്ടിടം റെയ്ഡ് ചെയ്യാന്‍ മന്ത്രി നല്കിയ നിര്‍ദ്ദേശമാണ് പോലീസുകാര്‍ അവഗണിച്ചത്. സ്ത്രീധനം നല്‍കാത്തതിന്റെ പേരില്‍ വധശ്രമത്തിന് ഇരയായ പെണ്‍കുട്ടിയുമായി പൊലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്ന് മഹിളാ സുരക്ഷ മന്ത്രി രാഖി ബിര്‍ളയും ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: