കൊച്ചി: ഫെബ്രുവരി 9 ന് നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയില്‍ ന്യൂനപക്ഷ മോര്‍ച്ച കേരള ഘടകത്തിന്റെ നേതൃത്വത്തില്‍ 20,000 പേരെ പങ്കെടുപ്പിക്കും. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.വി.സാബു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണിക്കാര്യം.
യുവാക്കള്‍ കക്ഷി രാഷ്ട്രീയത്തിന് അതീതമായി മോദിയില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. റാലിയില്‍ പങ്കെടുക്കുന്നതിന് ഒരു രൂപ ഫീസോടുകൂടി മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ബൂത്തുകള്‍ ആരംഭിക്കും.
തിരുവനന്തപുരത്ത് സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനും കൊച്ചിയില്‍ ഈ മാസം 23 ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനും കോഴിക്കോട് 27 ന് ജനറല്‍ സെക്രട്ടറിയും ന്യൂനപക്ഷ മോര്‍ച്ച പ്രഭാരിയുമായ കെ.പി.ശ്രീശനും ഉദ്ഘാടനം ചെയ്യും. ഓണ്‍ലൈന്‍ മുഖേനയും രജിസ്ട്രേഷന് നടത്താന്‍ സൗകര്യമുണ്ട്.
രജിസ്ട്രേഷന് ബൂത്തുകളില്‍ കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളേയും കലാ സാംസ്കാരിക, സാമൂഹ്യ സംഘടനാ നേതാക്കളേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടികളാണ് ന്യൂനപക്ഷ മോര്‍ച്ച വിഭാവനം ചെയ്യുന്നത്. ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന ചിന്ത ഇതോടെ മാറുമെന്നും കെ.വി. സാബു പറഞ്ഞു.
ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാനസമിതി തൃശൂരില്‍ ചേര്‍ന്നാണ് പരസ്യ രജിസ്ട്രേഷന് നടത്തുവാനും 20,000 ന്യൂനപക്ഷ വിഭാഗങ്ങളെ മഹാറാലിയില്‍ പങ്കെടുപ്പിക്കാനും തീരുമാനമെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ ന്യൂനപക്ഷ മോര്‍ച്ച എറണാകുളം ജില്ല പ്രസിഡന്റ് ജേഴ്സണ് എളംകുളം, സംസ്ഥാന കമ്മിറ്റി അംഗം ബിറ്റാജ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: