തിരുവനന്തപുരം : അരുവിപ്പുറം ക്ഷേത്രത്തില്‍ അതിക്രമം നടത്തിയവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട ശിവഗിരി മഠം സന്യാസിമാരെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അപമാനിച്ചു. അറസ്റ്റു ചെയ്യാനൊന്നും സാധിക്കില്ലെന്ന സൂചന നല്കിയ രമേശ് ആവശ്യമെങ്കില്‍ സ്വാമിമാര്‍ക്ക് പോലീസ് സംരക്ഷണം നല്‍കാമെന്ന് അറിയിച്ചു. അവഗണനയില്‍ പ്രതിഷേധിച്ച് ശിവഗിരി മഠം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ ചെന്നിത്തലയുടെ മുറിയില്‍ നിന്നിറങ്ങിപ്പോയി. അരുവിപ്പുറം ക്ഷേത്രത്തില്‍ പോകാന്‍ സാന്യാസിമാര്ക്ക് കേരള പോലീസിന്റെ സംരക്ഷണമൊന്നും വേണ്ടെന്ന് അറിയിക്കുകയും ചെയ്തു.
ശിവഗിരി തീര്‍ത്ഥാടന സമയത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റിന്റെ നേതൃത്വത്തിലാണ് അരുവിപ്പുറം മഠത്തിനെതിരെ ആക്രമണം ഉണ്ടായത്. ആക്രമികളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിച്ചത്. ഗുരുദേവന് 1888 നാളില്‍ പ്രതിഷ്ഠ നടത്തിയ പ്രശസ്തമായ അരുവിപ്പുറം ക്ഷേത്രത്തില്‍ അതിക്രമിച്ചു കയറി ആശ്രമ സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും മഠത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ പരാതികള്‍ നല്‍കിയിട്ടും നാളിതുവരെ ശിക്ഷണ നടപടികള്‍ എടുക്കാതിരുന്നതില്‍ ധര്‍മ്മസംഘം ട്രസ്റ്റ് സന്യാസിമാരുടെ ബോര്‍ഡ് യോഗം അതിയായ ഉത്കണ്ഠ രേഖപ്പെടുത്തി.
ആശ്രമത്തിലെ ബുക്ക് സ്റ്റാള്‍ അടിച്ചുതകര്‍ക്കുകയും ഫര്‍ണിച്ചര്‍, ട്യൂബ് ലൈറ്റുകള്‍ മുതലായവ തല്ലിത്തകര്‍ക്കുകയും, ആയുധവുമായെത്തിയ ചില കശ്മലന്മാര് ക്ഷേത്ര ശാന്തിയെ മര്‍ദ്ദിച്ച് അവശനാക്കുകയും നിത്യപൂജയ്ക്ക് വിഘ്നം വരുത്തുകയും മറ്റും ചെയ്തു. ഇത് ആര്‍ക്കും സഹിക്കാവുന്നിനപ്പുറമുള്ള നീച പ്രവര്‍ത്തിയാണ്.
രണ്ടാഴ്ച കഴിഞ്ഞിട്ടും ഈ അക്രമികള്‍ക്കെതിരെ ശിക്ഷണ നടപടികള്‍ എടുക്കാതിരിക്കുന്നത് കേവലം നീതിനിഷേധവും കുറ്റകരവുമായ അനാസ്ഥയാണെന്ന് ട്രസ്റ്റ് യോഗം കുറ്റപ്പെടുത്തി. ട്രസ്റ്റ് തീരുമാനപ്രകാരമാണ് സന്യാസിമാര്‍ ഇന്നലെ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: