കല്‍പ്പറ്റ: മൈസൂരിലെ വൃന്ദാവന്‍ മാതൃകയില്‍ വയനാട്ടിലെ കാരാപ്പുഴ പദ്ധതി പ്രദേശത്ത് ടൂറിസം-ജലസേചന വകുപ്പുകളുടെ നേതൃത്വത്തില്‍ പൂന്തോട്ടമൊരുങ്ങുന്നു. ഇതിന്റെ ഭാഗമായുള്ള റോസ്ഗാര്‍ഡനിലെ തൈനടീല്‍ ജനുവരി 14ന് തുടങ്ങും. ജലവിഭവ വകുപ്പ്മന്ത്രി പി.ജെ.ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്യും. നിര്‍ദിഷ്ട ഉദ്യാനത്തില്‍ 12 ഏക്കറാണ് റോസ് ഗാര്‍ഡനായി നീക്കിവെച്ചിരിക്കുന്നത്. ഇവിടെ പൂന്തോട്ടനിര്മാണത്തിനും പരിപാലനത്തിനുമുള്ള സാങ്കേതിക സഹായം ജലസേചന വകുപ്പിന് കേരള കാര്‍ഷിക സര്‍വകലാശാല നല്‍കും. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ സര്‍വകലാശാലയും ജലസേചന വകുപ്പും നേരത്തേ ഒപ്പുവെച്ചിരുന്നു.
ലഭ്യമായ റോസ് ഇനങ്ങള്‍ക്കു പുറമേ തണല്‍മരങ്ങള്‍, അലങ്കാരച്ചെടികള്‍ തുടങ്ങിയവയും കാരാപ്പുഴയില്‍ നട്ടുവളര്‍ത്തും. വെള്ളപ്പൂക്കള്‍ വിരിയുന്ന ചെടികളുടേത് മാത്രമായ മൂണ്‍ ഗാര്ഡന്, പൂമ്പാറ്റകളുടെ ആതിഥേയസസ്യങ്ങള് മാത്രമുള്ള ബട്ടര്‍ഫ്ലൈ ഗാര്ഡന് എന്നിവയും റോസ് ഗാര്‍ഡന്റെ ഭാഗമായിരിക്കും.
ഉദ്യാന പരിപാലനത്തിനു ഒരുവര്‍ഷം 50 ലക്ഷം രൂപയുടെ ചെലവാണ് കണക്കാക്കുന്നത്. ഉദ്യാനത്തിനു പുറമേ സഞ്ചാരികള്‍ക്ക് വിശ്രമകേന്ദ്രം, ഓപ്പണ്‍ എയര്‍ തിയേറ്റര്‍, വിഡിയോ ഹാള്‍, സുഗന്ധവ്യജ്ഞന സ്റ്റാള്‍, നടപ്പാത, പാര്‍ക്കിംങ്ങ് ഏരിയ, ദീപാലങ്കാരം തുടങ്ങിയ പ്രവൃത്തികള്‍ക്കാണ് പ്രഥമ ഘട്ടത്തില്‍ അനുമതി. കാരാപ്പുഴയുടെ മുഖച്ഛായ മാറ്റാനുതകുന്ന പദ്ധതികളാണ് ടൂറിസം വകുപ്പ് കേന്ദ്രത്തിന് സമര്‍പ്പിച്ചത്.
നയനമനോഹരമാണ് കരാപ്പുഴ അണയും പരിസരവും. ഇതര സംസ്ഥാനങ്ങളില്‍നിന്നടക്കം നൂറുകണക്കിനു സഞ്ചാരികളാണ് ദിവസവും ഇവിടെ എത്തുന്നത്. റോസ് ഗാര്ഡന് യാഥാര്‍ഥ്യമാകുന്നതോടെ കാരാപ്പുഴയിലേക്കുള്ള സഞ്ചാരീപ്രവാഹം ഇരട്ടിയാകുമെന്നാണ് ടൂറിസം-ജലസേചന വകുപ്പുകളുടെ നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: