കൊല്‍ക്കത്ത: പ്രശസ്ത ബംഗാളി നടി സുചിത്ര സെന്‍ (82) അന്തരിച്ചു. ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അവര്‍. ഇന്ന് രാവിലെ 8.25നായിരുന്നു അന്ത്യം.
ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ ശ്വാസതടസ്സത്തെ തുടര്‍ന്ന് മുംബൈയിലെ ബെല്ലെ വു ക്ലിനിക്കില്‍ ഈ മാസം 23നാണ് പ്രവേശിപ്പിച്ചത്. ബംഗ്ലാദേശിലെ പബ്ന ജില്ലയില്‍ സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന കരുണാമോയ് ദാസ് ഗുപ്തയുടെയും ഇന്ദിരാ ദേവിയുടെയും മകളായി 1931 ഏപ്രില്‍ ആറിനായിരുന്നു സുചിത്ര സെന്നിന്റെ ജനനം. പബ്നയില്‍ തന്നെയായിരുന്നു വിദ്യാഭ്യാസം.
1947ല്‍ ബംഗാളി വ്യവസായി ആദിനാഥ് സിംഗിനെ വിവാഹം ചെയ്തു. 82കാരിയായ സുചിത്ര സെന്‍ 50കളിലെ ഇന്ത്യന്‍ സിനിമയുടെ ഭാഗ്യതാരമായിരുന്നു. 1952 ല്‍ ശേഷ് കോത്തായി എന്ന ബംഗാളി സിനിമയിലൂടെയായിരുന്നു സിനിമയിലെ അരങ്ങേറ്റം. രാജ്യാന്തര തലത്തില്‍ മികച്ച നടിക്കുള്ള പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യന്‍ നടിയാണ്. 1963ല്‍ സാഥ് കാക്കെ ബന്ധയിലെ അഭിനയത്തിന് മോസ്കോ ഫിലിം ഫെസ്റ്റിവലിലെ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടതിനാായിരുന്നു അത്.
1955ല്‍ ദേവദാസിയിലെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് നല്കി രാജ്യം ആദരിച്ചു. കൂടാതെ രണ്ടു തവണ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ബംഗാ ബിഭൂഷണ്‍ അവാര്‍ഡും സുചിത്രയ്ക്ക് ലഭിച്ചിട്ടുണ്ട്. 1960 മുതല്‍ 70 വരെ സുചിത്രയുടെ സുവര്‍ണകാലഘട്ടമായിരുന്നു. മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതകഥ പറഞ്ഞ ആന്ധി എന്ന സിനിമയില്‍ സുചിത്രയാണ് ഇന്ദിരയുടെ കഥാപാത്രത്തെ അവതരിപ്പിച്ചത്.
എന്നാല്‍, 1978ല്‍ ഇറങ്ങിയ പ്രണോയ് പാഷ എന്ന സിനിമയുടെ പരാജയത്തോടെ സുമിത്രസെന് വെള്ളിത്തിരയില്‍ നിന്നും അപ്രത്യക്ഷയാകുകയായിരുന്നു. പൊതുസമൂഹത്തിന്റെ കണ്ണില്‍ നിന്നകന്ന് ഏകാന്തവാസം സ്വീകരിക്കുകയായിരുന്നു ശിഷ്ടകാലം. 2005ല്‍ ഫാല്‍ക്കെ അവാര്‍ഡ് നല്‍കിയെങ്കിലും ആളുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ താല്പര്യമില്ലാത്തതിനാല് പുരസ്കാരം നിരസിച്ചു. മുന്‍ അഭിനേത്രി മൂണ്‍ മൂണ്‍ സെന്‍ മകളാണ്. നടിമാരായ റെയ്മാ സെന്‍, റിയ സെന്‍ എന്നിവര്‍ ചെറുമക്കളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: