മധുര: ദക്ഷിണ ജില്ലയിലെ എല്ലാ ഡിഎംകെ പാര്‍ട്ടി നേതാക്കളും സ്ഥിരമായി തന്നെ വന്നു കാണണമെന്ന് മുന്‍ കേന്ദ്രമന്ത്രി എംകെ അഴഗിരി അറിയിച്ചു. ഡിഎംകെയിലെ പഞ്ചായത്ത് യൂണിയന്, നഗര സെക്രട്ടറി തുടങ്ങിയ കീഴ്ത്തട്ട് നേതാക്കന്മാര് വരെ ഇതില്‍ ഉള്‍പ്പെടും. താനാണ് നിങ്ങള്‍ക്ക് ഈ പാര്‍ട്ടി പദവികള്‍ എല്ലാം തന്നതെന്നും അതിനാല്‍ താന്‍ പറയുന്നത് എല്ലാവരും അനുസരിക്കണം എന്നും നിര്‍ബന്ധിതമായി ആജ്ഞാസ്വരത്തിലാണ് അഴഗിരി നേതാക്കളോട് പറഞ്ഞത്. നഗര സെക്രട്ടറിമാരോട് അഴഗിരി നേരിട്ടാണ് ഫോണ്‍വിളിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയത്.
അഴഗിരിക്ക് കൂടുതല്‍ സ്വാധീനമുള്ള പ്രദേശമാണ് മധുര. ഡിഎംകെ പാര്‍ട്ടി ഹൈക്കമാന്റ് മധുരാ യൂണിറ്റിലെ അഴഗിരിയുടെ അനുയായികളായ അഞ്ച് പ്രവര്‍ത്തകരെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കിയിരുന്നു. അഴഗിരിയുമായി നടന്ന അനുരഞ്ജന ചര്‍ച്ചക്കൊടുവിലാണ് മധുര ജില്ലയിലെ നഗര ഘടകത്തില്‍ തെരഞ്ഞെടുപ്പ്് നടത്തുന്നതിന് തീരുമാനമായത്. ഇതിനായി ഡിഎംകെ ജി.ദളപതിയുടെ നേതൃത്വത്തിലുള്ള ആറ് പേരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.
ഈ കമ്മിറ്റിയായിരിക്കും തെരഞ്ഞെടുപ്പ് നടത്തുന്നത്. ഡിഎംകെയുടെ ഖജാന്‍ജിയായ എം.കെ സ്റ്റാലിന്റെ വിശ്വസ്തനാണ് ദളപതി. മധുര നഗര ഘടകത്തില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന പാര്‍ട്ടി അംഗങ്ങളില്‍ നിന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കമ്മിറ്റി ക്ഷണിച്ചു.
അഴഗിരിയുടെ സന്ദേശം ലഭിച്ചയുടനെ 2,000ത്തോളം ഡിഎംകെ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏരിയാ സെക്രട്ടറി സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശപത്രിക നല്കാന് ജയ മോഹനോട് അഴഗിരി ചര്‍ച്ചയ്ക്ക് ശേഷം നിര്‍ദ്ദേശിച്ചതായാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
പ്രതിപക്ഷ നേതാവായ വിജയ്കാന്തിന്റെ പാര്‍ട്ടിയോട് ചേര്‍ന്ന് ലോകസഭാ തെരഞ്ഞെടുപ്പിനെ ഡിഎംകെ നേരിടാനുള്ള നീക്കത്തെ അഴഗിരി എതിര്‍ത്തിരുന്നു.
അഴഗിരി സ്വകാര്യ ചാനലുകളിലൂടെ പ്രസ്താവനകള്‍ ഇറക്കിയത് പാര്‍ട്ടിക്കുള്ളില്‍ സ്റ്റാലിന് വിഭാഗവുമായുള്ള ഗ്രൂപ്പ് തര്‍ക്കം മുറുകാന്‍ കാരണമായി. കരുണാനിധി ഇടപെട്ടതോടെയാണ് പ്രശ്നത്തില്‍ അയവുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: