കോഴിക്കോട്: സംസ്ഥാനത്തുടനീളം ഉയര്‍ന്ന വിമത ശബ്ദങ്ങള്‍ക്ക് മുമ്പില്‍ സിപിഎം നേതൃത്വം ഗതികെട്ട് മുട്ടുമടക്കുന്നു. കാസര്‍കോട് ജില്ലയിലെ ബേഡകത്തും കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിലും ആലപ്പുഴ കഞ്ഞിക്കുഴി അടക്കമുള്ള പ്രദേശങ്ങളില്‍ വിമതപ്രശ്നങ്ങള്‍ തീര്‍ക്കാന്‍ നേതൃത്വം പെടാപാട് പെടുന്ന അവസ്ഥയാണ്. വിമത ശബ്ദമുയര്‍ത്തിയവരെ കഴിഞ്ഞകാലങ്ങളില്‍ അധിക്ഷേപിച്ചും മാനഹാനി വരുത്തിയും അടിച്ചൊതുക്കുകയും വെട്ടിപരിക്കേല്പ്പിച്ചും കൊന്നുമാണ് പാര്‍ട്ടിനേതൃത്വം ഇല്ലാതാക്കിയത്. എന്നാല്‍ വിമത പ്രവര്‍ത്തനം സാര്‍വ്വത്രികമായതിനാല്‍ എങ്ങനെ നേരിടണമെന്നകാര്യത്തില് ഒരു വ്യക്തതയും ഇപ്പോള്‍ ഉണ്ടായിട്ടില്ല.
സമ്മേളനത്തില്‍ ഭൂരിപക്ഷം തോല്‍പ്പിച്ച ആളെ ഏരിയാസെക്രട്ടറി ആക്കിയതാണ് ബേഡകത്തെ പ്രശ്നമെങ്കില്‍ നിരവധി ആരോപണങ്ങള്‍ പ്രവര്‍ത്തകര്‍ ഉന്നയിച്ച ആളെ ഏരിയാസെക്രട്ടറിയാക്കിയതാണ് കൊയിലാണ്ടിയിലെ പ്രശ്നം. മാത്രമല്ല അഴിമതി ആരോപണത്തിന്റെ മുന വേണ്ടത്ര ഏശാതെ വന്നപ്പോള്‍ തെറ്റ് എടുത്ത്പറഞ്ഞിട്ടും പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പേരില്‍ വി.എസ്. പക്ഷപാതിയായ മുന്‍ ഏരിയാസെക്രട്ടറിയെ സസ്പെന്റ് ചെയ്യുകയും ചെയ്തു. കൊയിലാണ്ടിയിലെ പ്രശ്നം മുനിസിപ്പല്‍ ഭരണം തന്നെ ഇല്ലാതാക്കുമെന്ന നിലവരികയും ചെയ്തു.
അണികളെ ബോധവല്‍ക്കരിക്കാന്‍ കൊയിലാണ്ടി നടത്തിയ യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമടക്കമുള്ളവര്ക്ക് പ്രതിഷേധം കനത്തപ്പോള്‍ ഒടുവില്‍ ജീവനുംകൊണ്ട് ഓടേണ്ട സ്ഥിതിയായിരുന്നു.
എടുത്ത നടപടി പിന്‍വലിക്കാനോ അവരുമായി ചര്‍ച്ച നടത്താനോ കഴിഞ്ഞകാലങ്ങളില്‍ ഒരിടത്തും തയ്യാറാകാതിരുന്ന സിപിഎം നേതൃത്വം വിമതപക്ഷത്തിന്റെ ആവശ്യം അംഗീകരിച്ച് കമ്മീഷനെ വെച്ചും എടുത്ത നടപടി ലഘൂകരിക്കാനുമാണ് ഇപ്പോള്‍ തയ്യാറായിരിക്കുന്നത്. പാര്‍ട്ടിക്ക് കേട്സംഭവിച്ചുവെന്നാണ് ഇന്നലെ പത്രസമ്മേളനത്തില്‍ സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടരി ഏറ്റുപറഞ്ഞത്.
ഇതിനിടയില്‍ ആംആദ്മി പാര്‍ട്ടി സമൂഹത്തിലെ ഒരു വിഭാഗത്തില്‍ ജ്വരമായി മാറിയത് സിപിഎമ്മിനെ ഒട്ടൊന്നുമല്ല വേവലാതിയിലാക്കുന്നത്. ഇത്രയും കാലം ഇടത് സഹയാത്രികരെന്ന മേനി നടിച്ചവര്‍ ഓരോരുത്തരായി പ്രസ്തുത പാര്‍ട്ടിയുടെ ചിഹ്നങ്ങളായ തൊപ്പി ധരിക്കാനും ചൂല് കയ്യിലേന്താനും തയ്യാറായിരിക്കുകയാണ്. ഇത്തരക്കാരെ ആകര്‍ഷിക്കാന്‍ ആംആദ്മിക്കാര്‍ കവലകള്‍തോറും മേശയും കസേരയുമിട്ട് മെമ്പര്‍ഷിപ്പ് ചേര്‍ക്കുകയുമാണ്. ആം ആദ്മി പാര്‍ട്ടി നേതാവ് പ്രശാന്ത്ഭൂഷണ് ഇതിന് ആക്കം പകരാനായി കഴിഞ്ഞദിവസം സിപിഎമ്മിലെ പ്രധാന വിമതശബ്ദമായ പ്രതിപക്ഷനേതാവ് അച്യുതാനന്ദനെ സന്ദര്‍ശിച്ച് ആശീര്‍വാദം നേടുകയുണ്ടായി. ഇത്തരമൊരവസ്ഥയില്‍ ശക്തമായ നടപടി വിമതര്‍ക്കെതിരെ എടുക്കുന്നത് ആംആദ്മി പാര്‍ട്ടിയിലേക്കുള്ള ഒഴുക്ക് കൂട്ടുമെന്നും സിപിഎം നേതൃത്വം ഭയപ്പെടുന്നുണ്ട്. പാര്‍ട്ടി കേന്ദ്രനേതൃത്വം തന്നെ പ്രസ്തുതപാര്‍ട്ടിയുടെ നേരെ വ്യക്തമായ നിലപാട് എടുക്കാത്തതും സംസ്ഥാന നേതൃത്വത്തെ കൂടുതല്‍ കുഴപ്പത്തിലാക്കുകയാണ്.
പി.പി. ദിനേശ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: