തിരുവനന്തപുരം: രാത്രി ഡ്യൂട്ടിസമയം പരിഷ്കരിച്ച് ആരോഗ്യവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ സമരം ശക്തമാക്കുന്നു. നാളെ ആരോഗ്യവകുപ്പ് ഡയറക്ടറുടെ ഓഫിസിന് മുന്നില്‍ ഡോക്ടര്‍മാര്‍ അവധിയെടുത്ത് ധര്‍ണ നടത്തും. നാലായിരത്തോളം വരുന്ന ഡോക്ടര്‍മാരില്‍ എണ്ണൂറോളം പേരാണ് പണിമുടക്കില്‍ പങ്കെടുക്കുകയെന്ന് കേരള മെഡിക്കല്‍ ഓഫിസേഴ്സ് അസോസിയേഷന്(കെജിഎംഒഎ) സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.ഇ.പി.മോഹനന് അറിയിച്ചു. നാളെ സ്വകാര്യ പ്രാക്റ്റീസ് നടത്തില്ല. അതേസമയം, ആശുപത്രികളുടെ പ്രവര്‍ത്തനത്തെ ബാധിക്കാത്തവിധമാണു സമരമെന്ന് കെജിഎംഒഎ അറിയിച്ചു. അവധിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരേ സര്‍ക്കാര്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കുകയാണെങ്കില്‍ അനിശ്ചിതകാല പണിമുടക്കു നടത്തും. ഒപി, കാഷ്വാലിറ്റി ബഹിഷ്കരണം പോലുള്ള ജനങ്ങളെ ബുദ്ധിമുട്ടിച്ചുള്ള സമരപരിപാടികള്‍ ഇപ്പോള്‍ നടത്തില്ല. നാളെ ചേരുന്ന സംസ്ഥാന സമിതി യോഗത്തില്‍ തുടര്‍ സമരപരിപാടികളെക്കുറിച്ചു തീരുമാനമെടുക്കുമെന്നും കെജിഎംഒഎ വ്യക്തമാക്കി.
സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു നേരത്തെ സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ രാവിലെ എട്ടുമുതല്‍ ഒമ്പുതുവരെ ഒരുമണിക്കൂര്‍ ഡോക്ടര്‍മാര്‍ ഒപി ബഹിഷ്കരിച്ചിരുന്നു. ഡിഎംഒ വിളിച്ച കോണ്‍ഫറന്‍സിലും ഡോക്ടര്‍മാര്‍ പങ്കെടുത്തിരുന്നില്ല. പ്രശ്നങ്ങള്‍ പരിഹരിക്കാമെന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പുപാലിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സമരം നടത്താന്‍ തീരുമാനിച്ചത്. രാത്രി ഡ്യൂട്ടി പുനഃക്രമീകരിച്ച് ആരോഗ്യവകുപ്പ് പുറത്തിറക്കിയ സര്‍ക്കുലര്‍ പ്രകാരം ഡോക്ടര്‍മാര്‍ ഒരുദിവസം 17 മണിക്കൂര്‍ ഡ്യൂട്ടി ചെയ്യേണ്ട സ്ഥിതിയാണെന്നാണ് അവരുടെ പരാതി. നൈറ്റ് ഡ്യൂട്ടി ചെയ്യുന്നവര്‍ അന്നേദിവസം രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെയും രാത്രി എട്ടുമുതല്‍ പിറ്റേദിവസം രാവിലെ എട്ടുവരെയും ആശുപത്രിയില്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കിയത്. അതേസമയം, ഡോക്ടര്‍മാരുടെ സംഘടന സമരപ്രഖ്യാപനം നടത്തിയിട്ടും ചര്‍ച്ചയ്ക്കുപോലും സംസ്ഥാന സര്‍ക്കാര്‍ തയാറാകാത്തതിനെതിരെ കെജിഎംഒഎ പ്രതിഷേധിച്ചു. സര്‍ക്കാര്‍ നിലപാടു പ്രതിഷേധാര്‍ഹമാണെന്ന് കെജിഎംഒഎ ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: