കൊച്ചി: മഹാരാജാസ് കോളജ് കാമ്പസില്‍ ചില വിദ്യാര്‍ഥികള്‍ കഞ്ചാവ് ഉപയോഗിക്കുകയും വില്‍ക്കുകയും ചെയ്യുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ കാമ്പസില്‍ റെയ്ഡ് നടത്തി. സെന്‍ട്രല്‍ സിഐ ഫ്രാന്‍സിസ് ഷെല്‍ബിയുടെ നേതൃത്വത്തിലുള്ള മുപ്പതോളം പൊലീസുകാരാണ് ക്യാമ്പസില്‍ പരിശോധന നടത്തിയത്. കഴിഞ്ഞ മൂന്ന് ദിവസമായി വൈകിട്ട് ആറിനുശേഷം കാമ്പസില്‍ പരിശോധന നടത്തുന്നുണ്ടെന്ന് സിഐ ഫ്രാന്‍സിസ് ഷെല്‍ബി പറഞ്ഞു. കോളജ് കൗണ്‍സിലുമായി ആലോചിച്ചാണ് ഇത്തരത്തിലൊരു പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്.
തുടര്‍ന്നുള്ള ദിവസങ്ങളിലും വൈകുന്നേരങ്ങളില്‍ കാമ്പസില്‍ പൊലീസ് പട്രോളിംഗുണ്ടാവുമെന്നും സിഐ അറിയിച്ചു. കഴിഞ്ഞദിവസം കഞ്ചാവ് വല്‍പ്പന ചോദ്യംചെയ്ത വിദ്യാര്‍ഥികള്‍ക്ക് കാമ്പസിനുവെളിയില് മര്‍ദ്ദനമേറ്റിരുന്നു. ഇവര്‍ ഇപ്പോള്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. കഞ്ചാവ് വില്പനയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോളജിലേക്കുള്ള പ്രവേശനം കര്‍ശനമാക്കുമെന്ന് പ്രിന്‍സിപ്പാള്‍ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. കോളജ് കൗണ്‍സില്‍ ചേര്‍ന്ന് കഞ്ചാവ് വില്പന തടയുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനമെടുത്തിരുന്നു. ഇതിന്റെ ഭാഗമായി കഞ്ചാവ് വില്പനക്കാര് കോളജിലേക്ക് കൂടുതലായി കടക്കുന്നുണ്ടെന്ന് സംശയിക്കുന്ന ജനറല്‍ ഹോസ്പിറ്റലിന് ഭാഗത്തുനിന്നും കോളജിലേക്കുള്ള ഗേറ്റ് അടച്ചിടുവാന്‍ തീരുമാനമായി.
കഞ്ചാവ് സൂക്ഷിക്കുന്നുണ്ടെന്ന് സംശയിക്കുന്ന ആണ്‍കുട്ടികളുടെ ടോയ്ലറ്റ് കോംപ്ലക്സ് ഇന്നലെ പൊലീസിന്റെയും കോളജ് അധികൃതരുടെയും നേതൃത്വത്തില്‍ ജെസിബി ഉപയോഗിച്ച് പൊളിച്ചുനീക്കി. വളരെ നാളുകളായി ഉപയോഗശൂന്യമായി കിടന്നിരുന്ന ഈ ടോയ്ലറ്റ് കോംപ്ലക്സിലാണ് കഞ്ചാവ് വില്പന ഉള്‍പ്പെടെയുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടന്നിരുന്നതായി ആരോപണമുയര്‍ന്നത്. തിങ്കളാഴ്ചമുതല്‍ ഐഡന്റിറ്റി കാര്‍ഡ് ഉള്ള വിദ്യാര്‍ഥികളെ മാത്രമെ കാമ്പസിനുള്ളിലേക്ക് കടത്തിവിടുകയുള്ളൂവെന്നും കോളജ് അധികൃതര്‍ അറിയിച്ചു. കോളജ് വിദ്യാര്‍ഥികളില്‍ കേസുകളില്‍ പെട്ടിട്ടുള്ളവരുടെ പേരുകളും മറ്റും പൊലീസ് കോളജ് അധികൃതര്‍ക്ക് കൈമാറാനും തുടര്‍ന്ന് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. ക്ലാസുകളില്‍ തുടര്‍ച്ചയായി ഹാജരാകാതിരിക്കുന്നവരുടെ പേരുവിവരങ്ങള്‍ ശേഖരിച്ച് ഇവരുടെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാനും കോളജ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: