സുനന്ദ പുഷ്കര്‍
കേന്ദ്രസഹമന്ത്രി ശശി തരൂരിന് പാക് ചാരസംഘടനയായ ഐഎസ്ഐയുടെ ഏജന്റായ മാധ്യമപ്രവര്‍ത്തകയുമായി വഴിവിട്ട ബന്ധമുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയ ഭാര്യ സുനന്ദ പുഷ്കറാണ് ഈ ആഴ്ചയിലെ വാര്‍ത്തയിലെ സ്ത്രീ. തരൂരില്‍നിന്നു വിവാഹമോചനം തേടാന്‍ ഒരുങ്ങുകയാണെന്ന് ഒരു ദേശീയ ദിനപത്രത്തോട് വെളിപ്പെടുത്തിയ സുനന്ദ പിന്നീട് അക്കാര്യം നിഷേധിച്ചു. ശശി തരൂരും ഭാര്യ സുനന്ദ പുഷ്കറും വേര്‍പിരിയുന്നതായി നേരത്തെ സൂചനയുണ്ടായിരുന്നു. തരൂരുമായി സന്തുഷ്ടമായ കുടുംബജീവിതം തുടരുകയാണെന്നും തെരഞ്ഞെടുപ്പിനു മുമ്പു തരൂരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നും സുനന്ദ ട്വിറ്ററില്‍ പ്രതികരിച്ചിരുന്നു.
മെഹര്‍ തരാര്‍ എന്ന പാക് മാധ്യമപ്രവര്‍ത്തകയുമായി തരൂരിന് അവിഹിത ബന്ധമുണ്ടെന്നാണ് സുനന്ദയുടെ ആരോപണം. ഇരുവരും ഫോണില്‍ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഇതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും സുനന്ദ പറഞ്ഞിരുന്നു. ഐപിഎല്‍ വിവാദത്തിലടക്കം തരൂരിന് വേണ്ടി താന്‍ കുറ്റം ഏറ്റെടുത്തു. ഇനി സഹിക്കാനാകില്ലെന്നും പത്രത്തിന് നല്കിയ അഭിമുഖത്തില്‍ സുനന്ദപുഷ്കര്‍ പറയുന്നു. തന്റെ തകര്‍ച്ചയ്ക്ക് പാക് മാധ്യമപ്രവര്‍ത്തകയാണ് കാരണമെന്നും സുനന്ദ കുറ്റപ്പെടുത്തി.
പാക് മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ സുനന്ദ ട്വിറ്ററില്‍ കുറിച്ചിട്ടുണ്ട്. ഇവര്‍ പാക് ചാര സംഘടനയുടെഏജന്റാണെന്നാണ് സുനന്ദ വിശേഷിപ്പിച്ചിരിക്കുന്നത്. ഐഎസ്ഐ ഏജന്റെന്നു വിളിച്ച സുനന്ദയുടെ മാനസികനില തെറ്റിയിരിക്കുകയാണെന്നാണു മാധ്യമപ്രവര്‍ത്തക മെഹര്‍ തരാര്‍ ട്വിറ്ററില്‍ പ്രതികരിച്ചു. അവര്‍ ഏതു തരത്തിലുള്ള സ്ത്രീയാണെന്ന് തെളിയിക്കുന്നതാണ് പ്രതികരണമെന്നും മെഹര്‍ പറയുന്നു.
തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും അക്കൗണ്ട് തല്‍ക്കാലത്തേക്ക് മരവിപ്പിക്കുകയാണെന്നും ശശിതരൂര്‍ തന്നെ വ്യക്തമാക്കിയതിനെതുടര്ന്നാണ് ആരോപണവുമായി സുനന്ദ രംഗത്തെത്തിയത്. എന്നാല്‍ തനിക്ക് തൂരിനെ അറിയാമെന്നും ബഹുമാനമുണ്ടെന്നുമാണ് മെഹര്‍ തരാര്‍ ട്വിറ്ററില്‍ കുറിച്ചത്. അന്നു തന്നെ സൗഹൃദത്തെക്കുറിച്ചും വഞ്ചനയെക്കുറിച്ചും സുനന്ദ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു. താന്‍ എല്ലാവരേയും സുഹൃത്തുക്കളായാണ് കരുതുന്നതെന്നും പക്ഷെ ആരെങ്കിലും തന്നെ ചതിച്ചാല്‍ പിന്നെ അവര്‍ തന്റെ ജീവിതത്തിന് പുറത്തായിരിക്കുമെന്നും സുനന്ദ മുന്നറിയിപ്പ് നല്‍കിയിരുന്നു. തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന തരൂരിന്റെ പ്രസ്താവനയ്ക്കു ശേഷവും ട്വിറ്റര്‍ സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ സുനന്ദ തയാറായിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: