കോട്ടയം: ആധുനിക സാങ്കേതിക വിദ്യ നടപ്പാക്കുന്നതിനായി കെഎസ്ആര്‍ടിസി അടുത്തിടെ വാങ്ങിയ ജിപിആര്‍എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകള്‍ ബാധ്യതയായി മാറുന്നു.
പുതിയ ടിക്കറ്റ് മെഷീനുകള്‍ വിവിധ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടക്ടര്‍മാരും പരാതിപ്പെട്ടു തുടങ്ങി. ഒരു മാസം മുമ്പാണ് തിരുവനന്തപുരം, കൊട്ടാരക്കര, എറണാകുളം, കോട്ടയം തുടങ്ങി ഏഴ് ഡിപ്പോകളില്‍ ജിപിആര്‍എസ് സംവിധാനമുള്ള ടിക്കറ്റ് മെഷീനുകള്‍ എത്തിച്ചത്. കോട്ടയത്ത് എത്തിയ 150 ടിക്കറ്റ് മെഷീനുകളില്‍ 70 എണ്ണവും ഉപയോഗശൂന്യമായി കഴിഞ്ഞു. 9400 രൂപയോളം മുടക്കി ബാംഗ്ലൂരിലെ ഒരു കമ്പനിയില്‍ നിന്നാണ് ടിക്കറ്റ് മെഷീനുകള്‍ വാങ്ങിയത്. ടിക്കറ്റ് മെഷീനുകള്‍ കേടായാല്‍ സര്‍വ്വീസ് ചെയ്യുന്നതിന് ബാംഗ്ലൂരില്‍ എത്തിക്കണം. ഇത് ഏറെ കാലതാമസം വരുത്തുന്നതായി ജീവനക്കാര്‍ പറയുന്നു.
നേരത്തെ കര്‍ണ്ണാടക സര്‍ക്കാര്‍ പരീക്ഷിച്ച് പരാജയപ്പെട്ട കമ്പനിയുടെ ടിക്കറ്റ് മെഷീനുകള്‍ കെഎസ്ആര്‍ടിസി വാങ്ങിക്കൂട്ടിയതില്‍ കമ്മീഷന് ഇടപാടുകള്‍ ഉണ്ടെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്. സ്വകാര്യ ബസ്സുകാര് ഇതിന്റെ മൂന്നിലൊന്ന് തുകയ്ക്ക് വാങ്ങിയ ടിക്കറ്റ് മെഷീനുകള്‍ യാതൊരു കുഴപ്പവുമില്ലാതെ പ്രവര്‍ത്തിക്കുമ്പോഴാണ് കെഎസ്ആര്‍ടിസി വന്‍ തുകയ്ക്ക് വാങ്ങിയ മെഷീനുകള്‍ ആഴ്ചകള്‍ക്കകം പണിമുടക്കിയത്.
ജിപിആര്‍എസ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ബസ് ഏത് സ്ഥലത്തെത്തിയെന്നും എത്രരൂപ കളക്ഷന്‍ ലഭിച്ചിട്ടുണ്ടെന്നും കേന്ദ്ര ഓഫീസില്‍ അറിയാന്‍ കഴിയുമായിരുന്നുവെന്നതാണ് നേട്ടം. നേരത്തെ ഉപയോഗിച്ചിരുന്ന ടിക്കറ്റ് മെഷീനുകളില്‍ ജിപിആര്‍എസ് സംവിധാനമില്ലായിരുന്നു. നാലായിരം രൂപയോളമായിരുന്നു ഇതിന്റെ വില. ഇത് ബഹുഭൂരിപക്ഷവും ഉപയോഗരഹിതമാണ്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മെഷീനുകള്‍ വാങ്ങുന്നതിന് പകരം സ്വകാര്യ കമ്പനികളില്‍ നിന്ന് വാങ്ങിക്കൂട്ടുന്നതിലാണ് അധികൃതര്‍ക്ക് താല്പര്യം.
ഒരു കിലോയോളം ഭാരമുള്ള ആധുനിക ടിക്കറ്റ് മെഷീന് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി കണ്ടക്ടര്‍മാര്‍ പരാതിപ്പെട്ടു തുടങ്ങി. കഴുത്തിലും കയ്യിലും വേദന പതിവായി അനുഭവപ്പെടുന്നതായി കണ്ടക്ടര്‍മാര്‍ പറയുന്നു. ടിക്കറ്റ് മെഷീനില്‍ നിന്നുള്ള റേഡിയേഷന് വളരെ കൂടുതലാണെന്നും പരാതിയുണ്ട്.
പി. ശിവപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: