തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ 56 ദിവസമായി നടന്നുവന്ന മുറജപത്തിന് സമാപനംകുറിച്ചുകൊണ്ട് ഇന്നലെ നടന്ന ലക്ഷദീപത്തിനും ശീവേലിക്കും ആയിരങ്ങള്‍ സാക്ഷിയായി. ആറുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രധാന ചടങ്ങാണ് മുറജപവും ലക്ഷദീപവും. രാത്രി എട്ടുമണിയോടെ ശീവേലി ചടങ്ങുകള്‍ ആരംഭിച്ചു. ശ്രീകോവിലിന് ചുറ്റുമുള്ള അഴിവിളക്കുകള്‍, ആറുവലിയ കമ്പവിളക്കുകള്‍, തൂണുകളിലെ കല്‍വിളക്കുകള്‍, ആല്വിളക്ക്, മണ്‍ചെരാതുകള്‍, തീവെട്ടികള്‍ എന്നിവ ശീവേലിക്കു മുന്‍പുതന്നെ തെളിച്ചു. ക്ഷേത്രജീവനക്കാരും സന്നദ്ധ പ്രവര്‍ത്തകരും അടങ്ങുന്ന സംഘമാണ് വിളക്കുകള്‍ തെളിച്ചത്.
ക്ഷേത്രചടങ്ങുകള്‍ക്ക് തരണനെല്ലൂര്‍ പരമേശ്വരന് നമ്പൂതിരിയും പെരിയനമ്പി മരുതംപാടി നാരായണന് പത്മനാഭനുമാണ് നേതൃത്വം നല്‍കിയത്.
ഗരുഡവാഹനത്തില്‍ ശ്രീപത്മനാഭന്റെയും നരസിംഹമൂര്‍ത്തിയുടെയും തിരുവമ്പാടി ശ്രീകൃഷ്ണന്റെയും വിഗ്രഹങ്ങള്‍ എഴുന്നെള്ളിച്ചു. മൂലംതിരുനാള്‍ രാമവര്‍മ്മയും മറ്റ് രാജകുടുംബാംഗങ്ങളും ക്ഷേത്രഭരണസമിതി ഭാരവാഹികളും ശീവേലിക്ക് അകമ്പടി സേവിച്ചു. മൂന്നുതവണ ശീവേലി ക്ഷേത്രത്തെ വലംവച്ചു. മുറജപം നടത്തിയ വേദ പണ്ഡിതന്മാരും ശീവേലിയെ അനുഗമിച്ചു. ഋക്വേദം, സാമവേദം, യജുര്‍വേദം തുടങ്ങിയ വേദങ്ങളുടെ ഏഴാംമുറ ഇന്നലെ ചൊല്ലിത്തീര്ത്തിരുന്നു. കൂടാതെ സഹസ്രനാമവും സൂക്തജപവും ജപക്കാര്‍ ഇന്നലെ ചൊല്ലി അവസാനിപ്പിച്ചിരുന്നു. 200 ല്‍പരം ജപക്കാരാണ് മുറജപത്തിനായി എത്തിയിരുന്നത്.
മുന്‍കാലങ്ങളിലെ മുറജപത്തില്‍ നിന്ന് വ്യത്യസ്തമായി കേരളീയ സമ്പ്രദായത്തില്‍ നെയ്യില്‍ ദര്ഫതൊട്ട് ജപിക്കുകയായിരുന്നു. 20ന് നടക്കുന്ന പെരുന്തമൃത് പൂജയ്ക്ക് നെയ്യ് ബ്രഹ്മകലശത്തില്‍ നിറച്ച് പത്മനാഭന് അഭിഷേകം നടത്തും. ഇത് പ്രസാദമായി ഭക്തര്‍ക്ക് വിതരണം ചെയ്യും.
ലക്ഷദീപത്തോടനുബന്ധിച്ച് മുഴുവന്‍ കല്ത്തൂണുകളിലും നടകളിലും കുലവാഴകള്കൊണ്ട് കമനീയമായി അലങ്കരിച്ചിരുന്നു. ക്ഷേത്രത്തിനും ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. വനിതാപോലീസുകാരടക്കം 400 പേരെയാണ് ക്ഷേത്രത്തിലും പുറത്തും സുരക്ഷയ്ക്കായി നിയോഗിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: